നഗരസഭയിലെ സാമ്പത്തിക ക്രമക്കേട്; അന്വേഷണം ഊർജിതമാക്കി
text_fieldsതൊടുപുഴ: നഗരസഭയിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. നഗരസഭയുടെ അക്കൗണ്ടിൽനിന്ന് 7.31 ലക്ഷം രൂപ സ്വകാര്യവ്യക്തിയുടെ അക്കൗണ്ടിലേക്ക് രേഖകളില്ലാതെ മാറ്റിയ സംഭവത്തിലാണ് അന്വേഷണം സജീവമാക്കിയത്. സംഭവത്തിൽ തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്ത ചിന്നക്കനാൽ സ്വദേശി ശേഖർ രാംജിയെ (36) റിമാൻഡ് ചെയ്തു.
കേസിൽ പ്രതിചേർക്കപ്പെട്ട നഗരസഭയിൽനിന്ന് വിരമിച്ച അക്കൗണ്ടന്റ് പൊലിസ് അന്വേഷണം ഊർജിതമാക്കിയതോടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലാണ്. ഇയാൾ മൂന്നാർ മേഖല കേന്ദ്രീകരിച്ച് ഒളിവിലുള്ളതായും സൂചനയുണ്ട്. അറസ്റ്റ് ഒഴിവാക്കാൻ ഇയാൾ മുൻകൂർ ജാമ്യത്തിനുള്ള ശ്രമവും നടത്തുന്നുണ്ട്. ചെക്കിൽ ഒപ്പിട്ടിരുന്ന അന്നത്തെ സെക്രട്ടറി ഇൻചാർജ് ജോസിനെയും വൈകാതെ പൊലീസ് ചോദ്യം ചെയ്യും. ഇയാളെയും കേസിൽ പ്രതിയാക്കുമെന്ന് തൊടുപുഴ സി.ഐ കെ.പി. മനേഷ് പറഞ്ഞു.
അറസ്റ്റിലായ ശേഖർ രാം 2015 - 20 കാലഘട്ടത്തിൽ ചിന്നക്കനാൽ പഞ്ചായത്തിലെ വേണാട് വാർഡ് അംഗവും 2019 -20 വർഷത്തിൽ വൈസ് പ്രസിഡന്റും ആയിരുന്നു. ക്രമക്കേടുമായി ബന്ധപ്പെട്ട് ചെയർപേഴ്സൻ സാബിറ ജലീൽ നൽകിയ പരാതിയിന്മേലാണ് അന്വേഷണം നടക്കുന്നത്. വിഷയത്തിൽ പൊലീസിന് പുറമേ തദ്ദേശ സ്വയംഭരണ ഇന്റേണൽ വിജിലൻസ് വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. സംഭവം വിവാദമായതോടെ നഗരസഭയിലെ മുഴുവൻ സാമ്പത്തിക ഇടപാടുകളും ഇന്റേണൽ വിജിലൻസ് വിഭാഗം പരിശോധിക്കും. ഇതോടെ കൂടുതൽ ക്രമക്കേടുകൾ പുറത്ത് വരുമെന്നാണ് സൂചന.
അതേസമയം, നഗരസഭ അക്കൗണ്ടിലെ ക്രമക്കേട് ധനകാര്യ കമ്മിറ്റിയുടെ വീഴ്ചയല്ലെന്ന വിശദീകരണവുമായി ധനകാര്യ സ്ഥിരം സമിതി രംഗത്തുവന്നിട്ടുണ്ട്. ധനകാര്യ കമ്മിറ്റി കണ്ടെത്തി കൗൺസിലിന് റിപ്പോർട്ട് ചെയ്ത ഒരു സാമ്പത്തിക ക്രമക്കേട് കമ്മിറ്റിയുടെ വീഴ്ചയായി ചിത്രീകരിക്കുന്നത് നഗരസഭക്ക് ഗുണകരമല്ല. ധനകാര്യ കമ്മിറ്റി തീരുമാനത്തിന്‍റെ തുടർനടപടിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ച് ഒരാളെ കസ്റ്റഡിയിൽ എടുത്തത്. നഗരസഭയുടെ ദൈനംദിന ഭരണം ഫണ്ടുകളുടെ സുരക്ഷിതമായ സൂക്ഷിപ്പ്, ഇടപാടുകളിലെ കൃത്യത എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള ചുമതല ധനകാര്യ കമ്മിറ്റിക്ക് ഇല്ല.
നീണ്ടകാലമായി നഗരസഭയുടെ സുഗമമായ പ്രവർത്തനത്തിന് ഉണ്ടാകേണ്ട സെക്രട്ടറി ഉൾപ്പെടെ നിരവധി വകുപ്പു മേധാവികളുടെ അഭാവമാണ് ഇത്തരം ക്രമക്കേടുകൾക്ക് അവസരമൊരുക്കുന്നത്. ക്ലീൻ കേരള മിഷൻ ഗ്രാന്‍റ് എന്ന അക്കൗണ്ടിൽനിന്ന് അനധികൃതമായി തുക കൈമാറിയ വിഷയത്തിൽ അന്വേഷണ പുരോഗതിയും കമ്മിറ്റി വിലയിരുത്തി. വൈസ് ചെയർമാൻ കെ. ദീപക്, കമ്മിറ്റി അംഗങ്ങളായ ആർ. ഹരി, രേണുക രാജശേഖരൻ, ആർ. അജി, ബഷീർ ഇബ്രാഹിം, മിനി ടോമി എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

