നഗരസഭ കൗൺസിൽ യോഗം; നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി
text_fieldsതൊടുപുഴ: തൊടുപുഴ നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്ത് നഗരസഭ കൗൺസിൽ യോഗം. നഗരത്തിൽ മുമ്പെങ്ങുമില്ലാത്ത വിധം വെള്ളക്കെട്ടുണ്ടായത് അനധികൃത കൈയേറ്റം മൂലമാണെന്നും ഇത് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും കൗൺസിലർ കെ.കെ. ഷിംനാസ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിഷയം കൗൺസിലിൽ ചർച്ചയായത്.
പലയിടത്തും ഓടകൾ ശുചീകരിക്കാൻ സ്ലാബുകൾ നീക്കം ചെയ്യാൻ വ്യാപാരികളടക്കം തയാറാകാത്തതാണ് കടകളിലടക്കം വെള്ളം കയറുന്നതിന് കാരണമെന്ന് യു.ഡി.എഫ് കൗൺസിലർ കെ.എം. നിഷാദ് വിമർശനമുന്നയിച്ചു. പല തവണ നടപടികളെക്കുറിച്ച് പറയുന്നതല്ലാതെ വെള്ളക്കെട്ട് ഒഴിവാകാൻ ശാശ്വത നടപടികൾ ഉണ്ടാകുന്നില്ലെന്ന് ചില കൗൺസിലർമാരും വിമർശനവുമായി രംഗത്തെത്തി.
തുടർന്ന് വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളിലെ കടകളടക്കം പരിശോധിച്ച് വ്യാപാരികൾക്ക് നോട്ടീസ് നൽകുമെന്നും ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും ചെയർപേഴ്സൻ സാബിറ ജലീൽ അറിയിച്ചു. നഗരസഭ ശുചീകരണപ്രവൃത്തികൾ കൃത്യമായി ഇത്തവണ നടത്തിയതെന്നും സമീപകാലത്തുണ്ടായിട്ടില്ലാത്തവിധം മഴ പെയ്തതാണ് വെള്ളക്കെട്ട് ഉണ്ടാകാൻ കാരണമെന്നും വൈസ് ചെയർമാൻ കെ. ദീപക് കൗൺസിലിൽ വ്യക്തമാക്കി. ഓട ശുചീകരിച്ചതിനാലാണ് മഴ വെള്ളം പെട്ടെന്ന് ഇറങ്ങിപ്പോയത്. വെള്ളക്കെട്ട് ഒഴിവാക്കാൻ ശാശ്വത നടപടി സ്വീകരിക്കുമെന്നും വൈസ് ചെയർമാൻ പറഞ്ഞു.
ഇതുകൂടാതെ പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് മൈതാനം ഫർണിച്ചർ മേളക്ക് നൽകുന്ന വിഷയവും ചർച്ചക്കെടുത്തു. പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഫർണിച്ചർ മേളക്ക് നൽകാനുള്ള അപേക്ഷ കൗൺസിൽ വോട്ടിനിട്ട് തള്ളി. രണ്ട് സ്വതന്ത്രരും ഒരു യു.ഡി.എഫ് കൗൺസിലറും മാത്രമാണ് അനുകൂലിച്ചത്.
ആർ. ഹരി, അനസ് എന്നീ സ്വതന്ത്രരും മുസ്ലിം ലീഗിലെ നിഷാദുമാണ് അനുകൂലിച്ചത്. ചെയർപേഴ്സൻ സാബിറ ജലീലും കൗൺസിലർ ജെസി ആന്റണിയും വിട്ടുനിന്നു. ബാക്കിയുള്ള മുഴുവൻ കൗൺസിലർമാരും തീരുമാനത്തെ എതിർത്തു.നഗരസഭക്ക് കൃത്യമായി നികുതി നൽകുന്ന തൊടുപുഴയിലെ വ്യാപാരികളെ സംരക്ഷിക്കണമെന്ന ഏക അഭിപ്രായമാണ് മുന്നണി വ്യത്യാസമില്ലാതെ പിന്തുണച്ച ഭൂരിപക്ഷം കൗൺസിലർമാരുടെയും നിലപാട്. വഴിവിളക്കുകളെ ചൊല്ലിയും കൗൺസിലിൽ വാഗ്വാദം നടന്നു. വാർഡിൽ പലയിടത്തും വഴിവിളക്കുകൾ അറ്റകുറ്റപ്പണി നടത്താത്തത് വീഴ്ചയാണെന്ന് കൗൺസിലർമാർ ചൂണ്ടിക്കാട്ടി. തുടർന്ന് നഗരത്തിലെ വഴിവിളക്കുകൾ കൃത്യമായി പരിപാലിക്കാത്ത കരാറുകാരന് നോട്ടീസ് നൽകി നിയമനടപടികൾ സ്വീകരിക്കാനും കൗൺസിൽ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

