മുള്ളരിങ്ങാട്: പട്ടയഭൂമിയിലെ മരംമുറിക്ക് വനം വകുപ്പ് വിലക്ക്
text_fieldsമുള്ളരിങ്ങാട്: മുള്ളരിങ്ങാട് മേഖലയിൽ പട്ടയഭൂമിയിലെ മരംമുറിക്കാന്‍ തടസ്സവുമായി വനം വകുപ്പ്. മുള്ളരിങ്ങാട് പ്രദേശത്തെ ആദിവാസികള്‍ ഉള്‍പ്പെടെ കുടുംബങ്ങള്‍ക്ക് ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി വ്യാപക പരാതി.
വെള്ളക്കയം സെറ്റിൽമെന്റ് കോളനിയിലാണ് കൂടുതൽ പ്രതിസന്ധി. ഇവിടെ ആദിവാസി കുടുംബങ്ങൾക്ക് പട്ടയം നൽകിയത് 2018 ലാണ്. അതിന് മുമ്പ് കൈവശരേഖയായിരുന്നു നൽകിയിരുന്നത്. കൃഷിയിടങ്ങളിൽ നിന്നിരുന്ന വന വൃക്ഷങ്ങൾ വെട്ടി നീക്കിയതിന് ശേഷമാണ് പട്ടയം നൽകിയത്. പിന്നീട് സ്വന്തമായി നട്ട് പരിപാലിച്ച മാവും പ്ലാവും ആഞ്ഞിലിയും വെട്ടാൻ വനപാലകർ അനുവദിക്കുന്നില്ലെന്നാണ് പരാതി. മരം മുറിക്കുന്നവരുടെ പേരില്‍ വനംവകുപ്പ് കേസ് എടുക്കുന്നതായും പരാതിയുണ്ട്.
വനംവകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് മുള്ളരിങ്ങാട് നിന്ന് മരംവാങ്ങാന് കച്ചവടക്കാര്‍ തയാറാകുന്നില്ല. ഇതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായി. വന്യമൃഗ ശല്യം മൂലം കൃഷി ഇറക്കാൻ കഴിയാതെ വലയുമ്പോൾ ഭൂമിയിൽ നിൽക്കുന്ന മരം മുറിച്ചു വിറ്റ് അത്യാവശ്യ കാര്യങ്ങൾ നടത്താൻ പോലും ഇവർക്ക് കഴിയുന്നില്ല.
പട്ടയം ഉണ്ടായിട്ടും എന്ത് പ്രയോജനം എന്നാണിപ്പോൾ ഇവർ ചോദിക്കുന്നത്. വനം വകുപ്പ് ഇറക്കിയ കൈപ്പുസ്തകത്തിൽ അനുമതി കൂടാതെ മുറിക്കാവുന്ന 26വൃക്ഷങ്ങൾ ഉണ്ട്. ഈ പട്ടികയിൽ പെട്ട മരങ്ങളാണ് വനം വകുപ്പ് മുറിക്കാൻ സമ്മതിക്കാത്തത്.
പട്ടയത്തിലെ നിബന്ധന
മുള്ളരിങ്ങാട് മേഖലയിലേത് 1993(3 ) വിഭഗത്തില്പെട്ട പട്ടയമാണ്. ഇവയിൽ നിലവിൽ നിൽക്കുന്നതും വളർന്ന് വരുന്നതു മായ മരങ്ങൾ സംരക്ഷിക്കണം എന്ന നിബന്ധനയുണ്ടെന്ന് വനം വകുപ്പ് പറയുന്നു. ഇത്തരം പട്ടയങ്ങളില്‍ നില്ക്കുന്ന പ്ലാവ്, നിശ്ചിതവലിപ്പത്തില്‍ താഴെയുള്ള ആഞ്ഞിലി ഉള്‍പ്പെടെ മുറിക്കുന്നതിന് തടസമില്ല.
മക്കളുടെ വിവാഹം, വിദ്യാഭ്യസം, വീടുപണി, ചികില്‍സ ഉള്‍പ്പെടെ കാര്യങ്ങൾക്ക് മരം മുറിച്ച് വില്ക്കാന്കഴിയാതെ വിഷമക്കുകയാണ് ഇവർ. ഈ കാര്യത്തിൽ സർക്കാർ ഇടപെടണം എന്നാവശ്യപ്പെട്ട് മുള്ളരിങ്ങാട് ഊരുകൂട്ടം യോഗം ചേർന്നു. പ്രസിഡന്റ് പി.എ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഊരു മൂപ്പൻ വി. ആർ. പരമേശ്വരൻ, രതീഷ് ഗോപിനാഥൻ, പി.കെ. ശിവൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

