മുല്ലപ്പെരിയാർ ബോട്ടുകൾ കാട്ടിനുള്ളിൽ പ്രദർശനത്തിനുവെച്ച് തമിഴ്നാട്
text_fieldsതേക്കടി ചെക്ക് പോസ്റ്റിനു സമീപം കാട്ടിനുള്ളിൽ പ്രദർശനത്തിന് വെച്ച തമിഴ്നാട് ബോട്ടുകൾ
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് തമിഴ്നാട് ഉദ്യോഗസ്ഥർ യാത്ര ചെയ്തിരുന്ന ബോട്ടുകൾ വനമേഖലയിൽ പ്രദർശനത്തിന് വെച്ച് തമിഴ്നാട് അധികൃതർ. തേക്കടിയിലെ വനപാലകരുടെ അനുമതിയോടെയാണ് ബോട്ടുകൾ കാട്ടിനുള്ളിൽ പ്രദർശനത്തിന് വെച്ചത്. തേക്കടി തടാകത്തിൽ 1984ൽ ഇറക്കിയ ജലരത്ന, 1986ൽ ഇറക്കിയ കണ്ണകി ബോട്ടുകൾ കാലപ്പഴക്കത്തെ തുടർന്നാണ് തടാകത്തിൽനിന്നും നീക്കം ചെയ്തത്. നീക്കം ചെയ്ത ബോട്ടുകൾക്ക് പകരം കൂടുതൽ യാത്രാ സൗകര്യങ്ങളുള്ള തമിഴ് അണ്ണൈ, കണ്ണകി എന്നീ പേരുകളിൽ മറ്റ് രണ്ട് ബോട്ടുകൾ തടാകത്തിലിറക്കുകയും ചെയ്തു.
പഴക്കം ചെന്ന ബോട്ടുകൾ സാധാരണയായി തടാകക്കരയിൽ സൂക്ഷിച്ച ശേഷം പിന്നീട് പൊളിച്ചുമാറ്റുകയാണ് പതിവ്. എന്നാൽ, തമിഴ്നാടിന്റെ രണ്ട് ബോട്ടുകളും തേക്കടിയിലെ തമിഴ്നാടിന്റെ ഓഫിസിനു സമീപം പ്രദർശനത്തിന് വെക്കാൻ വനപാലകർ നൽകിയ അനുമതിയാണ് വിവാദമാകുന്നത്. മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച് തർക്കങ്ങൾ നിലനിൽക്കേ, പാട്ടഭൂമിയിൽ ബോട്ടുകളുടെ പ്രദർശനത്തിന് വെക്കുക വഴി തേക്കടിയിലെ വനപാലകർ പുതിയ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്.
തേക്കടിയിലെ തമിഴ്നാട് ഓഫിസിനോട് ചേർന്ന് ഇൻസ്പെക്ഷൻ ബംഗ്ലാവുണ്ട്. ഇവിടെ മിക്കപ്പോഴും തമിഴ്നാട്ടിൽനിന്നുള്ള വിനോദസഞ്ചാരികളാണ് ഉദ്യോഗസ്ഥർ എന്ന പേരിൽ താമസിക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ട് തമിഴ്നാട്ടിൽ വൈകാരിക വിഷയമായതിനാൽ, അണക്കെട്ടിലേക്ക് 40 വർഷം യാത്ര ചെയ്ത ബോട്ടുകൾ തമിഴ്നാട്ടിൽനിന്നും തേക്കടിയിലെത്തുന്നവർക്ക് കാഴ്ചവസ്തുവാണ്. ഇത് തിരിച്ചറിഞ്ഞാണ് തമിഴ്നാട് അധികൃതർ ബോട്ടുകൾ ഓഫിസിനു സമീപം ഉറപ്പിച്ചത്. ആനയുൾപ്പടെ ജീവികൾ കടന്നുപോകുന്ന വഴിയിലാണ് നിലവിൽ ബോട്ടുകൾ വെച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

