Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമൂലമറ്റം പവർഹൗസ്​...

മൂലമറ്റം പവർഹൗസ്​ അറ്റകുറ്റപ്പണി; മലങ്കര ഡാം കാലിയാകും, കുടിവെള്ളവിതരണം മുടങ്ങും

text_fields
bookmark_border
മൂലമറ്റം പവർഹൗസ്​ അറ്റകുറ്റപ്പണി; മലങ്കര ഡാം കാലിയാകും, കുടിവെള്ളവിതരണം മുടങ്ങും
cancel

മുട്ടം: മൂലമറ്റം വൈദ്യുതി നിലയത്തിന്‍റെ അറ്റകുറ്റപ്പണിക്കായി പവർ ഹൗസ് അടക്കുന്നതോടെ 10 ദിവസംകൊണ്ട് മലങ്കര ഡാം കാലിയാകുമെന്ന് വിലയിരുത്തൽ. നിലവിൽ ഡാമിന്റെ പരമാവധി സംഭരണശേഷിയോട് അടുത്ത് ജലനിരപ്പുണ്ട്. തിങ്കളാഴ്ച വൈകീട്ടത്തെ കണക്കുപ്രകാരം 41.88 മീറ്ററാണ് ജലനിരപ്പ്. അതായത് 37 മില്യൺ ക്യുബിക് മീറ്റർ. ഡാമിൽ ഇത്രയും ജലം ഉണ്ടെങ്കിലും ചളിയും മണ്ണും അടിഞ്ഞതിനാൽ സംഭരണശേഷി കുറഞ്ഞിട്ടുണ്ട്. അതിനാൽ 15.5 മില്യൺ ക്യുബിക് മീറ്റർ ജലം മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളൂ. പരമാവധി സംഭരണശേഷി 42 മീറ്ററാണ്. ചൊവ്വാഴ്ച മുതൽ മലങ്കര ഡാമിൽനിന്ന് പ്രതിദിനം ഒരു മില്യൺ ക്യുബിക് മീറ്റർ ജലം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം. ഇത്തരത്തിൽ ജലം പുറത്തേക്ക് ഒഴുകുകയും സാധാരണ നിലയിൽ മാത്രം മഴ ലഭിക്കുകയും ചെയ്താൽ 10 ദിവസംകൊണ്ട് മലങ്കര ഡാം കാലിയാകും. ഇതോടെ മലങ്കര ഡാമിനെയും തൊടുപുഴ ജലാശയത്തെയും ആശ്രയിക്കുന്നവർ കുടിവെള്ള ക്ഷാമം നേരിടും.

ഇടുക്കി അണക്കെട്ടിൽനിന്ന് മൂലമറ്റം വൈദ്യുതി നിലയത്തിലേക്ക് ജലം എത്തുന്ന വാൽവിൽ ചോർച്ച പരിഹരിക്കുന്നതിനായിട്ടാണ് ചൊവ്വാഴ്ച മുതൽ ഡിസംബർ 10വരെ നിലയം അടക്കുന്നത്. ഇതോടെ ഇടുക്കി അണക്കെട്ടിൽനിന്ന് മലങ്കര ഡാമിലേക്ക് എത്തുന്ന വെള്ളം ഒഴുക്ക് പൂർണമായും നിലക്കും. ഇതോടെ മലങ്കര ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് ജലനിരപ്പ് താഴും. ഇത് കിണറുകളിലെയും കുളങ്ങളിലെയും ജലനിരപ്പ് കുറയാൻ ഇടയാകും. മുട്ടം, കുടയത്തൂർ, വെള്ളിയാമറ്റം, അറക്കുളം,കരിങ്കുന്നം, ആലക്കോട്, ഇടവെട്ടി പഞ്ചായത്തുകളും തൊടുപുഴ മുനിസിപ്പാലിറ്റിയും മലങ്കര ജലാശയത്തിലെ വെള്ളത്തെയാണ് ആശ്രയിക്കുന്നത്.

മലങ്കര അണക്കെട്ടിനെ ജലസമ്പുഷ്ടമാക്കുന്നതിൽ 80 ശതമാനവും മൂലമറ്റം നിലയത്തിലെ ജലമാണ്. കൂടാതെ വെള്ളിയാമറ്റത്ത് നിന്നുവരുന്ന വടക്കനാർ, മൂലമറ്റത്തെ വലിയാർ, നച്ചാർ തുടങ്ങിയ തോടുകളിലെ ജലവുമുണ്ട്. ജലനിരപ്പ് താഴുമ്പോൾ ജലാശയങ്ങളിലും തീരങ്ങളിലും സ്ഥാപിച്ചിരിക്കുന്ന മോട്ടോറുകൾ മിക്കതും കരയിലാവും. ചെറുമോട്ടറുകൾ ജലാശയത്തിലേക്ക് ഇറക്കി വെക്കാൻ കഴിയുമെങ്കിലും വലിയ പദ്ധതികളുടെ മോട്ടോറുകൾക്ക് ഇതിന് കഴിയില്ല. കൂടാതെ ചളികയറി അടഞ്ഞ് മോട്ടറുകൾ തകരാറിലാക്കാനും സാധ്യതയുണ്ട്. ഇക്കാര്യങ്ങളിൽ മുൻകരുതൽ എടുക്കാൻ ജില്ല ഭരണകൂടവും ത്രിതല പഞ്ചായത്തുകളും തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

മൂലമറ്റം ഭൂഗർഭ വൈദ്യുതി നിലയത്തിലെ അഞ്ച്, ആറ് നമ്പർ നമ്പർ ജനറേറ്ററുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനായി മുഴുവൻ ജനറേറ്ററുകളുടെയും പ്രവർത്തനം ചൊവ്വാഴ്ച മുതൽ ഡിസംബർ 10വരെ നിർത്തിവെക്കും. ചൊവ്വാഴ്ച പുലർച്ച മൂന്നിന് ജനറേറ്ററുകൾ പ്രവർത്തനം നിർത്തും. തുടർന്ന് ടെയിൽ റേസ് കനാലിലേക്കുള്ള വെള്ളത്തിന്റെ പുറന്തള്ളൽ അളവ് കുറയും. പെൻസ്റ്റോക് ഡ്രെയിനിങ് പ്രക്രിയ നടക്കുന്നതിനാൽ, ടെയിൽ റേസ് കനാലിൽനിന്നുള്ള വെള്ളത്തിന്റെ നില ഏതുസമയത്തും ഉയരാനുള്ള സാധ്യതയുണ്ട്. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മൂലമറ്റം ജനറേഷൻ വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു.

മീൻ പിടിത്തക്കാർക്ക് ചാകരക്കാലം

മൂലമറ്റം: വൈദ്യുതി നിലയത്തിന്റെ പ്രവത്തനം ചൊവ്വാഴ്ച പുലർച്ച മുതൽ നിർത്തുന്നതോടെ മീൻ പിടിത്തക്കാർക്ക് ഇനി ചാകരക്കാലം. ചൊവ്വാഴ്ച പുലർച്ച മൂന്നിന് നിലയത്തിന്റെ പ്രവർത്തനം നിർത്തുമെങ്കിലും പെൻസ്റ്റോക്ക് പൈപ്പിൽ അവശേഷിക്കുന്ന ജലം പൂർണമായും ഒഴുക്കി കളയാൻ ഒരു ദിവസമെങ്കിലും വേണ്ടി വരും.

ജലം ഒഴുക്ക് പൂർണമായും നിലച്ചാൽ ത്രിവേണി സംഗമം മുതൽ താഴോട്ട് ജലനിരപ്പ് കുറയും. ആദ്യഘട്ടങ്ങളിൽ വല ഉപയോഗിച്ചും പിന്നീട് കൈക്കുംവരെ മീൻ പിടിക്കാൻ കഴിയും. കഴിഞ്ഞ കാലങ്ങളിൽ ചാക്കുകളിലും വലിയ കൊട്ടകളിലുംവരെ മീൻ കൊണ്ടുപോയവരുണ്ട്.

അറ്റകുറ്റപ്പണി; മൂലമറ്റം വൈദ്യുതിനിലയം അടച്ചു

മൂലമറ്റം: മൂലമറ്റം ഭൂഗര്‍‍ഭ വൈദ്യുതി നിലയത്തിലെ 5, 6 ജനറേറ്ററുകളുടെ അറ്റകുറ്റപ്പണികൾക്കായി നിലയം അടച്ചു. ചൊവ്വാഴ്ച പുലർച്ച മൂന്നോടെ നാടുകാണിയിൽ കൺട്രോൾ ഷാഫ്റ്റ് ഗേറ്റ് ഷട്ടർ അടച്ചാണ് പ്രവൃത്തികൾക്ക് തുടക്കമാവുക. മെയിൻ ഇൻലെറ്റ് വാൽവുകളുടെ അറ്റകുറ്റപ്പണികൾ യഥാസമയം നടത്താതിരിക്കുന്നത് ഇടുക്കി ഭൂഗർഭ നിലയത്തിന്റെ സുരക്ഷയെത്തന്നെ ബാധിക്കുമെന്നതിനാലാണ് തിടുക്കത്തിൽ പ്രവൃത്തികൾ നടത്തുന്നത്.

4,5,6 നമ്പര്‍ ജനറേറ്ററുകളിലേക്ക് ജലമെത്തിക്കുന്ന ബട്ടർഫ്ലൈ വാൽവിൽ ചോർച്ചയുള്ളതിനാൽ യൂനിറ്റ് 5, 6ലെ തകരാറിലായ അപ്പ്സ്ട്രീം സീലുകൾ അറ്റകുറ്റപ്പണി ചെയ്യുന്നതിനായി വാൽവ് മാത്രം പ്രവർത്തിപ്പിക്കുന്നത് മതിയാകാതെവരും. അതിനാൽ അറ്റകുറ്റപ്പണികൾക്കായി ഇൻടേക്ക് ഷട്ടർ താഴ്ത്തുകയും പവർ ടണൽ പൂർണമായി ഡ്രെയിൻ ചെയ്യുകയും വേണം.

ജലം പൂർണമായും ഒഴുക്കിക്കളഞ്ഞ ശേഷമാണ് അറ്റകുറ്റപ്പണികൾ ആരംഭിക്കുക. പുലർച്ച മൂന്നിന് ഷട്ടർ അടച്ചാലും മൂന്ന് കി.മീ. ദൂരമുള്ള ടണലിൽനിന്ന് ജലം ഒഴുകിത്തീരാൻ കുറഞ്ഞത് ആറുമണിക്കൂറെങ്കിലും വേണ്ടിവരും. ചൊവ്വാഴ്ച വൈകീട്ട് മുതൽ അറ്റകുറ്റപ്പണി ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ. ഒരുമാസത്തേക്കാണ് അറ്റകുറ്റപ്പണി ഷെഡ്യൂൾ ചെയ്തിരിക്കുന്നതെങ്കിലും പരമാവധി വേഗത്തിൽ തീർക്കാനാണ് ശ്രമം. ഇതിനായി കൂടുതൽ ജീവനക്കാരെ വിളിച്ചുവരുത്തിയിട്ടുണ്ട്.

വടക്കുകിഴക്കൻ മൺസൂൺ ആരംഭവും മുല്ലപ്പെരിയാർ ജലാശയത്തിൽ ഉണ്ടായേക്കാവുന്ന സ്പിൽ ഭീഷണിയും പരിഗണിച്ച് ഇടുക്കി ജലാശയത്തിന്റെ റൂൾകർവ് ലംഘനത്തിന്റെ സാധ്യത പൂർണമായി ഒഴിവാക്കുന്നതിനാണ് ഷട്ട്ഡൗൺ നീട്ടിവെച്ചത്. ഡിസംബർ മുതൽ മൂവാറ്റുപുഴ നദീതടത്തിലെ കുടിവെള്ളവും ജലസേചന ആവശ്യങ്ങളും പരിഗണിക്കേണ്ടതിനാൽ ഷട്ട്ഡൗൺ കൂടുതൽ നീട്ടാൻ സാധ്യവുമല്ല.

മൺസൂൺ മാസങ്ങളിൽ ഇടുക്കി പവർഹൗസ് പരമാവധി പ്രവർത്തിപ്പിക്കുകയും ഉൽപാദിപ്പിച്ച വൈദ്യുതി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് നൽകുകയും ചെയ്തിരുന്നു. നവംബർ, ഡിസംബർ മാസങ്ങളിൽ നേരത്തേ കൈമാറിയ വൈദ്യുതി തിരികെ ലഭ്യമാക്കാനുള്ള നടപടികള്‍‍ പൂര്‍‍ത്തീകരിക്കാനും കഴിഞ്ഞിട്ടുണ്ട്. ഇതിലൂടെ അധികസാമ്പത്തിക ബാധ്യതയില്ലാതെ ഷട്ട്ഡൗൺ കാലത്തെ വൈദ്യുതി ലഭ്യത ഉറപ്പാക്കാനും കഴിയും.

നിലയത്തിലെ വാൽവുകൾ രണ്ടുതരം

1976, 1986 വർഷങ്ങളിൽ രണ്ടുഘട്ടങ്ങളിലായി പ്രവർത്തനം ആരംഭിച്ച ഇടുക്കി ജലവൈദ്യുതി പദ്ധതിയില്‍ 130 മെഗാവാട്ട് ശേഷിയുള്ള ആറ് ജനറേറ്ററുകളാണുള്ളത്. പെൻസ്റ്റോക്കിലൂടെ ടർബൈനിലേക്ക് പ്രവേശിക്കുന്ന വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിനായി പവർഹൗസിൽ മെയിൻ ഇൻലെറ്റ് വാൽവുകൾ (എം.ഐ.വി) സ്ഥാപിച്ചിട്ടുണ്ട്. ഇടുക്കി പവർഹൗസിൽ 1600 എം.എം വ്യാസമുള്ള സ്ഫെറിക്കൽ വാൽവുകളാണ് മെയിൻ ഇൻലെറ്റ് വാൽവുകളായി ഉപയോഗിച്ചിട്ടുള്ളത്.

ഈ വാൽവുകളിൽ രണ്ടുതരത്തിലുള്ള സീലുകളാണുള്ളത്. സർവിസ് ഡൗൺസ്ട്രീം സീലും മെയിന്റനൻസ് അപ്സ്ട്രീം സീലും. മെഷീൻ ഓഫ് ചെയ്താൽ, ഡൗൺസ്ട്രീം സീൽ സ്വയമേവ പ്രവർത്തിച്ച് ടർബൈനിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് തടയും. ഡൗൺസ്ട്രീം ഭാഗത്ത് അറ്റകുറ്റപ്പണികൾ നടത്തേണ്ട സാഹചര്യങ്ങളിൽ, സുരക്ഷ ഉറപ്പാക്കുന്നതിനായി അപ്പ്സ്ട്രീം സീൽ പ്രവർത്തിപ്പിക്കേണ്ടതുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsmalankara damIdukki NewsMoolamattom powerhouseLatest News
News Summary - Moolamattom Powerhouse maintenance; Malankara Dam will be emptied, drinking water supply will be disrupted
Next Story