മൂലമറ്റം വൈദ്യുതി നിലയം; ബട്ടർഫ്ലൈ വാൽവിന് 1986 മുതൽ തകരാർ അപാകത
text_fieldsമൂലമറ്റം നിലയത്തിൽ നടക്കുന്ന അറ്റകുറ്റപ്പണി
മൂലമറ്റം: ഭൂമിക്കടിയിലെ മനുഷ്യ നിർമിത അത്ഭുതമാണ് മൂലമറ്റം വൈദ്യുതി നിലയം. കേരളത്തിലെ ആദ്യത്തെതും രാജ്യത്തെ ഏറ്റവും വലുതുമായ വൈദ്യുതി നിലയമാണ് ഇത്. 1976 ഫെബ്രുവരി 12നാണ് നിലയം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്തത്. ഒന്നാം ഘട്ടമായി 130 മെഗാവാട്ട് ശേഷിയുള്ള മൂന്ന് ജനറേറ്ററുകളാണ് ഇവിടെ സ്ഥാപിച്ചിരുത്. തുടർന്ന് 1985 നവംബർ നാലിന് രണ്ടാം ഘട്ടത്തിലായി 130 മെഗാവാട്ട് ശേഷിയുള്ള മൂന്ന് ജനറേറ്ററുകളും സ്ഥാപിച്ചു.
ഒന്നാം ഘട്ടം 1976ൽ പൂർത്തിയാക്കി. രണ്ടാം ഘട്ടം 1985-86 വർഷങ്ങളിലാണ് പൂർത്തിയാക്കിയത്. രണ്ടാം ഘട്ടത്തിൽ സ്ഥാപിച്ച ബട്ടർഫ്ലൈ വാൽവിന് അധികം താമസിയാതെ തന്നെ നേരിയ ചോർച്ച അനുഭവപെട്ടു. പലകുറി അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും പൂർണ സജ്ജമായില്ല. ഇപ്പോഴും നിലയത്തിലെ നാല്, അഞ്ച്, ആറ് നമ്പർ ജനറേറ്ററുകളിലേക്ക് ജലം പ്രവഹിക്കുന്നത് ഈ ബട്ടർഫ്ളൈ വാൽവിലൂടെയാണ്.
അറ്റകുറ്റപണികൾ നടത്തിയിട്ടും പൂർണമായും സജ്ജമാകാത്തതിനാൽ നാല്, അഞ്ച്, ആറ് നമ്പർ ജനറേറ്ററുകളുടെ അറ്റകുറ്റപണികൾ രണ്ടാം ബട്ടർഫ്ളൈ വാൽവ് അടച്ച് നടത്താൻ സാധിക്കുന്നില്ല. നിലവിൽ നടന്നു വരുന്ന നാല്, അഞ്ച്, ആറ് നമ്പർ ജനറേറ്ററുകളുടെ അപ്സ്ട്രീം സീലുകളുടെ അറ്റകുറ്റപ്പണികൾക്ക് വേണ്ടി നിലയം പൂർണമായും അടക്കേണ്ടി വരുന്നതും ഈ കാരണങ്ങളാലാണ്.
ഒരു ബട്ടർഫ്ളൈ വാൽവ് സ്ഥാപിക്കാൻ രണ്ട് വാൽവ് നിർമിക്കണം നാടുകാണി മലയിൽ സ്ഥാപിച്ചിട്ടുള്ള ബട്ടർഫ്ലൈ വാൽവ് പൂർണമായും മാറ്റി സ്ഥാപിക്കുക എന്നത് ശ്രമകരവും കോടിക്കണക്കിന് രൂപ ചിലവ് വരുന്നതുമാണ്.
മാറ്റി സ്ഥാപിക്കേണ്ട വാൽവിന്റെ അതെ രൂപത്തിലും നിലവാരത്തിലും വാൽവ് നിർമിച്ച് മർദ്ദം താങ്ങാനുള്ള ശേഷി പരിശോധിച്ച് ഉറപ്പുവരുത്തണം. നിർമിച്ച വാൽവ് ഉയർന്ന മർദ്ദം നൽകി പൊട്ടിച്ച ശേഷം ആയത് വിലയിരുത്തി വേണം പുതിയത് നിർമിക്കാൻ. അപ്പോൾ ഒരു വാൽവ് സ്ഥാപിക്കാൻ രണ്ട് ബട്ടർഫ്ളൈ വാൽവുകൾ നിർമിക്കേണ്ടി വരും.
ഒന്നാം ഘട്ടത്തിലെ ഒന്ന്, രണ്ട്, മൂന്ന് നമ്പർ ജനറേറ്ററുകളിലേക്ക് എത്തുന്ന ജലത്തെ നിയന്ത്രിക്കാൻ ഒരു ബട്ടർഫ്ലൈ വാൽവും നാല്, അഞ്ച്, ആറ് നമ്പർ ജനറേറ്ററുകളിലേക്ക് എത്തുന്ന ജലത്തെ നിയന്ത്രിക്കാൻ മറ്റൊരു ബട്ടർഫ്ളൈ വാൽവുമാണ് ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

