ഇത് ദുരിതങ്ങളുടെ മൂലമറ്റം താഴ്വാരം കോളനി
text_fieldsമഴക്കാലത്ത് പതിവായി വെള്ളത്തിനടിയിലാകുന്ന തൊമ്മൻകുത്ത് ചപ്പാത്ത്
നാല് മണിക്കൂർ തുടർച്ചയായി പെയ്ത മഴയിൽ മഴവെള്ളം പാഞ്ഞെത്തി തകർത്തെറിഞ്ഞത് മൂലമറ്റം താഴ്വാരം കോളനിയിലെ 23 വീടുകൾ. ചിലത് പൂർണമായി തകർന്നപ്പോൾ മറ്റുള്ളവ ഭാഗികമായി നശിച്ച് വാസയോഗ്യമല്ലാതായി. നച്ചാർ പുഴ കരകവിഞ്ഞും വഴിമാറി ഒഴുകിയതുമാണ് ഒരു പ്രദേശത്തെ മുഴുവൻ വെള്ളത്തിലാക്കിയത്.
വില്ലേജ് ഓഫിസർ മുതൽ ജില്ല കലക്ടർ വരെയും വാർഡ് അംഗം മുതൽ മന്ത്രി വരെയും പ്രളയബാധിത പ്രദേശത്ത് വന്നു പോയെങ്കിലും പരിഹാരം മാത്രമില്ല. വെള്ളം ഇരച്ചു കയറിയ വീടുകൾ പലതും താമസിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ഇവരിൽ ഭൂരിഭാഗവും ഐ.എച്ച്.ഇ.പി സ്കൂളിലെ ക്യാമ്പുകളിൽ കഴിയുകയാണ്. നവംബർ ഒന്നിന് സ്കൂൾ തുറക്കുമ്പോൾ ഇവരെ എവിടേക്ക് മാറ്റും എന്നതിലും തീരുമാനമില്ല.
പട്ടയം ഇല്ലാതെ കൈവശരേഖ കൊണ്ട് മാത്രം കഴിഞ്ഞുകൂടുന്നവരാണ് നച്ചാർ പുഴയുടെ തീരത്തെ താഴ്വാരം കോളനിവാസികൾ. പട്ടയം ഇല്ലാത്ത ഇവർക്ക് എന്ത് ധനസഹായം നൽകും എന്നതിലും വ്യക്തതയില്ല. വീണ്ടും മഴ ശക്തമായാൽ താഴ്വാരം കോളനിയിൽ വെള്ളം കയറും.
മുമ്പും ഇവിടെ വെള്ളം കയറിയിട്ടുണ്ടെങ്കിലും ഇത്രയും ഭീകരമായ രീതിയിൽ വെള്ളം ഇരച്ചുകയറുന്നത് ആദ്യമാണ്. വീട്ടുകാരും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും എത്തി വീടുകൾ വൃത്തിയാക്കിയെങ്കിലും അടിഞ്ഞ് കൂടിയ മാലിന്യം നീക്കാൻ അധികൃതരുടെ ഒരു സഹായവും ലഭിച്ചില്ല. മഴവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയതെല്ലാം വീട്ടുമുറ്റങ്ങളിൽ കുന്നുകൂടി കിടക്കുന്നു.
നാശനഷ്ടം പതിവ്; പരിഹാരം അകലെ
പലതവണ വെള്ളം ഇരച്ചു കയറി വീടുകൾ നശിച്ചിട്ടും ശാശ്വത പരിഹാരത്തിന് നടപടിയില്ല. താഴ്വാരം കോളനിക്ക് മീറ്ററുകൾ മാത്രം അകലെ അഞ്ചടിയിലധികം ഉയരത്തിലാണ് മണ്ണും കല്ലും മണലും അടിഞ്ഞുകൂടിയത്. മുമ്പ് നാട്ടുകാർ മണൽ വാരി അത്യാവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നു. എന്നാൽ, വാരൽ നിരോധിച്ചതോടെ പുഴയിൽ മണ്ണും മണലും അടിഞ്ഞുകൂടി. ഇവ നീക്കാത്തതിനാൽ ഒഴുക്ക് തടസ്സപ്പെടുകയും പുഴ കരകവിയുകയും ചെയ്യുന്നു.
താഴ്വാരം കോളനിക്കാർക്ക് ഇവിടെ സ്വസ്ഥമായി താമസിക്കണമെങ്കിൽ മണ്ണും മണലും നീക്കി പുഴക്ക് ഒഴുകാൻ വഴിയൊരുക്കണം. ഇരുകരകളിലും കുറഞ്ഞത് പത്തടി ഉയരത്തിൽ കോൺക്രീറ്റ് മതിലും കെട്ടണം. അല്ലെങ്കിൽ കോളനിക്ക് പത്ത് മീറ്റർ മുകളിലെ കനാലിലൂടെ വെള്ളം വഴിതിരിച്ചു വിടണം.
ആശങ്കയിൽ വടക്കനാർ തീരം
വെള്ളിയാമറ്റം പഞ്ചായത്തിലെ വടക്കനാർ കരകവിഞ്ഞ് പലതവണ ദുരിതം വിതച്ചെങ്കിലും പ്രതിരോധ നടപടി മാത്രം ഉണ്ടാവുന്നില്ല. സാധാരണ ദുരന്തം ഒരു മേഖലയിൽ തന്നെ ആവർത്തിക്കപ്പെടുമ്പോൾ അധികാരികൾ കണ്ണ് തുറക്കേണ്ടതാണ്.
2010ൽ മൂന്ന് പേരുടെ മരണത്തിന് കാരണമായ കുരുതിക്കുളത്തെ ഉരുൾ പൊട്ടൽ, 2013 ആഗസ്റ്റിലെ ഉരുൾപൊട്ടൽ, 2019 ലെയും 2021 ലെയും കനത്ത മഴയിൽ ഉണ്ടായ വെള്ളപ്പൊക്കം ഇവയുടെയെല്ലാം വെള്ളം വന്ന് ചേരുന്നതാകട്ടെ വടക്കനാറിലും.
അങ്ങനെ വെള്ളിയാമറ്റത്തെ ഏക പുഴയായ വടക്കനാർ നികന്ന അവസ്ഥയിലാണ്. പുഴയിൽ മണ്ണും ചെളിയും നിറഞ്ഞതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് വില്ലേജ് അധികൃതർ റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിലും നടപടി ഉണ്ടാകുമോ എന്ന് കണ്ടറിയണം.
ഓരോ തവണ വെള്ളം കയറി വീട് നശിക്കുമ്പോഴും അധികൃതർ വന്ന് പോകുന്നതല്ലാതെ തുടർ നടപടികൾ ഉണ്ടാകാറില്ല. വടക്കനാറിെൻറ ഇരുകരകളിലുമായി അറുപതോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ചിലർക്ക് പട്ടയവും ബാക്കിയുള്ളവർക്ക് കൈവശ രേഖയുമാണ്. കൈവശരേഖ ഉള്ളവർക്കും വീട് പണിയാം എന്നതിനാൽ അവരെല്ലാം തന്നെ അവിടെ വീട് പണിത് താമസമാക്കി. തുടർച്ചയായി പ്രളയം ബാധിക്കുന്നതിനാൽ എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് വടക്കനാറിെൻറ ഇരുകരകളിലും താമസിക്കുന്നവർ.
തൊടുപുഴക്ക് വെല്ലുവിളി മണ്ണിടിച്ചിലും വെള്ളപ്പൊക്കവും
തൊടുപുഴ താലൂക്കിെൻറ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന നിരവധി പ്രദേശങ്ങൾ ഉണ്ട്.വണ്ണപ്പുറം, വെള്ളിയാമറ്റം, ഉടുമ്പന്നൂർ, മേത്തൊട്ടി, വെണ്ണിയാനി, മുതേലക്കോടം പ്രദേശങ്ങളിലെല്ലാം മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നു. 2001 ജൂലൈ ഒമ്പതിന് ഉടുമ്പന്നൂർ വെണ്ണിയാനിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഫോട്ടോഗ്രാഫർ വിക്ടർ ജോർജ് ഉൾപ്പെടെ നാലുപേരാണ് മരിച്ചത്. 2010 സെപ്റ്റംബറിൽ വെള്ളിയാമറ്റം പഞ്ചായത്തിലെ പൂച്ചപ്രയിലുണ്ടായ ഉരുൾപൊട്ടലിൽ അമ്മയും മകളും ഉൾപ്പെടെ മൂന്നുപേർ മരിച്ചു.
കൂടാതെ ചെറുതും വലുതുമായ ഒട്ടേറെ മണ്ണിടിച്ചിലും ഉരുൾപൊട്ടലുകളും പലയിടങ്ങളിലും ജീവൻ കവർന്നു. തൊടുപുഴ താലൂക്കിൽ പൊതുവെ ഉരുൾപൊട്ടൽ പോലുള്ള സംഭവങ്ങൾ കുറവാണെങ്കിലും പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയർന്നുണ്ടാകുന്ന വെള്ളപ്പൊക്കം കാലവർഷത്തിലെ പതിവ് കാഴ്ചയാണ്. മലങ്കര ഡാമിെൻറ ഷട്ടറുകൾ പരമാവധി തുറക്കുേമ്പാൾ തൊടുപുഴയാറിൽ ജലനിരപ്പ് ഉയരും.
കഴിഞ്ഞ രണ്ടാഴ്ച മഴ ശക്തമായി പെയ്തപ്പോഴെല്ലാം നഗരം വെള്ളത്തിൽ മുങ്ങി. തോട് കരകവിഞ്ഞാൽ വെള്ളിയാമറ്റം, തെക്കുംഭാഗം റോഡുകളിലും ഗതാഗത തടസ്സം ഉണ്ടാകും. തൊമ്മൻകുത്ത് ചപ്പാത്ത് കനത്ത മഴയിൽ എപ്പോഴും വെള്ളത്തിനടിയിലാണ്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

