മോഡല്‍ റെസിഡന്‍ഷ്യൽ സ്കൂളുകളുടെ നിലവാരം ഉയർത്തും
text_fieldsഇടുക്കി: പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ അര്ജുന് പാണ്ഡ്യന് ജില്ലയിലെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍ സന്ദര്‍ശിച്ചു. പൈനാവിലെ ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍, മൂന്നാര്‍ മോഡല്‍ റെസിഡന്‍ഷ്യന്‍ സ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു സന്ദര്‍ശനം നടത്തിയത്. സ്കൂളുകളിലെ അടിസ്ഥാന സൗകര്യം പരിശോധിച്ച ഡയറക്ടർ, കുട്ടികളുമായി പുതുവര്‍ഷം ആഘോഷിക്കുകയും ജീവനക്കാര്‍, അധ്യാപകര്‍ എന്നിവരുമായി സംവദിക്കുകയും ചെയ്തു.
കുട്ടികളെ പരീക്ഷക്കും കലാകായിക മത്സരങ്ങള്‍ക്കും സജ്ജമാക്കുന്നതിന് പ്രത്യേക പരിശീലനം നല്‍കാനും സ്കൂളിലെ ഭൗതിക സാഹചര്യങ്ങള്‍ അടിയന്തരമായി മെച്ചപ്പെടുത്താനും ഡയറക്ടര്‍ പൈനാവ് സ്കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്കി. അടുത്ത അധ്യയനവര്‍ഷത്തോടെ സ്കൂളിലെ പുതിയ ഹയര്‍ സെക്കൻഡറി ബ്ലോക്ക് പ്രവര്‍ത്തന സജ്ജമാക്കാനാവുന്ന വിധത്തില്‍ മരാമത്ത് പണി വേഗത്തിലാക്കും.
പൈനാവ് സ്കൂളില്‍ കുട്ടികളുടെ പ്രതിനിധികള്‍ കേക്ക് മുറിക്കുകയും ഡയറക്ടര്‍ കുട്ടികള്‍ക്ക് കേക്ക് വിതരണം ചെയ്യുകയും ചെയ്തു. ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളുടെ ദേശീയ കായികമേളയില്‍ 400 മീറ്ററിലും തൈക്വാൻഡോയിലും സ്വര്‍ണം നേടിയ മനുഗോപി, പ്രഭു എന്നിവരെ ആദരിച്ചു.
ഐ.ടി.ഡി.പി പ്രോജക്ട് ഡയറക്ടര്‍ അനില്‍കുമാര്‍, തൊടുപുഴ ഡി.ഇ.ഒ ശ്രീലത, ഹെഡ്മിസ്ട്രസ് ജെസിമോള്‍, സീനിയര്‍ സൂപ്രണ്ട് വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
മൂന്നാര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളിലെത്തിയ അര്ജുന് പാണ്ഡ്യന് അധ്യാപകരുമായി കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം, അക്കാദമിക് വിഷയങ്ങള്‍ എന്നിവ ചര്‍ച്ചചെയ്തു. സ്കൂളിലെ ഹയര്‍ സെക്കൻഡറി വിഭാഗത്തിന് പ്രത്യേക കെട്ടിടം, കുട്ടികള്‍ക്ക് പുതിയ ഹോസ്റ്റല്‍ ബ്ലോക്ക്, സ്കൂള്‍ ഗ്രൗണ്ട് എന്നിവ നിര്‍മിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
അടുത്ത അധ്യയനവര്‍ഷം പിന്നാക്ക മേഖലയിലെ കുട്ടികള്‍ക്ക് പ്രവേശനം ഉറപ്പാക്കുമെന്നും സ്കൂള്‍ മിക്സഡ് ആക്കാനുള്ള സാധ്യത ആരായുമെന്നും അദ്ദേഹം അറിയിച്ചു. മൂന്നാര്‍ പ്രീ-മെട്രിക് ഹോസ്റ്റല്‍, ഡി.ഇ.ഒ ഓഫിസ് എന്നിവിടങ്ങളും ഡയറക്ടർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

