എവിടെ മന്ത്രീ, മൂന്നു കോടിയുടെ ആ നടപ്പാത?
text_fieldsകാഞ്ഞാർ: മൂന്നു കോടി ചെലവിൽ കാഞ്ഞാർ പാലത്തിന്റെ വശങ്ങളിൽ നടപ്പാത യാഥാർഥ്യമാക്കുമെന്ന് രണ്ട് വർഷം മുമ്പാണ് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചത്. മൂന്നു കോടി അതിനായി വകയിരുത്തിയിട്ടുണ്ടെന്നും പറഞ്ഞിരുന്നു. പക്ഷേ, നടപ്പാത മാത്രം ഇനിയും നടപ്പായില്ല. കുടയത്തൂർ പഞ്ചായത്തിന്റെ സമ്പൂർണ വികസനം യാഥാർഥ്യമാക്കാൻ പദ്ധതികളുടെ രൂപരേഖ തയാറാക്കാൻ വിളിച്ച യോഗത്തിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
ഇതിന് മുമ്പും പലതവണ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. പക്ഷേ, പദ്ധതി പ്രഖ്യാപനത്തിനപ്പുറം കടന്നില്ല. തൊടുപുഴ പുളിയൻമല സംസ്ഥാന പാതയിലെ ഏറെ തിരക്കുള്ള കാഞ്ഞാർ പാലത്തിന് പൊതുവെ വീതി കുറവാണ്.
നടപ്പാത ഇല്ലാത്തതിനാൽ കാൽനട യാത്രക്കാരും പാലത്തിലൂടെയാണ് സഞ്ചരിക്കുന്നത്. കാഞ്ഞാർ മുസ്ലിം പള്ളിയിലെ മദ്രസയിലേക്ക് എത്തുന്ന വിദ്യാർഥികൾ സഞ്ചരിക്കുന്നതും ഈ പാലത്തിലൂടെയാണ്. ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെയുള്ള ഈ സഞ്ചാരം അപകടം നിറഞ്ഞതാണ്. ഇരുവശത്തും നടപ്പാത നിർമിച്ചാലേ അപകടാവസ്ഥ ഒഴിവാക്കാനാവൂ.
ഇതിനിടെ പ്രാരംഭ പ്രവർത്തനം എന്ന നിലയിൽ പാലത്തിന് അടിയിലെ മണ്ണിന്റെ ഘടന ഒരു വർഷം മുമ്പ് പരിശോധിച്ചിരുന്നു. എന്നാൽ, പിന്നീട് തുടർ നടപടികൾ ഉണ്ടായില്ല. കുടയത്തൂർ പഞ്ചായത്തിന്റെ സമ്പൂർണ വികസനം യാഥാർഥ്യമാക്കാൻ മന്ത്രി അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

