വൈദ്യുതി മേഖലയിലെ ആശങ്ക പരിഹരിക്കും -മന്ത്രി സണ്ണി ജോസഫ്
text_fieldsമന്ത്രി സണ്ണി ജോസഫ് ഇടുക്കി അണക്കെട്ട് സന്ദർശിക്കുന്നു
മൂലമറ്റം: വൈദ്യുതി ഉൽപാദന പ്രസരണ വിതരണ മേഖലയിലെ പ്രശ്നങ്ങളും ആശങ്കകളും പരിഹരിച്ച് മേഖലയെ കൂടുതല്‍ ജനസൗഹൃദമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. മൂലമറ്റം പവര്‍ സ്റ്റേഷനും ഇടുക്കി അണക്കെട്ടും സന്ദര്‍ശിച്ച് ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
അണക്കെട്ടുകളിലെ നിലവിലെ ജലനിരപ്പ്, സുരക്ഷ മുൻകരുതലുകൾ, അണക്കെട്ടുകളുടെ പരിപാലനം, വൈദ്യുതി ഉൽപാദനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവ നേരിട്ട് കണ്ട് വിലയിരുത്തി. ഒപ്പം സംസ്ഥാനത്തിന്റെ ഭാവി ഊർജ സ്വയംപര്യാപ്തതയിൽ നിർണായക പങ്കുവഹിക്കാൻ പോകുന്ന ഇടുക്കി പമ്പ്ഡ് ഹൈഡ്രോ സ്റ്റോറേജ് പദ്ധതി സംബന്ധിച്ച് കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥരുമായും എൻജിനീയർമാരുമായും വിശദമായ ചർച്ചയും അവലോകനവും നടത്തി.
പീക്ക് സമയങ്ങളിലെ വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനും പുനരുപയോഗ ഊർജത്തിന്റെ സംഭരണ ശേഷി വർധിപ്പിക്കുന്നതിനുമായി വിഭാവനം ചെയ്യുന്ന ഈ നൂതന പദ്ധതിയുടെ സാങ്കേതിക വശങ്ങളും പ്രവർത്തന പുരോഗതിയും വിലയിരുത്തിയ ശേഷം പദ്ധതി സമയബന്ധിതമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് ആവശ്യമായ നിർദേശങ്ങളും ഉദ്യോഗസ്ഥർക്ക് നൽകി.
കേരളത്തിന്റെ ഊർജ സുരക്ഷ ഉറപ്പുവരുത്താനും ഹരിതോർജ മേഖലയിൽ പുതിയ ചുവടുവെപ്പുകൾ നടത്താനുമുള്ള പ്രവർത്തനങ്ങളുമായി ഊർജ വകുപ്പ് മുന്നോട്ടുപോകുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ പവര്‍ ഹൗസായ ഇടുക്കി ഡാമിന്റെയും പവര്‍ ഹൗസിന്റെയും പ്രവര്‍ത്തനം അഭിമാനകരമാണ്. ഇടുക്കിയുടെ പ്രത്യേക ഭൂപ്രകൃതി, ഗതാഗത പ്രശ്നം തുടങ്ങിയവയെല്ലാം കണക്കിലെടുത്ത് ഇടുക്കിക്ക് പ്രത്യേക പരിഗണന നല്‍കും. ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പരാതികള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.
മുട്ടത്ത് വൈദ്യുതി സെക്ഷൻ ഓഫിസ് പരിഗണനയിൽ
മൂലമറ്റം: മുട്ടത്ത് വൈദ്യുതി സെക്ഷൻ ഓഫിസ് പരിഗണിക്കാമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഉറപ്പ് നൽകി. യൂത്ത് കോൺഗ്രസ് നേതാക്കൾ നൽകിയ നിവേദനത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. മൂലമറ്റം പവർ ഹൗസ് സന്ദർശിക്കാനെത്തിയതായിരുന്നു മന്ത്രി. സെക്ഷൻ ഓഫിസ് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യമുണ്ടെന്നും എന്നാൽ അത് അതിവേഗത്തിൽ യാഥാർഥ്യമാക്കാൻ കഴിയുന്നതല്ലെന്നും മന്ത്രി പറഞ്ഞു. നേതാക്കളായ അരുൺ ചെറിയാൻ പൂച്ചക്കുഴി, റെന്നി ചെറിയാൻ, ബാദുഷ അഷറഫ് എന്നിവരാണ് നിവേദനം നൽകിയത്.
നിലവിൽ തൊടുപുഴ സെക്ഷൻ ഓഫിസിന്റെയും മൂലമറ്റം സെക്ഷൻ ഓഫിസിന്റെയും പരിധിയിൽനിന്നാണ് മുട്ടം മേഖലയിലെ വൈദ്യുതി തകരാറുകൾ പരിഹരിക്കുന്നത്. ഏകദേശം 15 കിലോമീറ്ററോളം അകലെ നിന്നാണ് ജീവനക്കാർ തകരാറുകൾ പരിഹരിക്കുന്നതിനായി എത്തേണ്ടിവരുന്നത്. അതിനാൽ വൈദ്യുതി ബന്ധം തകരാറിലായാൽ ജീവനക്കാർ സ്ഥലത്തെത്തി തകരാർ കണ്ടെത്തി പരിഹരിക്കുന്നതിന് മണിക്കൂറുകൾ വേണ്ടിവരുന്നു. മൂലമറ്റം സെക്ഷൻ വിഭജിച്ച് മുട്ടത്ത് പുതിയ സെക്ഷൻ ഓഫിസ് ആരംഭിച്ചാൽ മുട്ടം, കുടയത്തൂർ, വെള്ളിയാമറ്റം, അറക്കുളം പഞ്ചായത്തുകളിലെ വൈദ്യുതി വിതരണം കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

