അമ്മക്കും കുഞ്ഞിനും സുരക്ഷിത യാത്രയൊരുക്കി ‘മാതൃയാനം’
text_fieldsമാതൃയാനത്തില്‍ വീട്ടിലേക്ക് മടങ്ങുന്ന അമ്മയും കുഞ്ഞും
തൊടുപുഴ: പ്രസവാനന്തരം ആശുപത്രിയില്‍നിന്ന് നവജാത ശിശുവുമായി വീട്ടിലെത്താന്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നല്‍കേണ്ട ഭീമമായ തുകയെക്കുറിച്ചോര്‍ത്ത് ഇനി ആശങ്കവേണ്ട. പ്രസവത്തിനായി സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സ്ത്രീകള്‍ക്ക് ഏറെ സഹായകമായ മാതൃയാനം പദ്ധതി പ്രകാരം സുരക്ഷിതമായി വീട്ടിലെത്തിക്കാൻ സംവിധാനമൊരുങ്ങി. പദ്ധതിയാരംഭിച്ച് രണ്ടാഴ്ചക്കുള്ളില്‍തന്നെ ജില്ലയിലെ 35 അമ്മമാര്‍ക്കാണ് ഈ സൗകര്യം ലഭ്യമായത്.
നാഷനല്‍ ഹെല്‍ത്ത് മിഷന്റെ ഭാഗമായി സര്‍ക്കാര്‍ നടപ്പാക്കുന്ന അമ്മയും കുഞ്ഞും പദ്ധതിയുടെ തുടര്‍ച്ചയാണ് മാതൃയാനം. ജൂലൈ നാലിന് കലക്ടര്‍ ഷീബ ജോര്‍ജ് നാല് വാഹനങ്ങള്‍ ഫ്ലാഗ് ഓഫ് ചെയ്തതിലൂടെയാണ് പദ്ധതിക്ക് തുടക്കമായത്. ഇടുക്കി, തൊടുപുഴ ജില്ല ആശുപത്രികളിലും നെടുങ്കണ്ടം, അടിമാലി താലൂക്ക് ആശുപത്രികളിലുമാണ് ആദ്യഘട്ടത്തില്‍ സേവനം ആരംഭിച്ചത്. പ്രത്യേകമായി വാഹനം നല്‍കിയിട്ടില്ലെങ്കിലും പീരുമേട് താലൂക്ക് ആശുപത്രിയിലും മാതൃയാനത്തിന്റെ സേവനം ലഭിക്കും. 19 ലക്ഷം രൂപയാണ് 2023-24 സാമ്പത്തിക വര്‍ഷം പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.
പ്രസവശേഷം സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജാവുമ്പോള്‍ മുമ്പ് യാത്രക്ക് 500 രൂപ നല്‍കിയിരുന്നു. എന്നാല്‍, ഇത് ദീര്‍ഘദൂര യാത്രക്ക് തികയുന്നില്ല എന്ന പരാതികളുണ്ടായിരുന്നു. മാതൃയാനം പദ്ധതിവഴി സൗജന്യ ടാക്സി ഏര്‍പ്പാടാക്കിയതിലൂടെ എത്ര ദൂരെയാണ് താമസസ്ഥലമെങ്കിലും അമ്മക്കും കുഞ്ഞിനും സ്വന്തം വീട്ടുമുറ്റത്ത് ആശങ്കകളില്ലാതെ ഇനി ചെന്നിറങ്ങാം.യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ഈ ടാക്സികളില്‍ ജി.പി.എസ് സംവിധാനം ഉള്‍പ്പെടുത്തിയിട്ടുള്ള മൊബൈല്‍ ആപ്ലിക്കേഷനും തയാറാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

