ഭിന്നശേഷിക്കാരനെ അടിച്ചുകൊന്നു; സുഹൃത്ത് അറസ്റ്റിൽ
text_fieldsകൊല്ലപ്പെട്ട ബെന്നി മാത്യു, പ്രതി യദു കൃഷ്ണ
മറയൂർ: ഭിന്നശേഷിക്കാരനായ മധ്യവയസ്കനെ സുഹൃത്തായ യുവാവ് അടിച്ച് കൊലപ്പെടുത്തി. കമുകിൻ തോട്ടത്തിലെ മേൽനോട്ടക്കാരനും അംഗപരിമിതരുടെ സംഘടനയായ ഡി.എ.ഡബ്ല്യു.എഫിന്റെ ജില്ല സെക്രട്ടറിയുമായ ആനച്ചാൽ ചെങ്കുളം സ്വാദേശി തോപ്പിൽ ബെന്നി മാത്യുവാണ് (60) കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്തും കാന്തല്ലൂർ ചുരക്കുളം സ്വദേശിയുമായ യദുകൃഷ്ണയെ (22) മറയൂർ പൊലീസ് അറസ്റ്റ് ചെയ്തു.
മറയൂർ പള്ളനാട്ടിൽ ജോസ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള കമുകിൻ തോട്ടത്തിലെ മേൽനോട്ടക്കാരനായിരുന്നു ബെന്നി മാത്യു. ബുധനാഴ്ച രാത്രി ബെന്നിയും യദു കൃഷ്ണയും തോട്ടത്തിലെ വീട്ടുമുറ്റത്ത് സംസാരിച്ചുനിൽക്കുന്നത് അയൽവാസികൾ കണ്ടിരുന്നു. ബുദ്ധിമാന്ദ്യമുള്ള യദു കൃഷ്ണയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതടക്കം കാര്യങ്ങളിൽ സഹായിയും അടുത്ത സുഹൃത്തുമായിരുന്നു ബെന്നി. യദു കൃഷ്ണ ഇടക്കിടെ ബെന്നി താമസിക്കുന്ന വീട്ടിൽ എത്താറുണ്ട്.
ബുധനാഴ്ച രാത്രി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന്, വടിയും കത്തിയും ഉൾപ്പെടെ കൈയിൽകിട്ടിയ ആയുധങ്ങളെല്ലാം കൊണ്ട് ബെന്നിയെ ആക്രമിച്ച് കൊന്നതായാണ് യദു കൃഷ്ണ പൊലീസിന് നൽകിയ മൊഴി. കൊലപാതകത്തിനുശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങുമ്പോൾ ചന്ദനമോഷ്ടാവ് എന്ന് സംശയിച്ച് വനപാലകർ ചോദ്യംചെയ്യുകയും പയസ് നഗർ ചുറക്കുളത്തെ വീടിന് സമീപം കൊണ്ടുപോയി ഇറക്കിവിടുകയും ചെയ്തിരുന്നു. . താനാണ് കൊലപ്പെടുത്തിയത് എന്നറിയാൻ യദു കൃഷ്ണ മൊബൈൽ ഫോൺ സംഭവസ്ഥലത്ത് ഉപേക്ഷിച്ചിരുന്നു. ചുറുക്കുളത്ത് വീട്ടിലെത്തിയ ഇയാൾ അതിരാവിലെ കുളിച്ച് വസ്ത്രംമാറി കോവിൽകടവ് ചെറുവാട് എന്ന സ്ഥലത്ത് നിൽക്കുമ്പോൾ മറയൂർ എസ്.എച്ച്.ഒ പി.ടി. ജോയിയുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.