പള്ളനാട്ടിൽ കാട്ടുപോത്ത് ഭീതി ഒഴിയുന്നില്ല; നാട്ടുകാർ ആശങ്കയിൽ
text_fieldsപള്ളനാട് തിങ്കളാഴ്ച കാട്ടുപോത്തിറങ്ങിയപ്പോൾ
മറയൂർ: കാട്ടുപോത്ത് ഭീതിയൊഴിയാതെ പള്ളനാട് ഗ്രാമം. ഭീതി പരത്തി തിങ്കളാഴ്ച പുലർച്ചയും കാട്ടുപോത്തിറങ്ങി. ജനവാസ മേഖലയിലും കൃഷിത്തോട്ടങ്ങളിലും കാട്ടുപോത്തുകൾ സ്ഥിരമായി എത്തുന്നത് പ്രദേശവാസികളുടെ ആശങ്ക വർധിപ്പിച്ചു. മൂന്നാം ക്ലാസ് വിദ്യാർഥിയായ കാർത്തികിനെ ആക്രമിച്ച കാട്ടുപോത്ത് ഉൾപ്പെടെ അഞ്ചിലധികം കാട്ടുപോത്തുകൾ പ്രദേശത്ത് തുടരുന്നതായാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസം ചിന്നവര കനാലിനോട് ചേർന്ന കനാൽപാതയിലൂടെ മൂന്ന് കാട്ടുപോത്തുകൾ കൂട്ടമായി നടന്നുവരുന്നത് നാട്ടുകാർ കണ്ടിരുന്നു. വനം വകുപ്പിന്റെ ആർ.ആർ.ടി രാത്രിയും പകലുമായി കാട്ടുപോത്തുകളെ വനത്തിലേക്ക് ഓടിച്ചുവിടുന്നുണ്ടെങ്കിലും, പ്രദേശത്ത് സ്ഥിരമായി വാച്ചർമാരെ നിയോഗിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ജനവാസ മേഖലയിലേക്ക് കാട്ടുപോത്തുകൾ ഇറങ്ങിയാൽ മയക്കുവെടി വെച്ച് പിടികൂടാൻ നടപടി സ്വീകരിക്കുമെന്ന് വനംമന്ത്രി അറിയിച്ചിരുന്നെങ്കിലും, ഇതുവരെ നടപടികൾ നടപ്പായിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. നിലവിൽ കാട്ടുപോത്തുകളെ ഓടിച്ചുവിടുന്നതിൽ മാത്രമാണ് അധികൃതരുടെ നടപടി ഒതുങ്ങുന്നതെന്നും അവർ പറയുന്നു. തിങ്കളാഴ്ച രാവിലെ പള്ളനാട് ഗ്രാമത്തിന് സമീപത്തെ കൊല്ലംപാറ പാലം ഭാഗത്ത്, ഇരുപതോളം കുടുംബങ്ങൾ താമസിക്കുന്ന മേഖലയിലാണ് കാട്ടുപോത്തിനെ വീണ്ടും കണ്ടത്. വിവരമറിഞ്ഞെത്തിയ ആർ.ആർ.ടി. സംഘം അതിനെ വനത്തിലേക്ക് ഓടിച്ചുവിട്ടു.
രാത്രി വനാതിർത്തിയോട് ചേർന്ന കൃഷിത്തോട്ടങ്ങൾ, കാപ്പിത്തോട്ടങ്ങൾ, കമുക്, തെങ്ങ് എന്നിവയുള്ള സ്ഥലങ്ങളിൽ കാട്ടുപോത്തുകൾ തമ്പടിക്കുന്നതായും നാട്ടുകാർ പറയുന്നു. ജനസാന്ദ്രത കൂടുതലുള്ള പള്ളനാട് ഗ്രാമത്തിലെ ഇടുങ്ങിയ വഴികളിലൂടെ കാട്ടുപോത്തുകൾ സഞ്ചരിക്കുന്നത് വലിയ അപകടസാധ്യത സൃഷ്ടിക്കുന്നുണ്ടെന്നും, മനുഷ്യജീവന് ഭീഷണിയാകുന്നതിന് മുമ്പ് സ്ഥിരമായ പരിഹാരനടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. നിലവിൽ ആർ.ആർ.ടി ടീം 24 മണിക്കൂറും നിരീക്ഷണത്തിലുണ്ട്. മയക്കുവെടി വെക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ഇതിനായുള്ള ഡോക്ടർ ഉൾപ്പെടെയുള്ള വിദഗ്ധരെ എത്തിക്കാനുള്ള നടപടി സ്വീകരിക്കുന്നുണ്ടെന്നും മറയൂർ റേഞ്ച് ഓഫിസർ അബ്ജു കെ. അരുൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

