ഹോസ്റ്റലിൽനിന്ന് കാണാതായ വിദ്യാർഥികളെ പൊലീസ് കണ്ടെത്തി
text_fieldsമറയൂർ: ദുരൂഹ സാഹചര്യത്തിൽ ഹോസ്റ്റലിൽനിന്ന് ഇറങ്ങിപ്പോയ വിദ്യാർഥികളെ പൊലീസ് കണ്ടെത്തി. മറയൂർ സഹായഗിരിയിൽ പ്രവർത്തിക്കുന്ന സമഗ്രശിക്ഷ കേരളം ഹോസ്റ്റലിൽനിന്നാണ് രണ്ട് ആദിവാസി വിദ്യാർഥികൾ ഇറങ്ങിപ്പോയത്. മേലുദ്യോഗസ്ഥരുടെ പരിശോധനയും വിവരശേഖരണവും നടത്തുന്നതിനിടെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ രണ്ടുപേരെയും കാണാതായത്.
മറയൂർ സി.ഐ പി.ടി. ബിജോയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ തിരച്ചിലിൽ ഹോസ്റ്റലിൽനിന്ന് ഒരു കിലോമീറ്റർ അകലെ മുരുകൻമല കുന്നിൽനിന്ന് ഇവരെ കണ്ടെത്തി. മാനസിക സമ്മർദം മൂലം ആത്മഹത്യ ചെയ്യാനാണ് എത്തിയതെന്ന് വിദ്യാർഥികൾ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. വിജയദശമി ദിവസവും ഹോസ്റ്റലിൽ നിന്ന് രണ്ടു വിദ്യാർഥിനികൾ ഇറങ്ങിപ്പോയതായി പറയപ്പെടുന്നു.