മന്ത്രപ്പാറ പ്രവേശന വിലക്ക്; വനം വകുപ്പിനെതിരെ പ്രതിഷേധം
text_fieldsചെറുതോണി: മന്ത്രപ്പാറ വ്യൂ പോയന്റിലേക്കുള്ള പ്രവേശനം തടഞ്ഞ വനം വകുപ്പിന്റെ നടപടിയിൽ പ്രതിഷേധം പുകയുന്നു. അനുവാദം കൂടാതെ പ്രവേശിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതർ. ജില്ലയിലെ തന്നെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണിത്. കാൽനൂറ്റാണ്ടായി നിരവധി ടൂറിസ്റ്റുകളാണ് ഇവിടെ എത്തിയിരുന്നത്. ചെറുതോണി, ഇടുക്കി അണക്കെട്ടുകളും വിശാലമായ ജലാശയവും കൊച്ചി തുറമുഖം മുതൽ മൂന്നാർ മലനിരകൾവരെ കാണാനാകും എന്നതാണ് ആളുകളെ ആകർഷിക്കുന്നത്.
പൈനാവ്-താന്നിക്കണ്ടം-അശോക കവല റോഡിൽ അമൽജ്യോതി സ്കൂളിന് സമീപം 250 മീറ്ററിൽ താഴെ മാത്രം കാൽനടയായി സഞ്ചരിച്ചാൽ മന്ത്രപ്പാറയിലെത്താം. കാഴ്ചവിസ്മയം ഒരുക്കുന്ന ഇവിടെ നിന്നാൽ ചിത്തിരപുരം, കാഞ്ചിയാർ, കല്യാണത്തണ്ട്, പത്താംമൈൽ, തങ്കമണി, പള്ളിവാസൽ, ടോപ്സ്റ്റേഷൻ, ഇരുട്ടുകാനം, ആനച്ചാൽ, മൂന്നാർ ഗ്യാപ്പ് റോഡ്, വെള്ളത്തൂവൽ, കല്ലാർകുട്ടി, ഇരട്ടയാർ ടണൽ തുടങ്ങിയ പ്രദേശങ്ങൾ അനുകൂല കാലാവസ്ഥയിൽ കാണാനാകും.
മന്ത്രപ്പാറയുടെ ചരുവിൽ കൈവരികൾ സ്ഥാപിച്ച് സഞ്ചാരികൾക്ക് സുരക്ഷ ഒരുക്കുന്നതിന് പകരം പ്രവേശനം നിരോധിച്ച അധികൃതരുടെ നടപടിയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ജില്ല ആസ്ഥാന പരിധിയിലുള്ള വനം വകുപ്പിന് കീഴിൽ വരുന്ന പത്തിലധികം വിനോദസഞ്ചാര കേന്ദ്രങ്ങൾ സഞ്ചാരികൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. വനം വകുപ്പിന്റെ ടൂറിസം വിരുദ്ധ നടപടികൾ മറ്റ് പ്രദേശത്തെ വിനോദ സഞ്ചാര ലോബികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന ആരോപണമുയർന്നിട്ടുണ്ട്. പിന്നിൽ ഉദ്യോഗസ്ഥ-റിസോർട്ട് മാഫിയകളുടെ ഇടപെടലുകളാണ് നടന്ന് വരുന്നതെന്നാണ് പ്രധാന പരാതി. ഇടുക്കി അണക്കെട്ട് സന്ദർശനം പരിമിതപ്പെടുത്തുകയും പിന്നീട് നിർത്തിവെക്കുകയും ചെയ്തതോടെ ടൂറിസം രംഗത്ത് ഇടുക്കിയുടെ ആസ്ഥാനം നിർജീവമായ അവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

