സമ്പന്നം മനോജിന്റെ കൃഷിയിടം
text_fieldsമനോജും ഭാര്യ അനിതയും കൃഷി പന്തലിൽ
തൊടുപുഴ: പച്ചക്കറി, പയർ, പഴവർഗങ്ങൾ, മത്സ്യകൃഷി എന്നിവയെല്ലാം കൊണ്ട് സമ്പന്നമാണ് മനോജിന്റെ കൃഷിയിടം. പച്ചക്കറി, പാൽ, മീൻ, പഴം എന്നിവയൊന്നും കടയിൽ നിന്ന് വാങ്ങേണ്ട ആവശ്യം വന്നിട്ടില്ലെന്ന് മനോജ് പറയുമ്പോൾ മണ്ണിനെ പൊന്നാക്കുന്ന ഈ കർഷകന്റെ വൈവിധ്യ കൃഷി ആരെയും അതിശയിപ്പിക്കും.
ഇടുക്കി പാറത്തോട് കാരുകുന്നേൽ മനോജിന്റെയും ഭാര്യ അനിതയുടെയും മുന്നേക്കർ വരുന്ന കൃഷിയിടത്തിൽ എന്തുണ്ട് എന്നല്ല ചോദിക്കണ്ടത്, എന്താണില്ലാത്തതെന്നാണ്. ജാതി, കുരുമുളക്, ഏലം, വിവിധ തരം പച്ചക്കറികൾ, പാവൽ, പയർ എന്നീ കൃഷികൾക്കൊപ്പം മത്സ്യ കൃഷി, കാലിവളർത്തർ എന്നിവയും ഒരു പോലെ മുന്നോട്ട് കൊണ്ടുപോകുന്നു.
പലരും പരീക്ഷിച്ച് ശരിയാവില്ലെന്ന് കരുതിയ കാരറ്റ്, ബീറ്റ്റൂട്ട്, കോളിഫ്ലവർ എന്നിവയും പറമ്പിലെ അതിശയ കാഴ്ചകളാണ്. വീടിന് മുന്നിലെ പന്തലിൽ പടവലും പാവലും പയറും കോവലുമൊക്കെ പടർന്ന് നിൽക്കുന്നത് കാണാൻ നല്ല രസമാണ്. രാസവളങ്ങളോ കീടനാശിനികളോ പറമ്പിനടുത്ത് പോലും അടുപ്പിക്കാറില്ലെന്ന് മനോജ് പറയുന്നു.
ജൈവ വളം മാത്രമാണ് ഉപയോഗിക്കുന്നത്. വളത്തിന് ചാണക ലഭ്യതയടക്കം ഉറപ്പു വരുത്താനാണ് കാലി വളർത്തലും ഒപ്പം ചേർത്തത്. രണ്ട് പശുക്കളാണ് ഇപ്പോഴുള്ളത്. ദിവസം 26 ലിറ്റർ വരെ പാൽ ലഭിക്കുന്നുണ്ട്. തീറ്റപ്പുൽകൃഷിക്കായി സ്ഥലം മാറ്റിവെച്ചിട്ടുണ്ട്. വിളകൾ നനക്കുന്നതിനായി വലിയ കുളം നിർമിച്ചിട്ടുണ്ട്.
ഇവിടെയും കൃഷി സാധ്യത കൃത്യമായി വിനിയോഗിച്ച് 20 മത്സ്യക്കുഞ്ഞുങ്ങളെ പരീക്ഷണാർഥം ഇട്ടെങ്കിൽ ഇപ്പോൾ വീട്ടാവശ്യത്തിനും അതിലേറെയും ആഴ്ചയിൽ വിളവെടുക്കുന്ന സ്ഥിതിയിലേക്ക് എത്താനായി. ഇത് കൂടാതെ കപ്പ, ചേന, കാച്ചിൽ, ചേമ്പ് എന്നിവയും കൃഷിയിടത്തിൽ വിളയുന്നുണ്ട്. ആയിരത്തോളം വാഴയാണ് കൃഷി ചെയ്തിരിക്കുന്നത്.
വാഴ കൃഷി അത്ര ആദായകരമലെങ്കിലും പണ്ട് മുതലേ ഇവയെല്ലാം ചെയ്തിരുന്നതിനാൽ ഉപേക്ഷിക്കാൻ കഴിയുന്നില്ലെന്നാണ് മനോജ് പറയുന്നത്. ഉൽപന്നങ്ങൾ കൃഷി ഭവൻ മുഖേന ചന്തകളിലൂടെ വിറ്റഴിക്കുകയാണ് ചെയ്യുന്നത്. മുറ്റത്തും പറമ്പിലുമായി നിൽക്കുന്ന സപ്പോർട്ട, അവക്കാഡോ, റമ്പുട്ടാൻ, മാങ്കോസ്റ്റിൻ, വിവിധയിനം മാവ്, പേര എന്നിവ മനോജിന്റെ കൃഷിയിടത്തെ വേറിട്ടതാക്കുന്നുണ്ട്.
രാവിലെ പശുവിന്റെ കാര്യങ്ങൾ നോക്കി എട്ട് മണിയോടെ പണിക്കാരുമായി പറമ്പിലേക്കിറങ്ങും. പിന്നെ വൈകിട്ടാണ് ജോലികൾ അവസാനിപ്പിക്കുന്നത്. പാരമ്പര്യമായി കൃഷിയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ കൃഷിയാണ് മുഖ്യ വരുമാനം. ഒരിനത്തിൽ നഷ്ടം സംഭവിച്ചാൽ മറ്റൊന്ന് സഹായിക്കും എന്ന കരുതലിലാണ് എല്ലാം കൃഷി ചെയ്യുന്നതെന്ന് മനോജ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

