റോഡിനുവേണ്ടി ഒരു ജനത കാത്തിരുന്നത് അര നൂറ്റാണ്ട്; ഒടുവിൽ മണിയാറംകുടി–ഉടുമ്പന്നൂർ റോഡ് യാഥാർഥ്യമാകുന്നു
text_fieldsചെറുതോണി: റോഡിനുവേണ്ടി നാട്ടുകാർ പോരാടിയത് അര നൂറ്റാണ്ട്. നീണ്ട കാത്തിരിപ്പിന് ശേഷം മണിയാറം കുടി - ഉടുമ്പന്നൂർ റോഡ് യഥാർഥ്യമാകുകയാണ്. ജില്ല രൂപം കൊണ്ടതിനു ശേഷം 1975ലാണ് നാട്ടുകാർ റോഡിന് ശ്രമമാരംഭിച്ചത്. ജോസ് കുറ്റിയാനി എം.എൽ.എ. ആയപ്പോൾ ആദ്യം പ്രഖ്യാപിച്ചത് മണിയാറംകുടി - ഉടുമ്പന്നുർ റോഡ് എം.എൽ.എ റോഡ് പദ്ധതിയിൽപെടുത്തി നിർമിക്കുമെന്നായിരുന്നു.
ശേഷം വന്ന മാത്യു സ്റ്റീഫൻ, റോസമ്മ ചാക്കോ, സുലൈമാൻ റാവുത്തർ തുടങ്ങിയ എം.എൽ.എമാരും റോഡിനു ശ്രമം തുടർന്നു. തൊടുപുഴനിന്ന് മൂലമറ്റം, കുളമാവ് വഴി ജില്ല ആസ്ഥാനത്തേക്കും കട്ടപ്പനയിലേക്കുമുള്ള ദൈർഘ്യം 36 കിലോമീറ്റർ കുറയ്ക്കാൻ ഈ റോഡിന് കഴിയും. പട്ടം താണുപിള്ള ആദ്യം മുഖ്യമന്ത്രിയായിരുന്ന കാലത്ത് അധിക ഭക്ഷ്യോൽപാദനത്തിന് കർഷകരെ കുടിയിരുത്തിയ സ്ഥലമാണ് മക്കുവള്ളി കൈതപ്പാറ. ഇവിടെ വർഷങ്ങളായി നിരവധി കുടുംബങ്ങൾ താമസിക്കുന്നു. ഇവരാണ് റോഡിന് ആദ്യം മുറവിളി കൂട്ടിയത്.
കന്നിഏലം ട്രാക്കിൽപ്പെടുന്ന പ്രദേശത്തെ താമസം ഒഴികെയുള്ള സ്ഥലങ്ങൾ അന്ന് ഏലക്കാടുകളായിരുന്നു. ഇതിൽ മണിയാറംകുടിക്കടുത്തുള്ള കൂട്ടക്കുഴി ഏലത്തോട്ടം ഏലം ഉൽപ്പാദനത്തിൽ 1970 കളിൽ പ്രസിദ്ധമായിരുന്നു. ഉടമ്പന്നൂർ കോട്ടക്കവലയിൽനിന്ന് വേളൂർ പുഴ, മുറിക്കല്ല്, കൈതപ്പാറ, കോട്ടുപാള, പാമ്പന, പുളിമ്പരപ്പ്, കൂട്ടക്കുഴി വഴിയാണ് മണി യാറം കുടി റോഡിന് പദ്ധതിയിട്ടിരിക്കുന്നത്.
മണിയാറംകുടിയിൽനിന്ന് ഉടമ്പന്നൂർക്കും തൊടുപുഴക്കും ഏറ്റവും കുറഞ്ഞ ദൂരത്തിൽ എത്തുന്നതിനാലാണ് എം.എൽ.എ. റോഡ് ലിസ്റ്റിൽ ഇടംപിടിച്ചത്. തൊടുപുഴ, കുളമാവ്, വഴിയുള്ള ചെറുതോണി റോഡിനേക്കാൾ കയറ്റിറക്കങ്ങളും അപകടസാധ്യതകളും കുറവുമാണ്. ഉടുമ്പന്നൂരിനടുത്ത വേളൂർ അയ്യപ്പ ക്ഷേത്രം പുരാതനമാണ്. നിരവധി ഭക്തർ ഇവിടെ വന്നു പോകുന്നു.
വെള്ളത്തൂവൽ - പള്ളം 110 കെ.വി. ലൈൻ നിർമിക്കുന്നതിനായി വൈദ്യുതി ബോർഡ് 1948ൽ നിർമിച്ച റോഡ് ഇവിടെയുണ്ടായിരുന്നു. ലോറി ഓടുന്നതിന് അന്ന് മൺറോഡ് നന്നാക്കി ഇട്ടിരുന്നു.തെക്കുംകൂർ, വടക്കുംകൂർ നാട്ടുരാജ്യങ്ങളുടെ അതിർത്തിയായിരുന്ന കോട്ട ഈ റോഡിന്റെ വശത്താണ്.
തൊടുപുഴയിൽനിന്ന് മധുരയിലേക്ക് ഉണ്ടായിരുന്ന മലമ്പാത വൈദ്യുതി ബോർഡ് റോഡായി വികസിപ്പിക്കുകയായിരുന്നു. തുടക്കം മുതൽ റോഡിന് തടസ്സം നിന്നത് വനം വകുപ്പാണ്. നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് റോഡ് ഇപ്പോൾ യഥാർഥ്യമാകുന്നത്.
നീണ്ട കാത്തിരിപ്പിനൊടുവിലാണ് റോഡിനു ടെൻഡർ പൂർത്തീകരിച്ചത്. മാർച്ചിന് മുമ്പ് നിർമാണം ആരംഭിച്ചില്ലെങ്കിൽ ഫണ്ട് നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ടായിരുന്നു. ഒടുവിൽ മന്ത്രി റോഷി ആഗസ്റ്റിൻ മുൻകൈ എടുത്ത് വനം മന്ത്രി എ.കെ. ശശീന്ദ്രനുമായി ചർച്ച നടത്തിയാണ് നിലവിലെ വീതിയിൽ നിർമാണം നടത്തുവാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

