മലങ്കര ജലാശയത്തിലെ രാസമാലിന്യം; പ്ലൈവുഡ് ഫാക്ടറിക്ക് സ്റ്റോപ് മെമ്മോ നൽകി
text_fieldsമലങ്കര ജലാശയത്തിൽ രാസമാലിന്യം ഒഴുക്കിയ പ്ലൈവുഡ് കമ്പനിയിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ പരിശോധന നടത്തുന്നു
കുടയത്തൂർ: മലങ്കര ജലാശയത്തിൽ രാസമാലിന്യം കലർന്ന സംഭവത്തിൽ പ്ലൈവുഡ് ഫാക്ടറിക്ക് സ്റ്റോപ് മെമ്മോ നൽകി ജില്ല ദുരന്തനിവാരണ അതോറിറ്റി. ഓയിൽ ഒഴുകിയെത്തിയ ഇളംദേശത്ത് പ്രവർത്തിക്കുന്ന ഹൈ ലയർ വുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്ലൈവുഡ് ഫാക്ടറിക്കാണ് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ കലക്ടർ സ്റ്റോപ് മെമ്മോ നൽകിയത്. കലക്ടറുടെ ഉത്തരവ് കർശനമായി നടപ്പാക്കാൻ പൊലീസിനും തദ്ദേശ വകുപ്പിനും മലിനീകരണ നിയന്ത്രണ ബോർഡിനും നിർദേശം നൽകിയിട്ടുണ്ട്.
ഫാക്ടറിയിലെ തെർമിക്ക് മോട്ടറിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് പുറത്തേക്ക് ഒഴുകിയ ഓയിൽ മഴവെള്ളത്തോടൊപ്പം വടക്കനാറിലൂടെ മലങ്കര ജലാശയത്തിൽ കലരുകയായിരുന്നു. ഇതേത്തുടർന്ന് ജലാശയത്തിൽനിന്നുള്ള കുടിവെള്ള പമ്പിങ് നിർത്തിവെച്ചു. സംഭവത്തിൽ കാഞ്ഞാർ പൊലീസ് കമ്പനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളും മലിനീകരണ നിയന്ത്രണ ബോർഡും സ്ഥലത്ത് സംയുക്ത പരിശോധന നടത്തിയിരുന്നു.
മലിനീകരണത്തിന് പഞ്ചായത്ത് ചുമത്തുന്ന പിഴ തുക സ്ഥാപന ഉടമ അടക്കേണ്ടി വരും. കുടയത്തൂർ, വെള്ളിയാമറ്റം പഞ്ചായത്തുകൾ കമ്പനിയിൽ നിന്നും രേഖാമൂലം വിശദീകരണം ആവശ്യപ്പെടും. മറുപടി കിട്ടിയ ശേഷമാകും പിഴ ഉൾപ്പടെയുള്ള നിയമ നടപടികൾ സ്വീകരിക്കുക. കമ്പനിക്ക് നിലവിൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെയും പഞ്ചായത്തിന്റെയും ലൈസൻസുള്ളതാണ്. ജലാശയത്തിലെ വെള്ളം ഉപയോഗയോഗ്യമാണെന്ന് വിവിധ വകുപ്പുകൾ പരിശോധിച്ച് ഉറപ്പുവരുത്തുന്നത് വരെ ഫാക്ടറിയുടെ പ്രവർത്തനം പുനരാരംഭിക്കാൻ അനുവദിക്കില്ലെന്ന് കലക്ടർ അറിയിച്ചു.
ജലാശയത്തിൽ മാലിന്യം കലർന്നതോടെ 7 പഞ്ചായത്തുകളിലെ കുടിവെള്ള വിതരണം തടസ്സപ്പെട്ടുകിടക്കുകയാണ്. ജലാശയത്തിൽ കലർന്ന ഓയിൽ പൂർണമായും ഒഴുകി അകന്ന ശേഷമാകും പമ്പിങ് പുനരാരംഭിക്കുക. ജല വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ പമ്പ് ഹൗസുകളിൽ നടത്തിയ സാമ്പിൾ പരിശോധനയിൽ ഹാനികരമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മുട്ടം, കരിങ്കുന്നം, ആലക്കോട്, കരിമണ്ണൂർ, ഉടുമ്പന്നൂർ, കോടിക്കുളം, വണ്ണപ്പുറം പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് തടസ്സപ്പെട്ടു കിടക്കുന്നത്.
പരിശോധന നടത്തി ജനപ്രതിനിധികൾ
തൊടുപുഴ: മലങ്കര ജലാശയത്തിലേക്ക് രാസമാലിന്യം ഒഴുക്കിയ സംഭവത്തിൽ ജനങ്ങളുടെ ആരോഗ്യത്തിനും ജീവിതത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ വെള്ളിയാമറ്റത്ത് പ്രവർത്തിക്കുന്ന പ്ലൈവുഡ് കമ്പനിയിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ പരിശോധന നടത്തി. ആരോഗ്യ സ്ഥിരം സമിതി അംഗം മനോജ് കോക്കാട്ട്, ഡിവിഷൻ അംഗം സജി പി. ജോസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനക്കെത്തിയത്.
കമ്പനിയിൽനിന്നും ജനങ്ങളെ ബാധിക്കുന്ന രീതിയിൽ ഫാക്ടറി മാലിന്യങ്ങൾ പുറന്തള്ളുന്നതായി ബോധ്യപ്പെട്ടതായി സംഘം പറഞ്ഞു. ഇതിനെതിരെ കർശന താക്കീത് നൽകിയ സംഘം ജനങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഹാനികരമായ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
ജില്ല കലക്ടറുടെ നിർദേശപ്രകാരം ഗ്രാമപഞ്ചായത്ത് കമ്പനിക്ക് സ്റ്റോപ് മെമ്മോ നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കലക്ടറുടെ നിർദേശപ്രകാരം സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. ജനങ്ങളുടെ ജീവിതം ദുഷ്‌കരമാക്കുന്ന ഒരു പ്രവർത്തനത്തിനും കൂട്ടുനിൽക്കില്ലെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല സ്റ്റീഫൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

