എട്ടുകോടിയുടെ വികസന പദ്ധതിക്ക് അനുമതിയില്ല; മലങ്കര ടൂറിസത്തിന് മരണമണി
text_fieldsമുട്ടം: സ്വകാര്യ പങ്കാളിത്തതോടെ മലങ്കര ടൂറിസം വികസിപ്പിക്കാനുള്ള പദ്ധതിക്ക് അനുമതി നിഷേധിച്ച് സർക്കാർ. എട്ടുകോടി മുടക്കി സമ്പൂർണ വികസനം നടപ്പാക്കാനുള്ള ജനറൽ കൗൺസിൽ തീരുമാനത്തിനാണ് അനുമതി നിഷേധിച്ചത്. പാർക്കിന്റെ സമ്പൂർണ വികസനം നടപ്പാക്കാൻ പെരുമ്പാവൂർ ആസ്ഥാനമായ ഏജൻസി അപേക്ഷ സമർപ്പിച്ചത് മാസങ്ങൾക്ക് മുമ്പാണ്.
ശേഷം ചേർന്ന മലങ്കര ജനറൽ കൗൺസിൽ യോഗം ഈ അപേക്ഷ സർക്കാറിന്റെ പരിഗണനക്കായി അയച്ചിരുന്നു. ലഭിച്ച ആറ് അപേക്ഷകളിൽ ഏറ്റവും മികച്ചതാണ് അയച്ചത്. എന്നാൽ, പി.പി.പി മോഡൽ വികസനത്തിന് അനുമതി നൽകാൻ കഴിയില്ലെന്നും സർക്കാർ ഏജൻസിയായ കെ.ഐ.ഡി.സിയോടെ പ്രൊപ്പോസൽ സമർപ്പിക്കാൻ നിർദേശിക്കുകയുമാണ് സർക്കാർ ചെയ്തിരിക്കുന്നത്.
അപേക്ഷ നിരസിച്ച് സർക്കാർ
സർക്കാർ ഫണ്ട് ചെലവഴിക്കാതെ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പി.പി.പി (പൊതു-സ്വകാര്യ പങ്കാളിത്തം) മോഡൽ അപേക്ഷ ക്ഷണിച്ചപ്പോൾ ലഭിച്ചത് എട്ടു കോടിയുടെ വികസന പദ്ധതികളാണ്. പെരുമ്പാവൂർ ആസ്ഥാനമായ ഏജൻസിയാണ് എട്ടുകോടി മുടക്കി മലങ്കര ടൂറിസം പദ്ധതി ഏറ്റെടുക്കാൻ സന്നദ്ധമായത്.
ലഭിച്ച ആറ് അപേക്ഷയിൽനിന്നാണ് ഇവരെ തെരഞ്ഞെടുത്തത്. എന്നാൽ, പദ്ധതിതുക വലുതായതിനാൽ സർക്കാറിന്റെ അനുമതി ആവശ്യമായിരുന്നു. സർക്കാർ അനുകൂല തീരുമാനം എടുക്കാത്തതിനാൻ വികസനം ഉടനെങ്ങും യാഥാർഥ്യമാകില്ല.
പദ്ധതിക്ക് തിരിച്ചടിയായി സർക്കാർ നിലപാട്
സർക്കാറിന് സാമ്പത്തിക ബാധ്യത ഇല്ലാതെ ടൂറിസം വികസനം നടത്താൻ കഴിയുന്നതായിരുന്നു പി.പി.പി മോഡൽ പദ്ധതി. അനുമതി ലഭിച്ചാൽ സോളാർ ബോട്ടിങ്, ലൈറ്റ് മ്യൂസിക് ഷോ, എൻട്രൻസ് പ്ലാസയുടെ നവീകരണം തുടങ്ങിയവ ഏജൻസിയുടെ ചെലവിൽ യാഥാർഥ്യമാക്കുമെന്നായിരുന്നു കരാർ.
നിശ്ചിത ശതമാനം ടൂറിസം കൗൺസിലിനും എം.വി.ഐ.പിക്കും ലഭിക്കുമായിരുന്നു. തുടർന്നുള്ള കാലാവധിയിലേക്ക് പാർക്കിന്റെ നവീകരണവും നടത്തിപ്പും ഏജൻസി ഏറ്റെടുക്കുകയും ചെയ്യുമായിരുന്നു. സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുന്ന സർക്കാറിന് കോടികൾ മുടക്കി മലങ്കര ടൂറിസം പദ്ധതിയെന്ന് വിപുലീകരിക്കാൻ കഴിയുമെന്നതിൽ ആശങ്കയിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

