ത്രിവേണി സംഗമത്തിൽ വിദ്യാർഥി ഒഴുക്കിൽപെട്ടു; നാട്ടുകാർ രക്ഷപ്പെടുത്തി
text_fieldsവിദ്യാർഥി അപകടത്തിൽപെട്ട പ്രദേശം
മൂലമറ്റം: ത്രിവേണി സംഗമത്തിൽ കുളിക്കാനിറങ്ങിയ കോളജ് വിദ്യാർഥി ഒഴുക്കിൽപെട്ടു. സംഭവം കണ്ട നാട്ടുകാർ വിദ്യാർഥിയെ ഉടൻ രക്ഷപ്പെടുത്തി. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം.
ഉച്ചയോടെ എത്തിയ അഞ്ചംഗ സംഘം മണിക്കൂറുകളോളം ഇവിടെ കുളിക്കുകയായിരുവെന്ന് നാട്ടുകാർ പറഞ്ഞു. ഇടക്ക് രണ്ടുപേർ മടങ്ങി. വൈകീട്ട് 4.30ഓടെ വൈദ്യുതി നിലയത്തിൽ കൂടുതൽ ജനറേറ്ററുകൾ പ്രവർത്തിപ്പിച്ചപ്പോൾ പെട്ടെന്ന് ജലനിരപ്പ് ഉയരുകയായിരുന്നു. ഇതാണ് ഒഴുക്കിൽപെടാൻ കാരണമായത്. മൂലമറ്റം വൈദ്യുതി നിലയത്തിൽ നിന്ന് ഉൽപാദന ശേഷം പുറം തള്ളുന്ന ജലം ഒഴുകിയെത്തുന്ന പ്രദേശമാണ് ത്രിവേണി സംഗമം. പുഴയുടെ ആഴവും പരപ്പും ഒഴുക്കും അറിയാതെ ജലാശയത്തിൽ ഇറങ്ങുന്നതാണ് അപകടങ്ങൾക്ക് കാരണം.
മൂലമറ്റം കനാലിൽ വീണു അപകടം ഒഴിവാക്കാൻ കെ.എസ്.ഇ.ബി പദ്ധതി തയാറാക്കുമെന്ന് പറഞ്ഞിരുന്നു. അലാറം അടക്കം സംവിധാനങ്ങളൊരുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കെ.എസ്.ഇ.ബിയെ സമീപിച്ചിരുന്നു. എന്നാൽ, സംസ്ഥാനത്തെ ആവശ്യമനുസരിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനാൽ മുന്നറിയിപ്പ് സംവിധാനങ്ങൾ പ്രായോഗികമല്ല. പകരം കനാലിൽ കൂടുതൽ പ്രകാശ സംവിധാനം ഒരുക്കും, മഴക്കാലമെത്തുന്നതോടെ കനാലിന്റെ ഇരുകരയിലും വടം സ്ഥാപിക്കാനാവശ്യമായ പൈപ്പുകൾ സ്ഥാപിക്കും തുടങ്ങിയ ഉറപ്പുകൾ നൽകി രണ്ടുവർഷം പിന്നിട്ടെങ്കിലും നടപടിയുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

