ഇടമലക്കുടിയിൽ കൊട്ടുംപാട്ടും ആരവവുമില്ല; നിശ്ശബ്ദ പ്രചാരണം മാത്രം
text_fieldsഅടിമാലി: കേരളത്തിലെ ഏകഗോത്രവർഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയിൽ ആരവമൊന്നുമില്ലാതെയാണ് തെരഞ്ഞെടുപ്പ്. ഗതാഗതസൗകര്യം കുറവായ ഇവിടെ ഒറ്റപ്പെട്ട ഇടങ്ങളിൽ ചുമന്നുകൊണ്ട് നടക്കാവുന്ന ചെറിയ സ്പീക്കറിൽ മാത്രമാണ് ഉയരുന്ന ശബ്ദം. പാരഡി ഗാനങ്ങളോ മൈക്ക്അനൗൺസ്മെന്റോ ചെണ്ട, താളമേളങ്ങളോയില്ല.കോർണർ യോഗങ്ങളും വീടുകൾ കയറിയുള്ള പ്രചാരണങ്ങളും മാത്രം. വോട്ട് തേടി നേതാക്കളോ താരപ്രചാരകരോ എത്താറില്ല.
2010 നവംബർ ഒന്നിനാണ് പഞ്ചായത്ത് രൂപവത്കരിച്ചത്. മൂന്നാറിൽനിന്ന് 32 കിലോമീറ്റർ വടക്ക് ഭാഗത്തായി ഘോരവനത്തിലാണ് ഈ ഗിരിവർഗമേഖല സ്ഥിതി ചെയ്യുന്നത്. പഞ്ചായത്ത് രൂപവത്കരിക്കുന്നതിനു മുമ്പ് മൂന്നാർ ഗ്രാമപഞ്ചായത്തിന്റെ 13ാം വാർഡായിരുന്നു. മൂന്നാറിൽനിന്ന് ഇരവികുളം ദേശീയപാർക്കിലൂടെ പെട്ടിമുടിവഴി ഇടമലക്കുടി പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റിക്കുടിയിലേക്ക് ജീപ്പ് റോഡ് നിലവിലുണ്ട്. മൺറോഡ് മാത്രമായ ഇവിടെ ഗതാഗതം ദുസ്സഹം.
പെട്ടിമുടിക്കു സമീപമുള്ള പുല്ലുമേടുനിന്ന് ഇഡ്ഡലിപ്പാറക്കുടിവരെയുള്ള കോൺക്രീറ്റ് റോഡിന്റെ പണി നടന്നുവരികയാണ്. കുടിനിവാസികൾ അത്യാവശ്യ ഘട്ടങ്ങളിലൊഴികെ കാൽനടയായാണ് ഇപ്പോഴും പെട്ടിമുടിക്ക് യാത്രചെയ്യുന്നത്. മൂന്നാർ വനം ഡിവിഷന്റെ കീഴിൽവരുന്ന ആനമുടി വനം റിസർവ്, ഇടമലയാർ വനം റിസർവ്, മാങ്കുളം വനം ഡിവിഷൻ എന്നീ വനമേഖലകളിലായിട്ടാണ് പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. ഗ്രാമ പഞ്ചായത്ത് ഓഫിസ്, കുടുംബാരോഗ്യ കേന്ദ്രം, ഗവ. ട്രൈബൽ എൽ.പി സ്കൂൾ, ഫോറസ്റ്റ് ഓഫിസ് എന്നിവ പ്രവർത്തിക്കുന്നുണ്ട്.
ദേശീയപാർക്കിലൂടെയും സംരക്ഷിത വനമേഖലയിലൂടെയും യാത്രചെയ്യേണ്ടതുള്ളതിനാൽ പൊതുജനങ്ങൾക്ക് അനുമതിയില്ലാതെ ഇടമലക്കുടിയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. ആദിവാസി വർഗത്തിൽപെട്ട മുതുവാൻ ഗിരിവർഗക്കാരാണ് ഇവിടെയുള്ളത്. വനത്തിൽ ചിതറിയുള്ള 38 കോളനികളിലായി ഇവർ താമസിക്കുന്നു. ആകെ 14 വാർഡുകൾ.
ഔദ്യോഗിക കണക്കുകൾ അനുസരിച്ച് 1800 വോട്ടർമാരാണ് പഞ്ചായത്തിൽ ഉള്ളത്. സാക്ഷരത 20 ശതമാനം മാത്രം. സംസ്ഥാനത്ത് ടാറിങ് റോഡ് ഇല്ലാത്ത ഏകപഞ്ചായത്തും ഇടമലക്കുടി മാത്രമാണ്. ഭക്ഷണവസ്തുക്കളെല്ലാം തലച്ചുമടായിട്ടാണ് എത്തിക്കുന്നത്. ചിലതിനൊക്കെ ചുമട്ടുകൂലി സർക്കാറാണ് വഹിക്കുന്നത്.
വിദൂര വാർഡുകൾ നൂറടിയും പരപ്പയാറും
ഘോരവനത്തിന് നടുക്ക് ദീപിന് സമാനമാണ് ഇടമലക്കുടി പഞ്ചായത്തിലെ നൂറടി, പരപ്പയാർ വാർഡുകൾ. ഇവിടെ ഉള്ളവർ സാഹസികമായിട്ടാണ് പഞ്ചായത്ത് ആസ്ഥാനത്ത് എത്തുന്നത്. മൂന്ന് മുതൽ നാലുമണിക്കൂർവരെയാണ് കാൽനടയായി സഞ്ചരിക്കേണ്ടത്. വാർഡിൽ മത്സരാർഥികൾക്ക് പുറമെ തെരഞ്ഞെടുപ്പ് ദിനത്തിൽ എത്തുന്ന ഉദ്യോഗസ്ഥർ മാത്രമാണ് എത്തുക. തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന ഇവിടെ വെളിച്ചവും വാർത്താവിനിമയ സംവിധാനങ്ങളും അന്യം. രണ്ട് വാർഡിലുമായി 200ൽ താഴെ വോട്ടർമാരാണുള്ളത്.
കഴിഞ്ഞതവണ തൂക്കുസഭ
ഇടമലക്കുടി പഞ്ചായത്തിൽ കഴിഞ്ഞ തവണ 13 വാർഡാണ് ഉണ്ടായിരുന്നത്. കോൺഗ്രസ് -6, ബി.ജെ.പി -5, സി.പി.എം -2 എന്നായിരുന്നു കക്ഷിനില. ഏറെ രാഷ്ട്രീയ നാടകങ്ങൾ കണ്ട ഇവിടെ കോൺഗ്രസാണ് ഭരിച്ചത്. ഇക്കുറി ഒരു വാർഡ് വർധിച്ച് 14 വാർഡുകളായി. ത്രികോണ മത്സരമാണ് നടക്കുന്നത്. പഞ്ചായത്ത് ആസ്ഥാനം ഉണ്ടെങ്കിലും ഇന്റർനെറ്റും മറ്റ് അനുബന്ധസൗകര്യവും ഇല്ലാത്തതിനാൽ ദേവികുളത്തെ ക്യാമ്പ് ഓഫിസിൽ തന്നെയാണ് പഞ്ചായത്തിലെ കൂടുതൽ പ്രവർത്തനവും നടന്നത്. നാമനിർദേശ പത്രിക സമർപ്പണം ഉൾപ്പെടെ മൂന്നാറിലെ എ.ഇ.ഒ ഓഫിസിലാണ് നടന്നത്. എല്ലാ സ്ഥാനാർഥികളും ഇവിടെ എത്തിയാണ് നടപടി പൂർത്തിയാക്കിയത്. ഒരു വാർഡിൽ ബി.ജെ.പി സ്ഥാനാർഥിയുടെ നാമനിർദേശപത്രിക തള്ളിയതൊഴിച്ചാൽ എല്ലാം സുഗമമായി നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

