നിയമസഭ തെരഞ്ഞെടുപ്പ് അരങ്ങുണർന്നു; ഇനി മീനച്ചൂടിനെ വെല്ലുന്ന പോരാട്ടച്ചൂട്
text_fieldsതൊടുപുഴ: നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ മലയോര ജില്ലയിൽ വോട്ടരങ്ങുണർന്നു. ഇനി ആധിപത്യം നിലനിർത്താനും പിടിച്ചെടുക്കാനും ശക്തി തെളിയിക്കാനുമൊക്കെയുള്ള മുന്നണികളുടെ നെട്ടോട്ടത്തിന്റെ നാളുകളാണ്. തദ്ദേശ തെരഞ്ഞെടുപ്പാരവം ഒതുങ്ങി മൂന്നുമാസം പിന്നിടുമ്പോഴാണ് നാടും നഗരവും നിയമസഭ തെരഞ്ഞെടുപ്പാരവങ്ങളിലേക്ക് കടക്കുന്നത്. ഇക്കുറി നിയമസഭ തെരഞ്ഞെടുപ്പ് നേരത്തെതന്നെ പ്രതീക്ഷിച്ചിരുന്നതിനാൽ മുന്നണികൾക്ക് സ്ഥാനാർഥി നിർണയത്തിനും ഒരുക്കങ്ങൾക്കും വേണ്ടത്ര സമയവും കിട്ടിയെന്ന പ്രത്യേകതയുമുണ്ട്.
പോരാട്ടച്ചൂടിലേക്ക് അഞ്ച് മണ്ഡലങ്ങൾ
ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളാണ് വിധി നിർണയത്തിനൊരുങ്ങുന്നത്. തൊടുപുഴ, ഇടുക്കി, പീരുമേട്, ദേവികുളം, ഉടുമ്പഞ്ചോല എന്നിവയാണവ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അഞ്ചിൽ നാലും എൽ.ഡി.എഫിനൊപ്പമായിരുന്നു. തൊടുപുഴ മാത്രമായിരുന്നു യു.ഡി.എഫിനെ തുണച്ചത്. എന്നാൽ, മൂന്ന് മാസം മുമ്പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ യു.ഡി.എഫ് തരംഗമാഞ്ഞടിച്ചു. 55 ഗ്രാമപഞ്ചായത്തുകളിൽ 37 എണ്ണം യു.ഡി.എഫ് തൂത്ത് വാരി. രണ്ട് നഗരസഭകളും ജില്ല പഞ്ചായത്തുകളും എട്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ ഏഴും യു.ഡി.എഫിനൊപ്പമായി.
ഈ കണക്കുകൾ വെച്ച് ജില്ലയിലെ ഒന്നൊഴിച്ച് നാല് നിയമസഭ മണ്ഡലങ്ങളും യു.ഡി.ഫിനാണ് പൂർണമായ മേൽകൈ. എന്നാലിത് തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രത്യേക സാഹചര്യമാണെന്നും നിയമസഭ തെരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കില്ലെന്നുമാണ് എൽ.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നത്.
നിർണായകമായി കർഷകരും തൊഴിലാളികളും
മലയോര ജില്ലയിൽ വിജയികളെ നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് കർഷകരും തോട്ടം തൊഴിലാളികളുമടങ്ങുന്ന വലിയൊരു ജനവിഭാഗമാണ്. അതുകൊണ്ടുതന്നെ ഇവരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാകുന്നത്. ഒപ്പം ഉടുമ്പഞ്ചോല, ദേവികുളം അടക്കമുള്ള മണ്ഡലങ്ങളിൽ തമിഴ് വോട്ടർമാരും ഏറെയുണ്ട്. നിലവിൽ ഇവരുടെ സ്വാധീനമേഖലകളിലെല്ലാം ഇടത് മുന്നണിയാണ് നേട്ടം കൊയ്തിരുന്നത്. എന്നാൽ, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഈ മേഖലകളിലും കാറ്റ് മാറിവീശിയതാണ് മുന്നണിയുടെ ആശങ്ക. ബി.ജെ.പിക്ക് 2016നെ അപേക്ഷിച്ച് 2021ൽ വോട്ട് നിലയിൽ കാര്യമായ ഇടിവാണ് സംഭവിച്ചത്. ഇത് മറികടക്കാനുള്ള ശ്രമമാണ് അവരും ഇത്തവണ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

