അടിമാലി മണ്ണിടിച്ചിൽ; 44 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും
text_fieldsമന്ത്രി റോഷി അഗസ്റ്റിൻ ദുരന്ത സ്ഥലം സന്ദർശിക്കുന്നു
അടിമാലി: മണ്ണിടിച്ചിൽ ദുരന്ത ബാധിത പ്രദേശത്തെ 44 കുടുംബങ്ങളെ മാറ്റി പാർപ്പിക്കാൻ തീരുമാനം. മണ്ണിടിച്ചിലിൽ ഒരാൾ മരിക്കുകയും പത്ത് വീടുകൾ തകരുകയും ചെയ്തതിനെ തുടർന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ ചേർന്ന അടിയന്തര യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. 25 കുടുംബങ്ങളെ അടിമാലി സർക്കാർ സ്കൂളിലെ താൽകാലിക ക്യാമ്പിലേക്ക് കഴിഞ്ഞ ദിവസം തന്നെ മാറ്റിയിരുന്നു. ഇത് അപകട വ്യാപ്തി കുറച്ചതായി മന്ത്രി പറഞ്ഞു. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും പ്രാഥമിക രക്ഷാപ്രവർത്തനവും ദുരന്ത തീവ്രത കുറച്ചു.
കാലാവസ്ഥാ മുന്നറിയിപ്പും ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങളും പാലിക്കാൻ പൊതുജനങ്ങൾ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരന്തത്തിൽ എട്ടോളം വീടുകൾ പൂർണമായി നഷ്ടമായി. കത്തിപ്പാറയിലെ ക്വാർട്ടേഴ്സിലേക്കും അടിമാലി മച്ചിപ്ലാവ് ലൈഫ് ഭവന സമുച്ചയത്തിലേക്കും ദുരന്തബാധിത പ്രദേശത്തെ കുടുംബങ്ങളെ മാറ്റി പാർപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ്, ജിയോജി വിഭാഗം, ദുരന്ത നിവാരണ വിഭാഗം, പൊതുമരാമത്ത് എന്നിവയുടെ നേതൃത്വത്തിൽ അടിയന്തരമായി പ്രത്യേക ടീം രൂപവത്കരിച്ച് ദുരന്ത ബാധിത പ്രദേശങ്ങളിൽ ശാസ്ത്രീയ പരിശോധന നടത്തും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും നിർമാണ പ്രവർത്തനങ്ങൾ അടക്കമുള്ളം തുടർനടപടികൾ സ്വീകരിക്കുക. മണ്ണ് ഇടിഞ്ഞു കിടക്കുന്ന സ്ഥലത്തെ മണ്ണ് മാറ്റുവാനുള്ള നടപടികളും സ്വീകരിച്ചു.
നാശനഷ്ടമുണ്ടായ കുടുംബങ്ങൾക്ക് അടിയന്തര സഹായങ്ങൾ ലഭ്യമാക്കാൻ നാഷണൽ ഹൈവേ അതോറിറ്റിക്ക് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും സർക്കാർ കൂട്ടുത്തരവാദിത്തത്തോടെ പ്രവർത്തിക്കും.യോഗത്തിൽ ഡീൻ കുര്യക്കോസ് എം.പി, എ.രാജ എം.എൽ.എ, കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ല ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി വർഗീസ് എന്നിവർ സംസാരിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനസ് ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സോമൻ ചെല്ലപ്പൻ, ജില്ലാ പൊലീസ് മേധാവി കെ. എം. സാബു മാത്യു, സബ് കലക്ടർ വി.എം.ആര്യ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
പുനരധിവാസം ആലോചിച്ച് തീരുമാനിക്കും –സബ് കലക്ടർ
അടിമാലി: പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആലോചിച്ച് തീരുമാനിക്കുമെന്ന് സബ് കലക്ടര്‍ വി.എം. ആര്യ പറഞ്ഞു. ദുരിതബാധിത സ്ഥലം വാസയോഗ്യമാണോ എന്ന് പഠനശേഷം തീരുമാനിക്കും. ദേശീയപാത അതോറിറ്റി പഠനം നടത്തിയാണ് നിർമാണങ്ങൾ നടത്തുക.വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും സബ് കലക്ടര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

