ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ; സമരമുഖം തുറന്ന് യു.ഡി.എഫ്, 28ന് ഹർത്താലിന് ആഹ്വാനം
text_fieldsകട്ടപ്പന: ജില്ലയിലെ ഭൂപ്രശ്നങ്ങളിൽ സമരമുഖം തുറന്ന് യു.ഡി.എഫ്. ഇതോടനുബന്ധിച്ച് സംരംഭകത്വ സാധ്യതകളെപ്പറ്റി ആലോചിക്കുന്നതിന് വ്യവസായ മന്ത്രി പി. രാജീവ് ജില്ല സന്ദർശിക്കുന്ന 28ന് ജില്ല ഹർത്താലിന് യു.ഡി.എഫ് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ.
പാൽ, പത്രം, വിവാഹം, മരണം തുടങ്ങി അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെട്ടിട നിർമാണ നിരോധനവും കരുതൽമേഖല പ്രശ്നവും നിമിത്തം ജില്ലയിൽ കഴിഞ്ഞ മൂന്നു വർഷമായി പുതുതായി ഒരു പെട്ടിക്കട പോലും ആരംഭിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ ജോയി വെട്ടിക്കുഴിയും കൺവീനർ പ്രഫ. എം.ജെ. ജേക്കബും കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ ഏറ്റവും മൂലധന നിക്ഷേപം കുറഞ്ഞ ജില്ലയായി ഇടുക്കി പിന്തള്ളപ്പെടുകയാണ്. ഈ സാഹചര്യത്തിൽ ജില്ലയിലെ സംരംഭകത്വ സാധ്യതകളെപ്പറ്റി ആലോചിക്കുന്നതിനുള്ള വ്യവസായ മന്ത്രിയുടെ സന്ദർശനം ജനങ്ങളെ കബളിപ്പിക്കലാണെന്നും ജില്ലയുടെ വികസന കാര്യത്തിൽ ഒരു ആത്മാർഥതയും കാണിക്കാത്ത ഇടതു സർക്കാറിന്റെ നിലപാടിനെതിരെയാണ് ഹർത്താൽ ആചരിക്കുന്നതെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.
കെട്ടിട നിർമ്മാണത്തിന് അനുമതി നൽകുന്നത് നിരോധിച്ചുള്ള റവന്യൂ, തദ്ദേശ സെക്രട്ടറിമാരുടെ ഉത്തരവുകൾ പിൻവലിക്കാൻ നിർദേശം കൊടുക്കാൻ മന്ത്രി ആദ്യം തയാറാകണം. ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് വിഡ്ഢികളാക്കാനുള്ള ശ്രമം ഒരിക്കലും അനുവദിക്കില്ല.
ഭൂപ്രശ്നങ്ങളും ഏലം, കുരുമുളക് എന്നിവയുടെ വിലയിടിവും മൂലവും ഭൂമിയുടെ മൂല്യം കുറയുക മാത്രമല്ല ക്രയവിക്രയങ്ങളും നടക്കുന്നില്ല. കൃഷിക്കാർക്ക് മുമ്പോട്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്.
ഏലം വിപണന രംഗത്തെ അശാസ്ത്രീയ പ്രവണതകൾ ഒഴിവാക്കി ന്യായവില ഉറപ്പാക്കുകയും സ്പൈസസ് അധിഷ്ഠിതമായ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യേണ്ടത്. വന്യമൃഗങ്ങളുടെ ശല്യം കൃഷിക്കാരുടെ ജവിതം പ്രതിസന്ധിയിലാക്കുകയാണ്. ഇത്തരത്തിൽ ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ ഇടുക്കിയിലെ ജനങ്ങളെ കബളിപ്പിച്ചു മുന്നോട്ട് പോകാൻ സർക്കാറിനെ അനുവദിക്കില്ലെന്നും നേതാക്കൾ പറഞ്ഞു.
ജില്ലയിലെ ഭൂപ്രശ്നങ്ങളിൽ ജനവഞ്ചനക്കെതിരെ യു.ഡി.എഫ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും നേതാക്കളുടെയും ഏകദിന സത്യാഗ്രഹം 23 ന് നെടുങ്കണ്ടത്ത് ആഹ്വാനം ചെയ്തിട്ടുണ്ട്. ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തുക, കെട്ടിട നിർമാണ നിരോധനം പിൻവലിക്കുക, കരുതൽമേഖല തീരുമാനം മുൻകാല പ്രാബല്യത്തോടെ റദ്ദാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ജില്ലയിലെ ഭൂപ്രശ്നങ്ങൾ എല്ലാം 2016 ൽ അധികാരത്തിൽ വന്ന പിണറായി സർക്കാരിന്റെ സൃഷ്ടിയാണെന്ന് യു.ഡി.എഫ് നേതൃത്വം ആരോപിച്ചു. യു.ഡി.എഫ് സർക്കാരിന്റെ സീറോ ബഫർ സോൺ നയത്തിൽ മാറ്റം വരുത്തി നാട്ടിൽ ഭീതി സൃഷ്ടിച്ചത് ഇടത് സർക്കാറിന്റെ 2019 ഒക്ടോബർ 27 ലെ തീരുമാനമാണ്. ജില്ലയിലെ സി.പി.എം നേതാക്കൾ ഉദ്യോഗസസ്ഥർക്കെതിരെ നടത്തുന്ന സമരം അപഹാസ്യമാണ്.
സർക്കാരിന്റെ ഇച്ഛാശക്തിയില്ലായ്മ മൂലമാണ് പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തത്. സമയ ബന്ധിതമായി ഭൂപ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകാനാണ് തീരുമാനമെന്നും അടുത്തഘട്ട സമര പരിപാടിയുമായി ജില്ലയിലെ മുഴുവൻ മണ്ഡലം കമ്മിറ്റികളുടെയും ആഭുമുഖ്യത്തിൽ ഡിസംബർ 10 ന് സായാഹ്ന ധർണ നടത്തുമെന്നും നേതാക്കൾ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

