പ്രതിക്ഷയോടെ മലയോര ജനത
text_fieldsRepresentational Image
തൊടുപുഴ: ഭൂപതിവ് ഭേദഗതി ബിൽ പാസായതോടെ ജില്ലക്കും ആശ്വാസം. 1960ലെ നിയമത്തിന് കീഴിൽ പട്ടയം ലഭിച്ചവർക്ക് നിയന്ത്രണങ്ങൾ മറികടന്ന് ഭൂവിനിയോഗം സാധ്യമാക്കുന്ന തരത്തിലാണ് നിയമ ഭേദഗതി വരുത്തിയത്. ഭേദഗതി നിയമം നിലവിൽ വരുന്ന അന്നുവരെ പട്ടയം ലഭിച്ച എല്ലാവരുടെയും ഭൂമിയിൽ നടത്തിയ നിർമാണ പ്രവർത്തനങ്ങൾ സാധൂകരിക്കുന്നതിനും ഇതുവരെ നിർമാണ പ്രവർത്തനങ്ങൾ ഒന്നും നടത്താത്തവർക്ക് അതിനുള്ള അനുമതിയും ലഭ്യമാക്കുന്ന തരത്തിലാണ് ബിൽ വിഭാവനം ചെയ്തിരിക്കുന്നത്. ഇത് നടപ്പാക്കുന്നതിന് ചട്ടങ്ങളിലും ഭേദഗതി വരുത്തും. അതേ സ്വന്തം പട്ടയ വസ്തുവിന്റെ പൂർണ അവകാശം സ്ഥാപിക്കുന്നതിന് സർക്കാറിന് വീണ്ടും പണം നൽകേണ്ട ഗതികേടാണെന്നുമുള്ള ആക്ഷേപമാണ് കോൺഗ്രസും യു.ഡി.എഫും ഉന്നയിക്കുന്നത്.
ഭൂ നിയമ ഭേദഗതി ബില്ല് കത്തിച്ചവര്‍ മാപ്പ് പറയണം -എൽ.ഡി.എഫ്
ചെറുതോണി: ഇടുക്കിയിലെ ജനങ്ങളുടെ ചിരകാല സ്വപ്നമായ ഭൂ നിയമ ഭേദഗതി ബില്ല് കത്തിച്ചവരും ബില്ലിനെ എതിര്‍ത്തവരും ഹര്‍ത്താല്‍ നടത്തിയവരും ജനങ്ങളോട് മാപ്പ് പറയണമെന്ന് എൽ.ഡി.എഫ് ജില്ല കമ്മിറ്റി വാര്‍ത്തക്കുറിപ്പില്‍ ആവശ്യപ്പെട്ടു. 60 വര്‍ഷത്തെ മലയോര ജനതയുടെ കാത്തിരിപ്പിന് സഫലീകരണമുണ്ടാകുന്ന ഘട്ടത്തില്‍ യു.ഡി.എഫും അരാഷ്ട്രീയ സംഘടനകളും കൈകോര്‍ത്ത് ജില്ലയില്‍ നടത്തിയ സമരങ്ങളും പ്രചാരണങ്ങളും എണ്ണിയാല്‍ തീരാത്തതാണ്.
ബിൽ അവതരണവേളയില്‍ നിയമസഭയി ല്‍തന്നെ കോണ്‍ഗ്രസ് പ്രതിനിധി എതിര്‍ക്കുകയും ഇടുക്കിയില്‍ ഉള്‍പ്പെടെ ഭൂനിയമ ഭേദഗതി ബിൽ കത്തിക്കുകയും ആശങ്കയുടെ മൊത്തവ്യാപാരികളായി യു.ഡി.എഫ് മാറുകയും ചെയ്തു.
ജനങ്ങള്‍ക്ക് കൈവശമുള്ള ഭൂമിയുടെമേല്‍ സർവാധികാരവും സ്വാതന്ത്ര്യവും ലഭിക്കുന്ന നിയമഭേദഗതി ബില്ലിനെ എതിര്‍ത്തവരും വലിച്ചെറിഞ്ഞവരും മാപ്പ് പറയുകയാണ് വേണ്ടതെന്ന് എൽ.ഡി.എഫ് നേതാക്കള്‍ വ്യക്തമാക്കി. നിയമ ഭേദഗതിക്ക് തയാറായ പിണറായി വിജയന് മന്ത്രിസഭയെ അഭിവാദ്യം ചെയ്യുന്നതായും എല്‍.ഡി.എഫ് കണ്‍വീനര്‍ കെ.കെ. ശിവരാമന് പറഞ്ഞു.
ഇടുക്കിയില്‍ ചേര്‍ന്ന എൽ.ഡി.എഫ് യോഗത്തില്‍ നേതാക്കളായ സി.വി. വര്‍ഗീസ്, കെ. സലിം കുമാര്‍, ജോസ് പാലത്തിനാല്‍, അഡ്വ. കെ.ടി. മൈക്കിള്‍, കെ.എന്‍. റോയി, സിബി മൂലേപ്പറമ്പില്‍, ആമ്പല്‍ ജോര്‍ജ്, ജോണി ചെരിവുപറമ്പില്‍, എം.എ. ജോസഫ്, സി.എം. അസീസ്, എം.എം. സുലൈമാന്‍ എന്നിവര്‍ സംസാരിച്ചു.
എൽ.ഡി.എഫ് സർക്കാർ പ്രതിബദ്ധത തെളിയിച്ചു -സി.പി.എം
കട്ടപ്പന: കർഷക-കുടിയേറ്റ ജനതയെ ചേർത്തുപിടിച്ച് സംരക്ഷിക്കുന്ന ചരിത്ര ബില്ലാണ് എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്നതെന്ന് സി.പി.എം ജില്ല സെക്രട്ടറി സി.വി. വർഗീസ്. 1960ലെ ഭൂമി പതിവ് നിയമം ഭേദഗതി ചെയ്ത് ചട്ടങ്ങളും വ്യവസ്ഥകളും സംബന്ധിച്ച ബില്ലാണ് യാഥാർഥ്യമാകുന്നത്.
ജില്ലയോട് പ്രതിബദ്ധത തെളിയിച്ച സർക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം ജില്ല കമ്മിറ്റി അഭിവാദ്യമർപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും എതിർപ്പും വിയോജിപ്പും ഇരട്ടത്താപ്പ് നയമാണെന്ന് ഒരിക്കൽകൂടി തെളിഞ്ഞു. കൃഷിക്കും വീട് വെക്കാനുമല്ലാതെ മറ്റ് ആവശ്യങ്ങൾക്കുകൂടി ഭൂമി ഉപയോഗിക്കാൻ അനുമതി നൽകാനും നിലവിൽ ചട്ടവിരുദ്ധമായി ഉപയോഗിച്ചത് സാധൂകരിക്കാനും സർക്കാറിന് അധികാരം നൽകുന്നതാണ് 2023ലെ കേരള സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ (ഭേദഗതി) ബിൽ.
എല്ലാ ഭൂമി പ്രശ്നങ്ങളുടെയും സങ്കീർണതകളുടെയും കുരുക്കഴിച്ച് അർഹർക്കെല്ലാം പട്ടയമടക്കം നൽകി മണ്ണിന് അവകാശികളാക്കി മാറ്റുകയാണ് എൽ.ഡി.എഫ് സർക്കാർ. മലയോര കർഷകന്റെ ഭൂമിക്കുമേലുള്ള അവകാശവും സ്വതന്ത്ര വിനിയോഗവും അവനു വിട്ടുകൊടുക്കുന്ന ഭൂസ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമാണിത്. പട്ടയം ലഭിച്ച ഭൂമി കൃഷിക്കും വീട് വെക്കാനും മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന കോൺഗ്രസ് സർക്കാറുകൾ കൊണ്ടുവന്ന നിയമത്തെയാണ് എൽ.ഡി.എഫ് സർക്കാർ പൊളിച്ചെഴുതിയതെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.എസ്. മോഹനൻ, കട്ടപ്പന ഏരിയ സെക്രട്ടറി വി.ആർ. സജി എന്നിവരും പറഞ്ഞു.
മലയോര മേഖലക്ക് പുത്തനുണര്‍വ് നൽകും -കേരള കോണ്‍ഗ്രസ് (എം)
കട്ടപ്പന: കേരള ഭൂപതിവ് ഭേദഗതി ബില്‍ ഏകകണ്ഠമായി പാസായത് ഏറെ സന്തോഷകരമാണെന്നും ടൂറിസം രംഗത്ത് അടക്കം മലയോര മേഖലയുടെ പുത്തനുണര്‍വിന് സാഹചര്യമൊരുക്കുമെന്നും കേരള കോണ്‍ഗ്രസ് (എം) ജില്ല പ്രസിഡന്റ് ജോസ് പാലത്തിനാല്‍ പറഞ്ഞു. ജില്ലയിലെ ജനങ്ങളുടെ ഏറെനാളത്തെ ആവശ്യമാണ് ഇതോടെ യഥാര്‍ഥ്യമാകുന്നത്. നിലവിലെ പട്ടയങ്ങളിലെ നിർമാണം അംഗീകരിക്കുകയും ഇനിയുള്ള പട്ടയങ്ങളില്‍ നയം രൂപവത്കരിക്കാന്‍ സര്‍ക്കാറിനെ ചുമതലപ്പെടുത്തുകയും ചെയ്തതിലൂടെ നിര്‍മാണ തടസ്സങ്ങള്‍ പൂര്‍ണമായും മാറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭേദഗതി ബില്‍ കൊണ്ടുവരുന്നതിന് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എൽ.ഡി.എഫ് നേതാക്കള്‍ നടത്തിയ പരിശ്രമം വിജയിച്ചിരിക്കുകയാണ്.
മനമറിഞ്ഞ സർക്കാര്‍ -സി.പി.ഐ
ഇടുക്കി: 1960ലെ ഭൂമി പതിവ് നിയമം ഭേദഗതി ചെയ്തുള്ള ബില്ല് നിയമസഭയിൽ പാസാക്കിയ എൽ.ഡി.എഫ് സർക്കാർ മലയോര ജനങ്ങളുടെ മനമറിഞ്ഞ സർക്കാറാണെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ.സലിംകുമാർ. ഭൂപതിവ് നിയമ ഭേദഗതി ബില്ല് കത്തിക്കുകയും ബില്ല് അവതരണവേളയില്‍ തടസ്സം സൃഷ്ടിക്കുകയും ചെയ്ത മാത്യു കുഴല്നാടന് എം.എല്‍.എയും യു.ഡി.എഫ് നേതാക്കളും ജനങ്ങളോട് തെറ്റ് ഏറ്റുപറയാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭൂപതിവ് നിയമത്തിന്റെ പേരില്‍ കോൺഗ്രസും യു.ഡി.എഫും മറ്റ് ചില കുബുദ്ധികളും സംഘടിതമായി എൽ.ഡി.എഫ് സർക്കാറിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചെയ്തത്. ഭരണത്തിലിരുന്നപ്പോൾപോലും ഹൈകോടതി ഉത്തരവിനെതിരെ ഒരു ചെറുവിരൽപോലും അനക്കാതിരുന്ന യു.ഡി.എഫ് നേതാക്കൾ കർഷക സ്നേഹം അഭിനയിക്കുക മാത്രമാണ് ഇക്കാലമത്രയും ചെയ്തിട്ടുള്ളതെന്നും സലിംകുമാര്‍ പറഞ്ഞു.
സർക്കാറിേന്റത് കള്ളക്കളി-ഡീൻ കുര്യാക്കോസ് എം.പി
തൊടുപുഴ: ഭൂപതിവ് നിയമ ഭേദഗതിയിലൂടെ നിലവിലെ നിയമമനുസരിച്ച് പെർമിറ്റ് വാങ്ങി ചെറിയ കെട്ടിടങ്ങൾ ഉൾപ്പെടെ നിർമിച്ചവരിൽനിന്ന് ഫീസ് ഈടാക്കാനുള്ള കള്ളക്കളിയാണ് സർക്കാർ നടത്തിയതെന്ന് ഡീൻ കുര്യാക്കോസ് എം.പി. ഇതോടെ എൽ.ഡി.എഫ് ഭരണത്തിൻ കീഴിൽ ഉദ്യോഗസ്ഥ, രാഷ്ട്രീയ തേർവാഴ്ചയിലൂടെ സ്വന്തം അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാറിന് കപ്പം കൊടുത്തും ഭരണകക്ഷിക്ക് കൈക്കൂലി കൊടുക്കേണ്ടതുമായ ഗതികേട് സാധാരണക്കാരന് സംജാതമാകും. കേവലം ചട്ടം ഭേദഗതി വരുത്തി കാലാനുസൃതമായ നിർമാണങ്ങൾ മുൻകാല പ്രാബല്യത്തോടെ അനുവദിക്കുമെന്ന ഭേദഗതി വരുത്തി അർഹരായവർക്ക് നിയമ സാധുത നൽകുകയായിരുന്നു വേണ്ടത്. സ്വന്തം പട്ടയ വസ്തുവിന്റെ പൂർണാവകാശം സ്ഥാപിക്കാൻ സർക്കാറിന് വീണ്ടും പണം നൽകേണ്ട ഗതികേടിലാണ് സാധാരണക്കാർ. 2019 ആഗസ്റ്റ് 22ന് സ്ഥലം ഉടമയെ സ്വന്തം ഭൂമിയിൽ പാട്ടക്കാരനാക്കുന്ന വിധത്തിൽ വിചിത്ര ഉത്തരവ് പുറപ്പെടുവിച്ച ഈ സർക്കാർ ഉണ്ടാക്കിയ നിയമക്കുരുക്കാണ് പ്രതിസന്ധികൾ സൃഷ്ടിച്ചത്. ഈ വിധത്തിൽ ജനങ്ങളെ പീഡിപ്പിക്കുന്നതും ജനവിരുദ്ധമായ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധത്തിനു നേതൃത്വം നൽകുമെന്നും ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.
ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ നിയമ ഭേദഗതികൊണ്ട് കഴിയില്ല - ഡി.സി.സി
തൊടുപുഴ: ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ ഇപ്പോഴത്തെ നിയമ ഭേദഗതികൊണ്ട് കഴിയില്ലെന്ന് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു.
മുമ്പ് പതിച്ചുനൽകിയ ഭൂമിയിലെ ഇതുവരെയുള്ള ചട്ട ലംഘനങ്ങൾ ക്രമവത്കരിക്കാനും പതിച്ചുനൽകിയ ഭൂമി ഇനി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും അനുമതി നൽകുന്നതിന് സർക്കാറിനെ അധികാരപ്പെടുത്തുക മാത്രമാണ് ഇപ്പോഴത്തെ നിയമ ഭേദഗതിയിലൂടെ സർക്കാർ ചെയ്തത്.
ഇത് ജില്ലയിലെ ഭൂപ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കും. ജില്ലയിലെ പട്ടയഭൂമിയിൽ നടത്തിയ നിർമാണങ്ങൾ എല്ലാം അതതുകാലത്തെ ചട്ടങ്ങൾ പാലിച്ചാണുള്ളത്. ഈ നിർമാണങ്ങൾ ചട്ടലംഘനത്തിന്റെ പരിധിയിൽപെടുത്തി പിഴ ഈടാക്കി ക്രമപ്പെടുത്തുക മാത്രമാണ് നിയമഭേദഗതിയുടെ ഉദ്ദേശ്യം. ഇത് വ്യാപക അഴിമതിക്കും സങ്കീർണ നിയമ പ്രശ്നങ്ങൾക്കും ഇടയാക്കുമെന്നും സി.പി. മാത്യു പറഞ്ഞു.
നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ചട്ടങ്ങള്‍ ഭേദഗതി ചെയ്യണം -പി.ജെ. ജോസഫ്
തൊടുപുഴ: ഭാവിയിൽ വിതരണം ചെയ്യുന്ന പട്ടയങ്ങൾ ഉപാധിരഹിതമായിരിക്കണമെന്നും നിർമാണ പ്രവൃത്തികൾ ക്രമവത്കരിക്കുന്നത് പിഴ ഈടാക്കാതെയാകണമെന്നും പി.ജെ. ജോസഫ് എം.എൽ.എ. 1964ലെയും 1993ലെയും ചട്ടങ്ങളിൽ പറയുന്ന ഭൂവിനിയോഗത്തിനുള്ള നിയന്ത്രണം എടുത്തുകളയാതെ നിർമാണ അനുമതി നൽകാൻ ഉദ്യോഗസ്ഥരെ ഏൽപിക്കുകയാണ്. അനുമതി നൽകുന്ന ഉദ്യോഗസ്ഥൻ എന്തുകൊണ്ടാണ് അനുമതി നൽകുന്നത് എന്ന് ഉത്തരവിൽ രേഖപ്പെടുത്തേണ്ടതുണ്ട്. ഭൂമി ക്രമവത്കരിക്കാനുള്ള അധികാരം ഉദ്യോഗസ്ഥരിലേക്ക് ചുരുക്കരുത്. പട്ടയഭൂമി കൃഷി ആവശ്യത്തിനും വീടുവെക്കാനും മാത്രമേ ഉപയോഗിക്കാവൂ എന്ന വ്യവസ്ഥയാണ് ഭേദഗതി ചെയ്യേണ്ടിയിരുന്നത്. ഈ ചട്ടങ്ങൾ നിലനിൽക്കുന്നതുകൊണ്ടാണ് ഭൂമി ഉപാധിരഹിതമായും സ്വതന്ത്രമായും ഉപയോഗിക്കാൻ കഴിയാത്തത്. ഭാവിയിൽ നല്കുന്ന പട്ടയങ്ങളിൽ ഉൾപ്പെടുന്ന ഭൂമിയും സ്വതന്ത്രമായി ഉപയോഗിക്കാനാകണമെന്നും ജോസഫ് പറഞ്ഞു.
യു.ഡി.എഫ് നേതാക്കൾക്ക് അഭിനന്ദനം -എം. മോനിച്ചൻ
തൊടുപുഴ: നിയമസഭയിൽ ഭൂവിനിയോഗ നിയമ ഭേദഗതി ബിൽ ചർച്ചക്ക് വന്നപ്പോൾ ഇടുക്കിയിലെ കുടിയേറ്റ ജനതക്കുവേണ്ടി നിലപാട് സ്വീകരിച്ച പ്രതിപക്ഷ നേതാക്കളായ പി.ജെ. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, സബ്ജക്ട് കമ്മിറ്റി അംഗങ്ങളായ എൻ.എ. നെല്ലിക്കുന്ന്, സനീഷ്കുമാർ ജോസഫ് എന്നിവരെ അഭിനന്ദിക്കുന്നതായി കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ പറഞ്ഞു.
1960ലെ ഭൂപതിവ് നിയമം ഭേദഗതി ചെയ്യുമ്പോൾ പണിപൂർത്തീകരിച്ച കെട്ടിടങ്ങൾ പിഴ ഈടാക്കാതെ ക്രമപ്പെടുത്തണമെന്നും പുതുതായി അനുവദിക്കുന്ന പട്ടയങ്ങൾ ഉപാധിരഹിതമായിരിക്കണമെന്നും നിലവിലുള്ള പട്ടയഭൂമിയിൽ നിർമാണ നിരോധനം നീക്കണമെന്നുമുള്ള ആവശ്യം സഭയിൽ ഇവർ ഉന്നയിച്ചത് ശ്രദ്ധേയമാണ്.
നിയമ ഭേദഗതി ബില്ലിൽ കാതലായ മാറ്റങ്ങൾ ആവശ്യപ്പെട്ടിട്ടും സബ്ജക്ട് കമ്മിറ്റിയിൽ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് നിയമസഭയിൽ ജില്ലയിൽനിന്നുള്ള പി.ജെ. ജോസഫും തിരുവഞ്ചൂർ രാധാകൃഷ്ണനും ഭേദഗതികൾ അവതരിപ്പിച്ച് രംഗത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

