ദുരിതംപേറി ലക്ഷംവീട് കോളനികൾ
text_fieldsമുട്ടം തോട്ടുംകര കോളനിയിലെ ഇരട്ടവീടുകളിൽ ഒന്ന്
മുട്ടം: ദുരിതംപേറി ലക്ഷംവീട് കോളനിയിലെ കുടുംബങ്ങൾ. മുട്ടം തോട്ടുംകര കോളനിയിലെ 45 കുടുംബമാണ് രണ്ട് ഏക്കറോളം സ്ഥലത്ത് തിങ്ങിപ്പാർക്കുന്നത്.ഇതിൽ 34 കുടുംബം ഒരു മതിലിന് അപ്പുറവും ഇപ്പുറവും ആയാണ് താമസം. ഓടുമേഞ്ഞ വീടുകൾ പലതും ചോർന്നൊലിക്കുകയാണ്. ഇരട്ടവീടായതിനാൽ അറ്റകുറ്റപ്പണിയും ബുദ്ധിമുട്ടിലാണ്. പല വീടും ജീർണാവസ്ഥയിലായതോടെ പടുത മേഞ്ഞാണ് കുടുംബങ്ങൾ കഴിഞ്ഞുകൂടുന്നത്. ഗാർഹികമാലിന്യം സംസ്കരിക്കാൻപോലും സൗകര്യങ്ങളില്ല.
50 വർഷമായി 34 കുടുംബം ഒരു ഭിത്തിക്ക് ഇരുവശത്തായി താമസിക്കുന്നു. ലക്ഷംവീട് ഭവനപദ്ധതിയിൽപെടുത്തി പണിത വീടുകളാണ് ഇവ. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ഇത്തരം ഇരട്ടവീടുകൾ ഒറ്റവീടാക്കി മാറ്റിയിട്ടുണ്ട്.തോട്ടുംകര കോളനിയിലെ ഇരട്ടവീടുകൾ ഒറ്റവീടാക്കാൻ നടപടി ആരംഭിച്ചതായി മുട്ടം പഞ്ചായത്ത് പ്രസിഡന്‍റ് ഷൈജ ജോമോൻ പറഞ്ഞു.
മുഴുവൻ ഇരട്ടവീടും അടിയന്തര പ്രാധാന്യത്തോടെ ഒറ്റവീടാക്കാനാണ് ശ്രമം. ഗ്രാമസഭ വഴി വീട്ടുകാരിൽനിന്ന് അപേക്ഷ സ്വീകരിച്ചിട്ടുണ്ട്. ആദ്യഘട്ട നിർമാണം ഉടൻ തുടങ്ങും. കോളനി പൂർണമായും നവീകരിക്കാൻ രണ്ട് കോടിയോളം വേണ്ടിവരും. സർക്കാർ സഹായവും സി.എസ്.ആർ ഫണ്ടും സമാഹരിച്ച് നവീകരണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും പ്രസിഡന്‍റ് പറഞ്ഞു.
പെരുത്തുണ്ട് പെരിയാർ നഗറിന്‍റെ സങ്കടം
കുമളി: മഴ പെയ്താൽ ഉടൻ താമസം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റണം. കുമളി ടൗണിന് സമീപത്തെ പെരിയാർ നഗർ ലക്ഷംവീട് കോളനിവാസികളുടെ അവസ്ഥയാണിത്. ഒഴുകിയെത്തുന്ന മഴവെള്ളം താഴ്ന്ന പ്രദേശത്തുള്ള കോളനിയിൽ കെട്ടിക്കിടക്കും. വീടുകൾക്കുള്ളിൽ നാലടി വരെ വെള്ളം ഉയരുന്നതോടെ ഉള്ള സമ്പാദ്യം ഉപേക്ഷിച്ച് ക്യാമ്പിലേക്ക് മാറുകയാണ് ജീവൻ രക്ഷിക്കാനുള്ള ഏക മാർഗം.
കുമളി പെരിയാർ നഗർ ലക്ഷംവീട് കോളനി
1985ൽ സ്ഥാപിച്ച പെരിയാർ നഗർ കോളനിയിൽ 32 വീടാണുള്ളത്. മിക്കവരും കൂലിപ്പണിക്കാർ. നാല് പതിറ്റാണ്ട് മുമ്പ് നിർമിച്ച ഘട്ടത്തിലുള്ള രീതിയിൽ ഇപ്പോഴും ആറ് വീടുണ്ട്.ഇവ എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുവീഴാം. പഞ്ചായത്ത്, റവന്യൂ അധികൃതരുടെ സഹായ വാഗ്ദാനങ്ങൾ കടലാസിൽ ഒതുങ്ങുകയാണ്.
കുളത്തുപ്പാലം മുതൽ ആനവാചാൽ വരെയുള്ള തോടിന്‍റെ ആഴം കൂട്ടി വൃത്തിയാക്കിയാൽ കോളനിയിലെ വെള്ളപ്പൊക്കത്തിന് പരിഹാരമാകും. ഇക്കാര്യത്തിൽ നിരവധി നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് കോളനിയിലെ താമസക്കാരനായ ചന്ദ്രൻ പറയുന്നു.
വെള്ളം പൊങ്ങുമ്പോൾ ആശ്വാസവാക്കുകളുമായി എത്തുന്ന നേതാക്കൾ പിന്നീട് തിരിഞ്ഞുനോക്കാറില്ലത്രേ. കഴിഞ്ഞ പ്രളയകാലത്ത് ഒന്നരമാസത്തിലധികമാണ് കോളനിവാസികൾ ക്യാമ്പുകളിൽ കഴിഞ്ഞത്. മഴവെള്ളം കയറി നിത്യോപയോഗ സാധനങ്ങളും ഗൃഹോപകരണങ്ങളുമെല്ലാം നശിച്ച നിരവധി സംഭവങ്ങൾ കോളനിക്കാർക്ക് പറയാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

