ബാലവേല; കർശന നപടികളുമായി തൊഴിൽ വകുപ്പ്
text_fieldsതൊടുപുഴ: ജില്ലയില്‍ ബാലവേലക്കെതിരെ കർശന നടപടികളുമായി ലേബർ വകുപ്പ്. 2024 മുതൽ ഇതുവരെ അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍മാര്‍ വിവിധ തൊഴിലിടങ്ങളിലും പ്ലാന്റേഷന് ഇന്‍സ്പെക്ടര്‍മാര്‍ വിവിധ പ്ലാന്റേഷനുകളിലും 580 പരിശോധനകള്‍ നടത്തി.
കൂടാതെ വനിതാ ശിശു വികസന വകുപ്പ്, പൊലീസ്, ചൈല്ഡ്ലൈന് എന്നിവരുടെ സഹകരണത്തോടെ 49 സംയുക്ത പരിശോധനകൾ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, എസ്റ്റേറ്റുകള്‍, ഫാക്ടറികള്‍ തുടങ്ങിയ ഇടങ്ങളിലും നടത്തി. നിലവിൽ ജില്ലയില്‍ അഞ്ച് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരും നാല് പ്ലാന്റേഷന് ഇന്‍സ്പെക്ടര്‍മാരുമാണ് സേവനമനുഷ്ഠിക്കുന്നത്. ഇവര്‍ പ്രതിമാസ പരിശോധനകളില്‍ ബാലവേല നിരോധന നിയമം ഉള്‍പ്പെടുത്തി തുടര്‍ നടപടികൾ സ്വീകരിക്കുന്നതായും ജില്ലാ ലേബർ ഓഫീസർ പറഞ്ഞു.
ശാന്തന്‍പാറ അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍, പൊലീസ്, ചൈല്ഡ്ലൈന് എന്നിവരുടെ സഹകരണത്തോടെ കൊന്നത്തടി പഞ്ചായത്തിലെ മുനിയറയില്‍ നടത്തിയ പരിശോധനയില്‍ ബാലവേല കണ്ടെത്തുകയും കുട്ടിയെ രക്ഷപ്പെടുത്തി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടി രക്ഷിതാക്കളോടൊപ്പം സ്വദേശത്തേക്ക് മടങ്ങിപ്പോയി. വിഷയവുമായി ബന്ധപ്പെട്ട് അടിമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
തൊഴിലിടങ്ങളിലും തോട്ടം മേഖലയിലും തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ബോധവത്കരണ ക്ലാസുകള്‍, അതിഥി തൊഴിലാളികള്‍ക്ക് അവരുടെ സ്വന്തം ഭാഷയില്‍ ബോധവത്കരണം, ലഘുലേഖ വിതരണം എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ.
കൂടാതെ എല്ലാ വര്‍ഷവും ജൂണ്‍ 12 ലോക ബാലവേല വിരുദ്ധ ദിനം വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വിപുലമായി ആചരിക്കുന്നതായും ജില്ലാ ലേബർ ഓഫിസർ അറിയിച്ചു. നിയമലംഘനങ്ങളോ ഇതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾക്കായി ജില്ലയിലെ അസിസ്റ്റന്റ് ലേബർ ഓഫിസര്‍മാരെയോ പ്ലാന്റേഷൻ ഇൻസ്പെക്ടർമാരെയോ ബന്ധപ്പെടാം.
അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ തൊടുപുഴ - 8547655396, മൂന്നാര്‍ - 8547655397, ശാന്തന്‍പാറ - 8547655398, പീരുമേട് - 8547655399, നെടുങ്കണ്ടം - 8547655400പ്ലാന്റേഷന് ഇന്‍സ്പെക്ടര്‍, പീരുമേട് - 8547655321, വണ്ടന്മേട് - 8547655325, മൂന്നാര്‍ - 8547655327, ആലുവ - 8547655329
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

