കുരുതിക്കളം-വെള്ളിയാമറ്റം റോഡിന് വീതിയില്ല; അപകടം കൂടുന്നു
text_fieldsകുരുതിക്കളം-വെള്ളിയാമറ്റം റോഡ്
മൂലമറ്റം: കുരുതിക്കളം-വെള്ളിയാമറ്റം റോഡിന്റെ വീതികൂട്ടാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ. വീതി കുറവ് അപകടങ്ങൾക്ക് കാരണമാകുന്നതായി പരാതി. തൊടുപുഴ വഴി ചുറ്റിക്കറങ്ങാതെ വെള്ളിയാമറ്റം, കരിമണ്ണൂര്‍ ഉടുമ്പന്നൂര്‍, വണ്ണപ്പുറം ഭാഗങ്ങളിലേക്ക് എത്താനുള്ള ഏറ്റവും ദൂരംകുറഞ്ഞ വഴിയാണിത്. അതിനാൽതന്നെ ദിവസവും നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. വഴിക്ക് തീരെ വീതികുറവായതിനാല്‍ എതിരെവരുന്ന വാഹനങ്ങള്‍ക്ക് അരിക് നല്കാന് കഴിയാതെവരുന്നു. കുത്തനെ കയറ്റവും ഇറക്കവുമുള്ള റോഡില്‍കൂടി വാഹനങ്ങള്‍ പലപ്പോഴും വളരെദൂരം പിന്നോട്ടെടുക്കേണ്ട സാഹചര്യവും ഉണ്ടാകാറുണ്ട്. 2021ലെ ഉരുൾപൊട്ടലിൽ റോഡിലേക്ക് പലയിടത്തും വീണുകിടക്കുന്ന കല്ല് ഇതുവരെ നീക്കംചെയ്തിട്ടില്ല. ഇതും അപകടത്തിന് കാരണമാകുന്നു. കുരുതിക്കളം-വെള്ളിയാമറ്റം റോഡിന്റെ ദൂരം അഞ്ച് കിലോമീറ്ററാണ്. സ്ഥലം ഏറ്റെടുത്ത് കല്ലിട്ടിരിക്കുന്നതിന്റെ മധ്യത്തില്‍കൂടി മാത്രമാണ് റോഡ് പണിതിട്ടുള്ളത്. റോഡിന്റെ ഇരുഭാഗത്തുമായി മൂന്ന് മീറ്ററിലേറെ ഉപയോഗിക്കാതെ കിടപ്പുണ്ട്. ഇത് ഉപയോഗിച്ച് റോഡിന് വീതികൂട്ടണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് നിരവധി തവണ പരാതി നല്‍കിയെങ്കിലും പരിഗണന ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

