കുറിഞ്ഞിപ്പൂക്കൾ കണ്ടാസ്വദിക്കാം; തൊട്ടാൽ പണി
text_fieldsകുറിഞ്ഞിപ്പൂക്കൾ
തൊടുപുഴ: നീലക്കുറിഞ്ഞി വസന്തം കാണാൻ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികൾ പലപ്പോഴും സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞിയുടെ പ്രാധാന്യത്തെക്കുറിച്ച് അത്ര ബോധവാന്മാരല്ല. കുറിഞ്ഞി പറിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം തടവും പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണ്. സഞ്ചാരികൾ കർശനമായും പാലിക്കേണ്ടവയാണ് കുറിഞ്ഞിച്ചെടികൾ പറിക്കരുത് എന്നുള്ള നിർദേശമെന്ന് വനം വകുപ്പധികൃതർ ചൂണ്ടിക്കാട്ടുന്നു.
അപൂർവസസ്യമായ നീലക്കുറിഞ്ഞിയുടെ സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ടാണ് ഈ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. പരിസ്ഥിതി പ്രവർത്തകരുടെ അടക്കം ദീർഘകാലത്തെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കേന്ദ്രസർക്കാർ സംരക്ഷിത സസ്യങ്ങളുടെ പട്ടികയിൽ നീലക്കുറിഞ്ഞിയെ ഉൾപ്പെടുത്തിയത്. സ്ട്രോബിലിയാന്തിസ് ജനുസിലെ സസ്യങ്ങൾക്ക് പൂവിടൽ കാലങ്ങൾ തമ്മിൽ വേറിട്ട ഇടവേളകളാണുള്ളത്. ഇതിൽ നീലക്കുറിഞ്ഞിക്കാണ് ഏറ്റവും ദൈർഘ്യമേറിയ ഇടവേള. 12 വർഷത്തിലൊരിക്കൽ മാത്രം മൂന്നാറിലെ ഷോലവനങ്ങൾക്കിടയിലെ പുൽമേടുകളിൽ ഇളം വയലറ്റ് നിറത്തിൽ കുറിഞ്ഞിച്ചെടികൾ പൂവിടുന്നു. പൂക്കാലം അവസാനിക്കുന്നതോടെ വിത്തുകൾ മണ്ണിൽ നിക്ഷേപിച്ച് കുറിഞ്ഞിച്ചെടികൾ ജീവചക്രം പൂർത്തിയാക്കും. വിത്തുകൾ മുളച്ചു വളർന്നാൽ മാത്രമേ 12 വർഷത്തിനപ്പുറം വീണ്ടുമൊരു നീലക്കുറിഞ്ഞി വസന്തം സാധ്യമാകൂ.
കുറിഞ്ഞിപ്പൂക്കൾ പറിക്കരുത് എന്ന് പറയുന്നതിന്റെ ശാസ്ത്രീയവശം ഇതാണ്. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിൽ മൂന്നാം പട്ടികയിലെ ആദ്യ പേരുകാരിയാണ് നീലക്കുറിഞ്ഞി. സെക്ഷൻ 17 എ പ്രകാരം കുറിഞ്ഞിപ്പൂക്കൾ പറിക്കുകയോ നശിപ്പിക്കുകയോ ചെയ്താൽ മൂന്നുവർഷം വരെ തടവുശിക്ഷയോ 25,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്നതാണ്. നീലക്കുറിഞ്ഞി കാണാനെത്തുന്ന സഞ്ചാരികളെ വനം വകുപ്പ് വേണ്ടവിധത്തിൽ ബോധവത്കരിക്കുന്നില്ലെന്ന പരാതി നിലനിൽക്കുന്നുണ്ട്.
അൽപം നീലക്കുറിഞ്ഞിക്കാര്യം...
പഴയ കുറഞ്ഞിപ്പൂക്കാലത്തെ ഓർത്തെടുക്കുകയാണ് മുൻ ജില്ല പഞ്ചായത്തംഗമായ സ്വാമിയാറള കുടിയിലെ സി. രാജേന്ദ്രൻ: രണ്ടാൾ പൊക്കത്തിലും കൂടുതൽ വളരുന്ന പെരും കുറിഞ്ഞിപ്പൂവാണ് വട്ടവട സ്വാമിയാരലക്കുടിയിൽ പൂവിട്ടിരുന്നത്. പൂ ഉണങ്ങി വിത്ത് പൊട്ടി മണ്ണിൽ വീണതിന് ശേഷം കുറിഞ്ഞിച്ചെടി ഉണങ്ങിപ്പോകും. പൂവുള്ളപ്പോൾ നീലനിറമാണെങ്കിൽ ചെടി ഉണങ്ങിയ ശേഷം മല കറുത്ത നിറമാകും. അന്ന് ഞങ്ങളുടെ ആളുകൾ മലമുകളിൽ പൂജ ചെയ്യുമായിരുന്നു. വിത്ത് പൊട്ടി വീണ് ബാക്കിയായ ചെടി ഉണങ്ങിക്കഴിഞ്ഞാൽ വിറകിനും ബീൻസിന് വള്ളിപിടിക്കാനുള്ള താങ്ങായും ഇവ ഉപയോഗിക്കും.
വലിയ അനുഗ്രഹമായിരുന്നു കുറിഞ്ഞിപ്പൂക്കാലം. കുറിഞ്ഞി പൂക്കുന്ന കൊല്ലം വളരെ സവിശേഷതയുള്ളത് പ്രദേശത്തെ തേനിനാണ്. നല്ല ചുവന്ന നിറത്തിലാണ് പല തേനീച്ചക്കൂടുകളിൽനിന്നും തേൻ ലഭിക്കുക. 2002ലോ 2006ലോ ആർക്കും വേണ്ടായിരുന്നു ഈ നീലക്കുറിഞ്ഞി വസന്തം. 2014ൽ ചെറിയ അളവിൽ പ്രശസ്തി നേടി. 2006ൽ കുറിഞ്ഞി പൂക്കുമ്പോൾ ഇന്നത്തെ ഇരവികുളത്തുപോലും വനം വകുപ്പിന്റെ നിയന്ത്രണങ്ങളുണ്ടായിരുന്നു.
പ്രദേശികമായി പൂവുകൾ വ്യത്യാസപ്പെടുന്നുണ്ടെങ്കിലും പൂക്കുന്ന സമയം 12 വർഷം തന്നെയാണ്. ഇതിനിടയിൽ ചെറുതായി പൂക്കുന്നവയെ കള്ളപ്പൂവെന്ന് ഞങ്ങളുടെ ഗോത്രത്തിലെ മുതിർന്ന ആളുകൾ പറയും. പ്രകൃതിയുടെ ഈ വലിയ വിസ്മയം കാണുവാൻ വരും തലമുറക്ക് കഴിയണമെങ്കിൽ ഈ പ്രദേശങ്ങളിലെ അധിനിവേശസസ്യങ്ങളെ ഇല്ലാതാക്കണം. നീലക്കുറിഞ്ഞിയുടെ കൊലയാളികളാണിവ. അവയെ മുഴുവൻ ഉന്മൂലനം ചെയ്തെങ്കിലേ ഇവിടെ പ്രകൃതിയും കുറിഞ്ഞിയും നിലനിൽക്കൂവെന്നും രാജേന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

