കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ച 10 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsതേനിയിൽ പൊലീസ് പിടികൂടിയ കഞ്ചാവും പ്രതിയും
കുമളി: സംസ്ഥാന അതിർത്തി ജില്ലയിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ചിരുന്ന 10 കിലോ കഞ്ചാവുമായി യുവാവിനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. തേനി ജില്ലയിലെ ബൊമ്മി നായ്ക്കൻപ്പെട്ടി സ്വദേശി ദിനേഷ് കുമാർ (27) ആണ് അറസ്റ്റിലായത്. ഇയാൾ കേരളത്തിലേക്ക് കടത്താൻ പാക്ക് ചെയ്ത് സൂക്ഷിച്ചിരുന്ന കഞ്ചാവ് തേനി ലഹരി വിരുദ്ധ സ്ക്വാഡ് ഇൻസ്പെക്ടർ സത്യയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
ആന്ധ്രയിൽ നിന്നെത്തിച്ച കഞ്ചാവ് കോട്ടയം, എറണാകുളം ജില്ലകളിലെത്തിക്കാനാണ് സൂക്ഷിച്ചിരുന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. തേനി ജില്ലയിലെ കമ്പം കേന്ദ്രീകരിച്ചാണ് കഞ്ചാവ് വ്യാപാരം ശക്തമായി തുടരുന്നത്. ഇവിടെ പോലീസ് പരിശോധന കർശനമാക്കിയതോടെ അതിർത്തിയിലെ ബോഡിമെട്ട്, കമ്പംമെട്ട് ചെക്കു പോസ്റ്റുകൾ വഴിയാണ് കഞ്ചാവ് കടത്ത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

