തേക്കടിയിലെ പുതിയ കെട്ടിടത്തിൽ ഭക്ഷണശാലക്ക് കാത്തിരിപ്പ് നീളുന്നു
text_fieldsതേക്കടിയിൽ നിർമാണം പൂർത്തിയായിട്ടും തുറക്കാത്ത ഭക്ഷണശാല കെട്ടിടം
കുമളി: നിർമാണം പൂർത്തിയായ തേക്കടിയിലെ ഭക്ഷണശാല കെട്ടിടം എന്ന് തുറക്കുമെന്ന കാത്തിരിപ്പ് നീളുന്നു. തേക്കടി ബോട്ട്ലാൻഡിങ്ങിൽ ആറു വർഷം മുമ്പ് നിർമാണം ആരംഭിച്ച ഭക്ഷണശാല കെട്ടിടമാണ് പൂർത്തിയായിട്ടും സഞ്ചാരികൾക്കായി തുറന്നുകൊടുക്കാത്തത്. കഴിഞ്ഞ ഡിസംബറിൽ കെട്ടിടം തുറക്കണമെന്ന് വനം മന്ത്രി വനപാലകർക്ക് നിർദേശം നൽകിയിരുന്നെങ്കിലും നടപ്പായില്ല.
ഒരു കോടിയിലധികം രൂപ ചെലവഴിച്ചാണ് ബോട്ട്ലാൻഡിങ്ങിൽ ഇരുനില ബോട്ടിന്റെ മാതൃകയിൽ ഭക്ഷണശാല നിർമിച്ചത്. ആധുനിക സൗകര്യങ്ങളോടെ നിർമിച്ച കെട്ടിടത്തിൽ, പെരിയാർ കടുവ സങ്കേതത്തെ പറ്റി ചിത്രങ്ങളും വിഡിയോയും പ്രദർശിപ്പിക്കാൻ മിനി തിയറ്റർ ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കെട്ടിട നിർമാണം പൂർത്തിയായെങ്കിലും ഇതിലേക്ക് ഫർണിച്ചർ എത്താൻ താമസിച്ചതാണ് തുറക്കാൻ വൈകിയതെന്നാണ് വിവരം.
നിലവിൽ, തേക്കടിയിലെത്തുന്ന സഞ്ചാരികൾക്ക് ഏറെ പരിമിതമായ രീതിയിൽ പ്രവർത്തിക്കുന്ന വനം വകുപ്പ് ജീവനക്കാരുടെ ലഘുഭക്ഷണശാല മാത്രമാണ് ഭക്ഷണത്തിന് ആശ്രയം. തേക്കടിയിൽ ഇപ്പോഴത്തെ ലഘുഭക്ഷണശാല ജീവനക്കാരുടെ സൊസൈറ്റിയാണ് നടത്തുന്നത്. വന സംരക്ഷണ പ്രവർത്തനങ്ങൾക്കൊപ്പം വിപുലമായ രീതിയിൽ ഭക്ഷണശാല നടത്തുകയെന്നത് ശ്രമകരമാണ്. ഈ സാഹചര്യത്തിൽ, നിലവിലുള്ള ലഘുഭക്ഷണശാല ജീവനക്കാർക്കായി പ്രവർത്തനം തുടരുകയും പുതിയ കെട്ടിടത്തിൽ അർധസർക്കാർ സ്ഥാപനങ്ങൾ ഭക്ഷണശാല തുടങ്ങുകയും ചെയ്താൽ സഞ്ചാരികൾക്ക് ഇത് ഏറെ പ്രയോജനം ചെയ്യുമെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

