റേഷൻ അരി കടത്ത് തുടരുന്നു; 1100 കിലോ പിടികൂടി, രണ്ടുപേർ അറസ്റ്റിൽ
text_fieldsകുമളി: തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്കുള്ള റേഷൻ അരി കടത്ത് തുടരുന്നു. വ്യാഴാഴ്ച 2100 കിലോ പിടിച്ചെടുത്തതിനു പിന്നാലെ വെള്ളിയാഴ്ച നടന്ന പരിശോധനയിൽ 1100 കിലോ അരി പിടികൂടി. വാഹനത്തിൽ അരി കടത്തുകയായിരുന്ന രണ്ടുപേരെ തേനി പൊലീസ് പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. കമ്പം ചുരുളിപ്പെട്ടി സ്വദേശി ശെൽവം (24), തേനി പഴനിപ്പെട്ടി സ്വദേശി ഹരിഹരൻ (26) എന്നിവരെയാണ് പ്രത്യേക പൊലീസ് സംഘത്തിലെ ഇൻസ്പെക്ടർ സുബ്ബലക്ഷ്മി, ശിവ പ്രകാശം എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. കമ്പം-കുമളി ബൈപാസിൽ വാഹന പരിശോധന തുടരുന്നതിനിടെയാണ് 22 പ്ലാസ്റ്റിക് ചാക്കുകളിലായി കൊണ്ടുവന്ന 1100 കിലോ അരി കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം കമ്പംമെട്ട് റോഡ് വഴി കടത്താൻ ശ്രമിച്ച 2100 കിലോ റേഷൻ അരിയാണ് പിടികൂടിയത്.തമിഴ്നാട്ടിലെ റേഷൻ കടകൾവഴി പാവങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുന്ന അരി തുച്ഛമായ വിലയ്ക്ക് നാട്ടുകാരിൽനിന്ന് വാങ്ങിയാണ് കേരളത്തിലേക്ക് കടത്തുന്നത്. അരി കടത്തുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പിടിയിലായ പ്രതികളെ ഉത്തമപാളയം കോടതിയിൽ ഹാജരാക്കി.