തമിഴ്നാട്ടിൽനിന്ന് റേഷനരി കടത്ത് വ്യാപകം; 2100 കിലോ പിടികൂടി
text_fieldsകുമളി: തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കടത്തിയ 2100 കിലോ റേഷനരി മധുര സ്ക്വാഡ് പിടികൂടി. വ്യാഴാഴ്ച രാവിലെയാണ് കമ്പത്തുനിന്ന് കമ്പംമെട്ട് റോഡ് വഴി കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 42 ചാക്ക് അരി പിടികൂടിയത്. തമിഴ്നാട്ടിൽ പാവങ്ങൾക്ക് സൗജന്യമായി നൽകുന്ന അരിയാണ് കേരളത്തിലേക്ക് വ്യാപകമായി കടത്തുന്നത്. പരാതികൾ വർധിച്ചതോടെ മധുര എസ്.പി വണ്ണിയ പെരുമാളിന്റെ നേതൃത്വത്തിൽ പൊലീസ്, സിവിൽ സപ്ലൈസ് വകുപ്പുകളുടെ പ്രത്യേക സ്ക്വാഡുകൾ രൂപവത്കരിച്ചിരുന്നു. ഈ സ്ക്വാഡ് വ്യാഴാഴ്ച കമ്പംമെട്ട് റോഡിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് അരി കയറ്റിവന്ന വാഹനം കണ്ടെത്തിയത്.
കൈകാണിച്ചിട്ടും നിർത്താതെ പോയതോടെ അധികൃതർ വാഹനത്തെ പിന്തുടർന്നെങ്കിലും വഴിയിൽ വാഹനം ഉപേക്ഷിച്ച് ഇതിലുണ്ടായിരുന്ന രണ്ടുപേർ കടന്നുകളഞ്ഞു. ദിവസങ്ങൾക്കു മുമ്പാണ് കുമളി വഴി കടത്താൻ ശ്രമിച്ച 1000 കിലോയിലധികം റേഷനരി അധികൃതർ പിടികൂടിയത്.