തമിഴ്നാട്ടിൽനിന്ന് റേഷൻ അരി കടത്ത്; കുമളിയിൽ എത്തിച്ച് വിൽപന
text_fieldsകുമളിയിലെ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന റേഷൻ അരി ചാക്കുകൾ
കുമളി: തമിഴ്നാട്ടിൽ പാവങ്ങൾക്ക് റേഷൻകട വഴി നൽകുന്ന സൗജന്യ അരി വൻതോതിൽ കേരളത്തിലേക്ക് കടത്തുന്നു. സംസ്ഥാന അതിർത്തിയിലെ തേനി ജില്ലയിൽ നിന്നാണ് ഓരോ ദിവസവും ടൺ കണക്കിന് അരി കേരളത്തിലേക്ക് കടത്തുന്നത്.
തേനി ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് റേഷൻ കടകൾ വഴി നൽകുന്ന അരി ഏജന്റുമാർ മുഖേന ശേഖരിച്ച ശേഷം വാഹനത്തിൽ രാത്രിയും പകലും കുമളിയിലേക്ക് എത്തിക്കുന്നു. ഇതിനു പുറമേ സ്ത്രീകൾ തല ചുമടായും ഓരോ ദിവസം 5000 കിലോയിലധികം റേഷൻ അരിയാണ് കുമളിയിലെത്തിച്ച് വിൽക്കുന്നത്.
ജില്ലയിലെ ഏലത്തോട്ടം മേഖലയിൽ ജോലിക്കെത്തുന്ന തൊഴിലാളി സ്ത്രീകൾ വലിയ പാത്രങ്ങളിലും സഞ്ചികളിലുമാണ് അരി എത്തിക്കുന്നത്.
പുലർച്ച 5.30ന് തമിഴ്നാട്ടിൽനിന്ന് അതിർത്തിയിലെ കുമളിയിലെത്തുന്ന വാഹനത്തിലും ശാസ്താംനടക്ക് പോകുന്ന തമിഴ്നാട് ബസിലുമാണ് സ്ത്രീകളുടെ അരി കടത്ത്.
റേഷൻ കടകൾ വഴി സൗജന്യമായി നൽകുന്ന അരി കിലോക്ക് 20 രൂപ നിരക്കിലാണ് ഏജന്റുമാർ കുമളിയിൽ ശേഖരിക്കുന്നത്. ടൗണിൽ അധികൃതരുടെ കൺമുന്നിലാണ് റേഷൻ അരി സംഭരിക്കുന്ന 'രഹസ്യ ഗോഡൗൺ' വർഷങ്ങളായി പ്രവർത്തിക്കുന്നത്. റേഷൻ അരി കടത്തുന്ന വാഹനങ്ങൾ തമിഴ്നാട് അധികൃതർക്ക് 'പടി' നൽകുന്നതിനൊപ്പം കുമളി ചെക്കുപോസ്റ്റിലും വാഹനമൊന്നിന് 500 രൂപ പടി നൽകുന്നതായാണ് വിവരം. കുമളിയിലെ റേഷൻ അരി കടത്ത് ഏജന്റായ തമിഴ്നാട് സ്വദേശി കിലോക്ക് 30-35 രൂപ നിരക്കിലാണ് അരി മറിച്ചുവിൽക്കുന്നത്.
എറണാകുളം ജില്ലയിലെ ചില അരി വിൽപന കേന്ദ്രങ്ങളിലേക്കാണ് കുമളിയിൽനിന്ന് റേഷൻ അരി കയറ്റി അയക്കുന്നത്. ഇവിടെ നിറം ചേർത്ത് പോളീഷ് ചെയ്ത് വൻ വിലക്കാണ് കേരളത്തിലെ മാർക്കറ്റുകളിൽ വിൽക്കുന്നത്.
റേഷൻ അരി കടത്ത് തടയാൻ മുമ്പ് സംസ്ഥാന അതിർത്തിയിൽ തമിഴ്നാട് പൊതുവിതരണ വകുപ്പ് ചെക്കുപോസ്റ്റ് പ്രവർത്തിച്ചിരുന്നു. ഇതിന്റെ പ്രവർത്തനം നിലച്ചതോടെ ബസ് മുതൽ ജീപ്പും കാറും വരെ ഉപയോഗിച്ചാണ് റേഷൻ അരി കടത്ത് തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

