കടുവ ദിനത്തിൽ കാട്ടിലേക്ക് വേട്ടയ്ക്കിറങ്ങി 'മംഗള'
text_fieldsകുമളി: അമ്മയെ കാണാതെ ഏങ്ങി കരഞ്ഞ് കാടിനു നടുവിൽ ഒറ്റപ്പെട്ട 'മംഗള' എന്ന കടുവക്കുട്ടി, അവശതകൾ മാറി മിടുക്കിയായി ഇന്ന് കാട്ടിലേക്കിറങ്ങുന്നു.8 മാസത്തോളം നീണ്ട പരിചരണങ്ങൾക്കൊടുവിലാണ് പിൻകാലുകളുടെയും കണ്ണിൻ്റെയും അവശതകൾ മാറി കുട്ടി കടുവ മിടുക്കിയായത്. കഴിഞ്ഞ നവംബറിലാണ് കടുവ സങ്കേതത്തിനുള്ളിലെ മംഗളാദേവി മലയടിവാരത്തിൽ നിന്നും രണ്ടു മാസം മാത്രം പ്രായമുള്ള കടുവ കുഞ്ഞിനെ വനപാലകർ കണ്ടെടുത്തത്. ഒറ്റപ്പെട്ട് അവശനിലയിലായിരുന്ന കടുവ കുട്ടിയെ കരടിക്കവലയിലെ ക്വാർട്ടേഴ്സിനു സമീപം പ്രത്യേക സൗകര്യം ഒരുക്കിയാണ് ഇതേവരെ പരിചരിച്ചത്.
കടുവ സങ്കേതം ഡപ്യൂട്ടി ഡയറക്ടർ സുനിൽ ബാബു, എ എഫ്ഡി മനു സത്യൻ എന്നിവരുടെ മേൽനോട്ടത്തിൽ ഡോക്ടർമാരായ ശ്യാം ചന്ദ്രൻ,നിഷ, സിബി എന്നിവരാണ് കടുവക്കുട്ടിയുടെ പരിചരണ ചുമതലയിലുള്ളത്. ലോക കടുവ ദിനമായ ജൂലൈ 29 ന് മംഗളയെ കാടിൻ്റെ വെല്ലുവിളികളിലേക്ക് ഇറക്കിവിടാൻ ദേശീയ കടുവ സംരക്ഷണ അതോരിറ്റിയാണ് നിർദ്ദേശം നൽകിയത്.
കാടിൻ്റെ വെല്ലുവിളികൾ ഏറ്റെടുത്ത് സ്വയം ഇരതേടി, സ്വാഭാവിക ആവാസവ്യവസ്ഥയുടെ ഭാഗമാക്കുക എന്നതാണ് കാടിനു നടുവിൽ പ്രത്യേകമായി ഒരുക്കിയ പ്രദേശത്ത് തുറന്നു വിടുന്നത് വഴി നൽകുന്ന പരിശീലനം. ഇതിനായി തേക്കടി റേഞ്ചിലെ കൊക്കരക്കണ്ടം ഭാഗത്ത് 22 അടി ഉയരവും പതിനായിരം അടി വിസ്തൃതിയിലുമായി കമ്പിവേലി കെട്ടി തിരിച്ചാണ് കടുവക്കുട്ടിയുടെ 'സ്വന്തം' വനം ഒരുക്കിയത്.ഇവിടെ 24 മണിക്കൂറും കടുവക്കുട്ടിയെ നിരീക്ഷിക്കാൻ കാമറകളും സ്ഥാപിച്ചു.
പ്രത്യേകമായി ഒരുക്കിയ സ്ഥലത്ത് എത്തുന്ന ചെറു ജീവികളെ വേട്ടയാടി ഭക്ഷിച്ച് കടുവക്കുട്ടി കരുത്താർജിക്കുന്നതോടെ പെരിയാർ കടുവ സങ്കേതമെന്ന വിശാല മേഖലയിലേക്ക് തുറന്നു വിടാനാണ് അധികൃതരുടെ തീരുമാനം. ആദ്യഘട്ടത്തിൽ മുയൽ ഉൾപ്പടെ ജീവികളെ വനപാലകർ തന്നെ ഈ പ്രദേശത്തേക്ക് ജീവനോടെ എത്തിക്കും. പിന്നീട്, ചുറ്റുവേലിയുടെ ഒരു ഭാഗം തുറന്ന് കേഴ, മ്ലാവ് എന്നിവയ്ക്ക് പ്രവേശിക്കാൻ വഴിയൊരുക്കും. ഇപ്പോൾ 9 മാസം പ്രായമുള്ള മംഗള കൂടുതൽ കരുത്തും ആരോഗ്യവതിയും ആകുന്നതോടെ കൊടും കാടിൻ്റെ നിറവിലേക്ക് യാത്രയാക്കാനാണ് വനപാലകരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

