ആ വിളി ഇനിയില്ല; കാടിെൻറ മക്കളെ തനിച്ചാക്കി മമ്മൂട്ടി യാത്രയായി
text_fieldsതേക്കടി ആമ പാർക്കിൽ പതിവായി എത്തുന്ന മ്ലാവുമായി സൗഹൃദം പങ്കുവെക്കുന്ന മമ്മൂട്ടി
കുമളി: 'മക്കളെ ഓടിവാ... അടുത്ത് വാ'.. എന്ന സ്നേഹം നിറഞ്ഞ വിളി കേൾക്കുമ്പോൾ മ്ലാവും മലയണ്ണാനും കുരങ്ങും കേഴയുമെല്ലാം മമ്മൂട്ടിയുടെ സമീപത്തേക്ക് ഓടിയെത്തും. ഓരോരുത്തർക്കും നൽകാൻ എന്തെങ്കിലും കൈയിൽ കരുതിയിട്ടുണ്ടാവും മമ്മൂട്ടി. പെരിയാർ കടുവസങ്കേതത്തിലെ ആമ പാർക്കിലെ പതിവ് കാഴ്ചയായിരുന്ന വാച്ചർ മമ്മൂട്ടിയും ജീവികളും തമ്മിലെ സൗഹൃദം ഇനി ഒാർമയിൽ.
നിലമ്പൂർ കല്ലാമല സ്വദേശിയായ മമ്മൂട്ടി (മുഹമ്മദ് കുട്ടി-58) 1977ലാണ് പെരിയാർ കടുവ സങ്കേതത്തിലെത്തിയത്. അന്നു മുതൽ കടുവ സങ്കേതത്തിലെ താൽക്കാലിക വാച്ചറായ ഇദ്ദേഹം വ്യാഴാഴ്ച മരിക്കുന്നതുവരെ ജോലിയിൽ തുടർന്നു. വിശാലമായ പെരിയാർ കടുവ സങ്കേതത്തിൽ മമ്മൂട്ടി നടന്നുതീർക്കാത്ത വനവും ഒപ്പം ജോലിചെയ്യാത്ത ഉദ്യോഗസ്ഥരുമില്ല. എല്ലാവരോടും സൗഹൃദത്തിലും പുഞ്ചിരിക്കുന്ന മുഖത്തോടും ഇടപെട്ട മമ്മൂട്ടി ,അടുത്തിടെയാണ് ശ്വാസകോശ സംബന്ധമായ രോഗത്തിന് ചികിത്സതേടിയത്.
കടുവ സങ്കേതത്തിലെ ആമ പാർക്കിൽ പതിവായി മമ്മൂട്ടിയെ തേടിയെത്തുന്നവരിൽ കൊമ്പൻ മ്ലാവ് മുതൽ കാട്ടുപന്നി കൂട്ടം വരെയുണ്ട്. മമ്മൂട്ടിയും കാട്ടിലെ ജീവികളും എല്ലാം ചേർന്ന് ഒന്നിച്ചുള്ള ജീവിതമായിരുന്നു എല്ലാ പകലും. വിശാലമായ ആമ പാർക്കും പരിസരങ്ങളും കരിയിലകൾ തൂത്തുവാരി വൃത്തിയാക്കി ഇടുന്നതിൽ അതീവ ശ്രദ്ധാലുവായിരുന്നു.
തുച്ഛമായ ശമ്പളത്തിൽനിന്നെടുത്ത് ചെലവഴിച്ച് കുരങ്ങുകൾ തകർക്കുന്ന പൈപ്പ് നന്നാക്കിയും അത്യാവശ്യ സാധനങ്ങൾ വാങ്ങിയും മമ്മൂട്ടി, കാടിനെ കുടുംബമാക്കി ഒപ്പംചേർത്തു. തേക്കടിയിൽ പ്രൊട്ടക്ഷൻ വാച്ചറായ ഭാര്യ ഐഷാബീവിയും ഏകമകൻ മുജീബ് റഹ്മാനും ഉൾപ്പെടുന്നതായിരുന്നു കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

