കടുവ സങ്കേതത്തിലെ 'മംഗള'ക്ക് വിദഗ്ധ ചികിത്സ
text_fieldsകുമളി: പെരിയാർ കടുവ സങ്കേതത്തിന്റെ ഓമനയായി വളരുന്ന 'മംഗള'യെന്ന കടുവക്കുട്ടിയുടെ കാഴ്ചശക്തി വർധിപ്പിക്കാൻ വിദഗ്ധ സംഘം പരിശോധന നടത്തി. കടുവ സങ്കേതത്തിൽ കൊക്കരക്കണ്ടം ഭാഗത്ത് പ്രത്യേക സുരക്ഷ വേലിക്കുള്ളിൽ സ്വതന്ത്രയായി വളരുകയാണ് ഇപ്പോൾ മംഗള.
കടുവ സങ്കേതത്തിലെ മംഗളാദേവി മലയടിവാരത്തിൽ അമ്മയെ നഷ്ടപ്പെട്ട് തനിച്ചായ നിലയിൽ കണ്ടെത്തിയ പെൺകടുവക്കുട്ടിയെ വലിയ സുരക്ഷസംവിധാനത്തിലാണ് വളർത്തുന്നത്. 15 മാസമായ കടുവക്കുട്ടിയെ കണ്ടെടുത്ത ഘട്ടത്തിൽ തന്നെ കാഴ്ചശക്തി ഏറക്കുറെ നശിച്ച നിലയിലായിരുന്നു. എന്നാൽ, കൃത്യമായ പരിചരണത്തിൽ ഒരു വർഷം പിന്നിട്ടപ്പോൾ കാഴ്ചശക്തിയിൽ നേരിയ പുരോഗതി കണ്ടെത്തി. തുടർന്നാണ് കാഴ്ച പൂർണമായി തിരികെ ലഭിക്കാനുള്ള സാധ്യത പഠിക്കാൻ മൂന്നംഗ വിദഗ്ധ സംഘത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ നിയോഗിച്ചത്. വനം വകുപ്പിന്റെ ചീഫ് വെറ്ററിനറി ഓഫിസർ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ പൂക്കോട് വെറ്ററിനറി കോളജിലെ വെറ്ററിനറി വിഭാഗം മേധാവി ഡോ. ശ്യാം, മണ്ണുത്തി വെറ്ററിനറി കോളജിലെ പ്രഫസർ ഡോ. സൂര്യദാസ്, പെരിയാർ കടുവ സങ്കേതത്തിലെ ഡോ. അനുരാജ് എന്നിവരാണ് വ്യാഴാഴ്ച കടുവക്കുട്ടിയെ പരിശോധിച്ചത്.
ചികിത്സയുടെ ഭാഗമായി വിദേശത്തുനിന്ന് വിലകൂടിയ തുള്ളിമരുന്ന് എത്തിക്കാനാണ് സംഘത്തിന്റെ തീരുമാനം. പരിശോധന റിപ്പോർട്ട് സമിതി പെരിയാർ കടുവ സങ്കേതം അധികൃതർക്ക് നൽകും. ഈ റിപ്പോർട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡന് ലഭിക്കുന്നതോടെ മരുന്ന് എത്തിക്കാൻ നടപടി ആരംഭിക്കുമെന്ന് വനപാലകർ പറഞ്ഞു.
കടുവക്കുട്ടിയുടെ കണ്ണുകളിൽ ഭക്ഷണം കഴിക്കുന്നതിനിടെ തുള്ളിമരുന്ന് ഒഴിച്ചാണ് ചികിത്സ നടത്തുക. ഇതിനായി കടുവയെ പരിപാലിക്കുന്ന വനം വകുപ്പ് ജീവനക്കാരായ കുട്ടനും റോയിക്കും പ്രത്യേകം പരിശീലനം നൽകും.
പൂർണ കാഴ്ചശക്തി വീണ്ടെടുത്ത ശേഷമാകും മംഗളയെ കടുവസങ്കേതത്തിലേക്ക് തുറന്നുവിടുന്ന കാര്യം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

