കോൺഗ്രസുകാരന്റെ വീട് നിർമാണം തടഞ്ഞ് സി.പി.എം; നിർമാണ തൊഴിലാളികൾക്ക് മർദനം
text_fieldsഅടിമാലി: കോണ്‍ഗ്രസ് പ്രവര്ത്തകന് വീട് നിര്‍മിക്കാനുള്ള ശ്രമം സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ തടഞ്ഞു. അന്തർസംസ്ഥാന തൊഴിലാളിയെയും കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയെയും പട്ടികക്ക് മര്‍ദിച്ചതായി പരാതി. കജനാപ്പാറ സ്വദേശി ടി. മുരുകന്റെ വീട് നിര്‍മാണമാണ് സി.പി.എം രാജാക്കാട് ഏരിയ കമ്മിറ്റി അംഗം പി. രവിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തടഞ്ഞത്.
നിര്‍മാണത്തിൽ ഏര്‍പ്പെട്ടിരുന്ന അന്തർസംസ്ഥാന തൊഴിലാളി ഒഡിഷ സ്വദേശി ഭുവനേശ്, കോണ്‍ഗ്രസ് രാജകുമാരി മണ്ഡലം സെക്രട്ടറി സാബു മഞ്ഞനാക്കുഴി എന്നിവരെ പി. രവി പട്ടികകൊണ്ട് മര്‍ദിച്ചു. രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച ഇവരുടെ പരാതിയില്‍ രാജാക്കാട് പൊലീസ് കേസെടുത്തു. സി.പി.എം പ്രവര്‍ത്തകരായ സന്തോഷ്, മുനിയാണ്ടി എന്നിവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് ആരോപിച്ച് സി.പി.എമ്മും പൊലീസിന് പരാതി നല്കി. ഇവരും രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.
കര്‍ഷകനായ മുരുകന് കജനാപ്പാറ ടൗണിലെ അഞ്ചു സെന്റ് ഭൂമിയില്‍ വീട് പുതുക്കി നിര്‍മിക്കുന്നതിന് പഞ്ചായത്തിന്റെ പെര്‍മിറ്റ് ലഭിച്ചെങ്കിലും പണി തുടങ്ങിയതോടെ സി.പി.എം പ്രാദേശിക നേതാക്കള്‍ എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു. വീടിന്റെ പിന്നില്‍ സ്ഥലമുള്ളവര്‍ക്ക് വഴി നീക്കിയിടാതെ നിര്‍മാണം നടത്തിയെന്നായിരുന്നു സി.പി.എമ്മിന്റെ ആരോപണം. എന്നാല്‍, ആധാരത്തില്‍ കാണിച്ചിരിക്കുന്ന അര സെന്റ് ഭൂമി വഴിക്കായി വിട്ടു നല്‍കിയിട്ടുണ്ടെന്ന് മുരുകന് പറഞ്ഞു.
നിര്‍മാണം തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സി.പി.എം നേതാക്കള്‍ക്കെതിരെ മുരുകന് മുമ്പ് രാജാക്കാട് പൊലീസിനും ജില്ല പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. വീട് നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന് സി.പി.എം പ്രാദേശിക നേതൃത്വം നിലപാടെടുത്തതോടെ വ്യാഴാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുരുകന് പിന്തുണയുമായി കജനാപ്പാറയിലെത്തി. ഇതിനിടെ പി.രവിയുടെ നേതൃത്വത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയായിരുന്നു. തൊഴിലാളികള്‍ക്കു നേരെ പട്ടിക കഷണം എറിഞ്ഞ പി. രവിയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്. രാജാക്കാട് പൊലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘര്‍ഷാവസ്ഥക്ക് അയവ് വന്നത്. നിര്‍മാണം തുടര്‍ന്നാല്‍ കൊന്ന് കളയുമെന്ന് സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി കോണ്‍ഗ്രസ് ആരോപിച്ചു.
എന്നാല്‍, മുരുകന്റെയും കോണ്‍ഗ്രസിന്റെയും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ആരെയും മര്‍ദിച്ചിട്ടില്ലെന്നും നടവഴി നിഷേധിച്ചതിനും പൊതുമരാമത്ത് റോഡ് കൈയേറി വീട് നിര്‍മിച്ചതിൽ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും സി.പി.എം പ്രാദേശിക നേതൃത്വം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

