പച്ചക്കറി വാഹനത്തിൽ കഞ്ചാവ് കടത്ത്; യുവാക്കൾ അറസ്റ്റിൽ
text_fieldsകഞ്ചാവ് കടത്തുന്നതിനിടെ കുമളിയിൽ പിടിയിലായവർ
കുമളി: തമിഴ്നാട്ടിൽനിന്ന് പച്ചക്കറിയുമായി വന്ന വാഹനത്തിൽ ഒളിപ്പിച്ചുകടത്തുകയായിരുന്ന കഞ്ചാവ് അതിർത്തി ചെക്പോസ്റ്റിലെ പരിശോധനക്കിടെ എക്സൈസ് പിടികൂടി. കമ്പത്തുനിന്ന് കോട്ടയത്തേക്ക് പച്ചക്കറിയുമായി വന്ന മിനിലോറിയിൽനിന്നാണ് 3.200 കിലോ കഞ്ചാവ് കണ്ടെടുത്തത്.
വാഹനത്തിലുണ്ടായിരുന്ന കോട്ടയം സ്വദേശികളായ മീനച്ചിൽ ഏലൂർ വീട്ടിൽ ശ്രീജിത് (23), കീടങ്ങൂർ കീച്ചേരിക്കുന്നിൽ സതീഷ് (33) എന്നിവരെ ഇൻസ്പെക്ടർ വി.ജെ. റോയ്, ഉദ്യോഗസ്ഥരായ ബെന്നി, രവി, സേവ്യർ, രാജ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
ലോക്ഡൗണിനെ തുടർന്ന് നിത്യോപയോഗ സാധനങ്ങൾ കൊണ്ടുവരാനുള്ള അനുമതിയുടെ മറവിൽ ഇത്തരം വാഹനങ്ങളിലാണ് കഞ്ചാവ് കടത്ത് തുടരുന്നത്. കഴിഞ്ഞ ദിവസം വാഴക്കുലയുമായി വന്ന വാഹനത്തിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന രണ്ടു കിലോ കഞ്ചാവ് എക്സൈസ് അധികൃതർ പിടികൂടിയിരുന്നു. അറസ്റ്റിലായ പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.

