30 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
text_fieldsകഞ്ചാവ് കടത്തുന്നതിനിടെ കമ്പം പൊലീസിന്റെ പിടിയിലായവർ
കുമളി: കേരളത്തിലേക്ക് കടത്താൻ ചാക്കുകളിൽ നിറച്ച് ഇരുചക്രവാഹനങ്ങളിൽ കൊണ്ടുവരുകയായിരുന്ന 30 കിലോ കഞ്ചാവ് തമിഴ്നാട് പൊലീസ് പിടികൂടി. കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് ഇരുചക്രവാഹനം പിടിച്ചെടുക്കുകയും മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംസ്ഥാന അതിർത്തിയിലെ തേനി ജില്ലയിൽ കമ്പത്താണ് സംഭവം.
കമ്പം കോമ്പറോഡരികിൽ താമസിക്കുന്ന ഇളയേന്ദ്രൻ (44), സുരേഷ് (43), വനരാജ് (59) എന്നിവരെയാണ് കമ്പം സൗത്ത് പൊലീസ് ഇൻസ്പെപെക്ടർ വനിതാമണിയും സംഘവും അറസ്റ്റ് ചെയ്തത്. ആന്ധ്രയിൽനിന്ന് എത്തിച്ച കഞ്ചാവ് കമ്പത്ത് സൂക്ഷിച്ച ശേഷം ഇരുചക്ര വാഹനത്തിൽ കുമളി വഴി കടത്തുകയായിരുന്നു ലക്ഷ്യം.
രഹസ്യവിവരത്തെ തുടർന്ന് വാഹന പരിശോധന നടത്തുന്നതിനിടെയാണ് വെള്ളിയാഴ്ച രാത്രി മൂവർ സംഘം പിടിയിലായത്. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കാനാണ് കഞ്ചാവ് കൊണ്ടുപോയതെന്ന് പിടിയിലായവർ പറഞ്ഞു. പ്രതികളെ ഉത്തമപാളയം കോടതിയിൽ ശനിയാഴ്ച ഹാജരാക്കി റിമാൻഡ് ചെയ്തു.

