കുമളി പൊലീസ് സ്റ്റേഷന് മുന്നിൽ ആത്മഹത്യശ്രമം
text_fieldsrepresentational image
കുമളി: തമിഴ്നാട്ടിൽനിന്ന് മണ്ണെണ്ണയുമായി എത്തി കുമളി പൊലീസ് സ്റ്റേഷന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച സ്ത്രീയെ പൊലീസ് ഇടപെട്ട് ആശുപത്രിയിലാക്കി. തേനി ബോഡിനായ്ക്കന്നൂർ സ്വദേശി സരസ്വതിയാണ് (49) ശനിയാഴ്ച രാവിലെ ഒമ്പതിന് കുമളി പൊലീസ് സ്റ്റേഷന് മുന്നിലെ ദേശീയപാതയിൽ വെച്ച് ശരീരത്ത് മണ്ണെണ്ണ ഒഴിച്ചത്. തീ കൊളുത്തും മുമ്പേ പൊലീസ് ഓടിയെത്തി തടഞ്ഞതുകൊണ്ട് അനിഷ്ട സംഭവം ഒഴിവായി.
ഇവർ മുമ്പ് ശാസ്താംനടയിൽ താമസിച്ചിരുന്നപ്പോൾ ചിട്ടി നടത്തിയതുവഴി ചില സാമ്പത്തിക ഇടപാടുകൾ ഉള്ളതായി പൊലീസ് പറഞ്ഞു. താമസം തമിഴ്നാട്ടിലേക്ക് മാറിയതോടെ വീട്ട് സാധനങ്ങൾ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും പണം കിട്ടാനുള്ള നാട്ടുകാർ തടഞ്ഞു. ഇതിനെതിരെ സരസ്വതി കുമളി പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് ആരോപിച്ചായിരുന്നു ആത്മഹത്യശ്രമം. മണ്ണെണ്ണ കുടിച്ചിട്ടുണ്ടോയെന്ന സംശയത്തെ തുടർന്ന് വിദഗ്ധ ചികിത്സക്ക് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

