ആലപ്പുഴ മോഡൽ അട്ടപ്പള്ളത്തും: നീറ്റ്കക്ക ഉപയോഗിച്ച് റോഡ് നിർമാണം
text_fieldsകുമളി-അട്ടപ്പള്ളം റോഡ് നീറ്റുകക്ക ഉപയോഗിച്ച് ഉറപ്പിക്കുന്നു
കുമളി: കായലോര ജില്ലയായ ആലപ്പുഴയിൽ റോഡ് നിർമാണത്തിന് ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് കുമളി അട്ടപ്പള്ളത്ത് റോഡ് നിർമാണം. നിലവിലെ റോഡ് കുത്തിയിളക്കി ഇതിൽ നീറ്റുകക്ക കൂട്ടി ഇളക്കി ഉറപ്പിച്ചാണ് നിർമാണം പുരോഗമിക്കുന്നത്.
വയലുകൾക്ക് നടുവിലൂടെ പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച റോഡ് വെള്ളക്കുഴിയായി തകർന്നതോടെയാണ് 4.5 കോടി ചെലവിൽ മൂന്ന് കിലോമീറ്റർ റോഡ് പുനർനിർമിക്കാൻ തീരുമാനിച്ചത്. റോഡിലെ വെള്ളക്കെട്ട് നിർമാണത്തിൽ തടസ്സം സൃഷ്ടിച്ചതോടെയാണ് നീറ്റുകക്ക പരീക്ഷണവുമായി പൊതുമരാമത്ത് അധികൃതർ രംഗത്തെത്തിയത്.
റോഡിലെ പശനിറഞ്ഞ കുഴഞ്ഞ മണ്ണ് റോഡ് ഉറപ്പിക്കുന്നതിന് പ്രതിസന്ധിയായി. ഇതോടെയാണ് ലോഡ് കണക്കിന് നീറ്റ് കക്ക ഇറക്കിയത്. കുത്തിയിളക്കിയ റോഡിൽ നീറ്റുകക്ക കൂട്ടി കലർത്തി ഉറപ്പിച്ച് വെള്ളക്കെട്ട് ഇല്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതാദ്യമായാണ് ഹൈറേഞ്ച് മേഖലയിൽ റോഡിൽ നീറ്റുകക്ക ഉപയോഗിക്കുന്നത്.
ഒരു വർഷത്തോളമായി ഇഴഞ്ഞു നീങ്ങിയ അട്ടപ്പള്ളം റോഡ് നിർമാണം 'മാധ്യമം'വാർത്തയെത്തുടർന്നാണ് ചൂടുപിടിച്ചത്. നിർമാണം വൈകുന്നതിനെതിരെ കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. ഹൈറേഞ്ചിലെ പ്രധാന റോഡുകളിലൊന്നായ കുമളി, ഒന്നാംമൈൽ - അട്ടപ്പള്ളം റോഡിലൂടെ ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്.
റോഡ് പുനർനിർമാണം ആരംഭിച്ചതോടെ പതിവുപോലെ വെട്ടിക്കുഴിക്കലുമായി വാട്ടർ അതോറിറ്റി അധികൃതരും രംഗത്തെത്തിയിട്ടുണ്ട്. പലഭാഗത്തും പൈപ്പുകൾ തകർന്ന് വെള്ളം റോഡിലൂടെ ഒഴുകുന്നുണ്ടെങ്കിലും ഫലപ്രദമായ നടപടികളെടുക്കാൻ അധികൃതർക്ക് കഴിയുന്നില്ല. റോഡിനു നടുവിലുണ്ടായിരുന്ന ടെലഫോൺ പോസ്റ്റ് മാറ്റിയിട്ടെങ്കിലും റോഡിലേക്ക് ചരിഞ്ഞുനിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ മാറ്റാൻ നടപടി ആരംഭിച്ചിട്ടില്ല.
റോഡ് ഉയർത്തി നിർമിച്ച ശേഷം ഓടകളുടെ നിർമാണ ജോലികളും പൂർത്തിയാക്കണം. നിലവിലെ ഓടകളിലൂടെ മഴക്കാലത്ത് വെള്ളം പൂർണമായും ഒഴുകിപ്പോകാനാകാത്ത സ്ഥിതിയാണ്. ഇതിന് കൃത്യമായ പരിഹാരം ഉണ്ടായില്ലെങ്കിൽ ഇപ്പോഴത്തെ നിർമാണം മഴക്കാലത്ത് വെള്ളത്തിലാകുമെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

