കുമളി: ഗുഹാമനുഷ്യരെന്ന് വിശേഷണമുള്ള മലമ്പണ്ടാര വിഭാഗങ്ങളിൽനിന്ന് പെട്ടിയിൽ വോട്ട് വീണത് ഇക്കുറി. വണ്ടിപ്പെരിയാർ പഞ്ചായത്തിലെ 186ാം നമ്പർ ബൂത്തായ സത്രം, വള്ളക്കടവ് എന്നിവിടങ്ങളിലായാണ് 76കാരനായ അയ്യപ്പനടക്കം 19 പേർ വോട്ട് ചെയ്തത്. പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ വസിക്കുന്ന ആദിവാസി ഗോത്രവർഗ വിഭാഗമായ മലമ്പണ്ടാരങ്ങൾ ഉൾക്കാടുകളിൽ വസിച്ച് വനവിഭവങ്ങൾ ശേഖരിച്ച് വിൽപന നടത്തി ജീവിക്കുന്നവരാണ്.
31 പേരാണ് ഇതാദ്യമായി വോട്ടർ പട്ടികയിൽ ഇടംനേടിയത്. 20, 35, 45, 50 വയസ്സുള്ളവർ. അയ്യപ്പനും സഹോദരി െചല്ലമ്മയുമാണ് (74) പ്രായം കൂടിയവർ. ഇവരിൽ 11 പേർ സത്രം ബൂത്തിലും എട്ടുപേർ വള്ളക്കടവിലുമാണ് സമ്മതിദാനം വിനിയോഗിച്ചത്.
വനമേഖലയിലാകെ 62 കുടുംബാംഗങ്ങൾ ഉള്ളതായാണ് കണക്ക്. ഇവരിൽ പ്രായപൂർത്തിയായ 31 പേരാണ് വോട്ടർ പട്ടികയിൽവന്നത്. നാടുമായും നാട്ടുകാരുമായും അധികം ബന്ധമില്ലാത്ത മലമ്പണ്ടാര കുടുംബാംഗങ്ങളെ സത്രത്തിനു സമീപം പുനരധിവസിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമീഷെൻറ പ്രത്യേക നിർദേശപ്രകാരം ഇവിടത്തെ എസ്.ടി പ്രമോട്ടറായ പി.ജി. പ്രേമ മുൻകൈയെടുത്താണ് 31 പേരെ വോട്ടർ പട്ടികയിൽ ചേർത്തത്.
പുനരധിവസിപ്പിച്ചെങ്കിലും ഇവരിൽ ഏറെപ്പേരും കാടിെൻറ പല ഭാഗങ്ങളിലാണ് ഇപ്പോഴും കഴിയുന്നത്. ഇവരെ കണ്ടെത്തി ആധാർ കാർഡ് ഉൾെപ്പടെ രേഖകൾ തയാറാക്കി ഓഫിസിൽ സൂക്ഷിച്ചാണ് വോട്ടർ പട്ടികയിൽ പേര് ചേർത്തത്.