വനിതകളെ പ്രീമിയം ഹോട്ടൽ സംരംഭകരാക്കാൻ കുടുംബശ്രീ
text_fieldsതൊടുപുഴ: വനിതകളെ വിവിധ തൊഴിൽ മേഖലകളിലേക്ക് കൈപിടിച്ചുയർത്തിയ കുടുംബശ്രീ, പ്രീമിയം ഹോട്ടൽ രംഗത്തേക്കും പ്രവേശിക്കുന്നു. നിലവിൽ തൃശൂർ ജില്ലയിലെ ഗുരുവായൂർ, എറണാകുളം ജില്ലയിലെ അങ്കമാലി, പത്തനംതിട്ട ജില്ലയിലെ പന്തളം എന്നിവിടങ്ങളിൽ ആരംഭിച്ച അതേ മാതൃകയിലാണ് ജില്ലയിലും റസ്റ്റാറന്റ് ശൃംഖല ആരംഭിക്കാൻ ഒരുങ്ങുന്നത്. കുടുംബശ്രീയുടെ സഹായത്തോടെയും പരിശീലനത്തിലും ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ ‘കുടുംബശ്രീ ബ്രാൻഡ് കഫേ’ എന്ന പേരിലാണ് ബ്രാൻഡഡ് ഹോട്ടലുകൾ ആരംഭിക്കുക.
ഇതിനായി താൽപര്യമുള്ള സംരംഭകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ദേശീയപാതയുടെ വശങ്ങളിലോ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് സമീപമോ ആണ് ഹോട്ടൽ തുടങ്ങുക. അപേക്ഷകര്‍ കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. വ്യക്തിഗതമായോ ഗ്രൂപ്പായോ ( ഗ്രൂപ്പ് അംഗങ്ങള്‍ കുടുംബശ്രീ അംഗമോ, കുടുംബാംഗമോ, ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം) അപേക്ഷിക്കാം. ഭക്ഷണ ശാലകള്‍ നടത്തിയുള്ള പ്രവര്‍ത്തന പരിചയം അഭികാമ്യം.
നിലവിൽ ഹോട്ടലോ ഭക്ഷണശാലയോ നടത്തുന്നവർക്ക് മാനദണ്ഡം പാലിച്ച് പ്രീമിയം കഫേയിലേക്ക് മാറാൻ സൗകര്യമുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ പരിശീലനം, പ്രീമിയം കഫേ ബ്രാന്‍ഡിങ് ചെയ്യുന്നതിന് വേണ്ട അടിസ്ഥാന ചെലവുകള്‍ക്ക് കുടംബശ്രീ മുഖേന ധന സഹായം എന്നിവ ലഭിക്കും.
തൊടുപുഴയിലും അടിമാലിയിലും പ്രീമിയം കഫേ ആരംഭിക്കുന്നതിന് നേരത്തേ ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ, അനുയോജ്യമായ സ്ഥലം അടക്കം പ്രയാസങ്ങൾ നേരിട്ടതോടെ പ്രാവർത്തികമായില്ല. നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളുള്ള ജില്ലയിൽ പ്രീമിയം ഹോട്ടൽ വിജയിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. പല വിനോദ സഞ്ചാരകേന്ദ്രങ്ങളിലും നല്ല ഭക്ഷണം ലഭിക്കാനും പ്രയാസം നേരിടുന്നുണ്ട്.
‘കുടുംബശ്രീ ബ്രാൻഡ് കഫേ’ ആരംഭിക്കാൻ താൽപര്യമുള്ളവർ 04862-232223, 9961066084 നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

