ഓണം ‘കിടു’വാക്കാൻ കുടുംബശ്രീ; ജില്ലയിൽ വിപണന മേളകളും ഓണച്ചന്തകളും
text_fieldsഇടുക്കി: ഓണക്കാലം ആഘോഷമാക്കാൻ കുടുംബശ്രീ ഇത്തവണയും വിപണിയിൽ സജീവമാകുന്നു. ഗുണമേന്മയേറിയ ഉൽപന്നങ്ങളും നാടൻ കാർഷിക വിഭവങ്ങളുമായി ഓണത്തെ വരവേൽക്കാൻ കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് ഒരുക്കുന്നത്. ഓണവിപണിയെ ലക്ഷ്യമിട്ട് വിപണന മേളകൾ സംഘടിപ്പിക്കുന്നതിനൊപ്പം, പ്രത്യേക ഗിഫ്റ്റ് ഹാംപർ ഒരുക്കിയതും ശ്രദ്ധേയമാണ്.
സംരംഭകർക്ക് അധിക വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമം. ഓണത്തോടനുബന്ധിച്ച് എല്ലാ സി.ഡി.എസുകളിലും രണ്ട് സി.ഡി.എസ്തല ഓണച്ചന്തകൾ സംഘടിപ്പിക്കും. ഇതിനു പുറമെ, ജില്ലതല ഓണച്ചന്ത ചെറുതോണിയിൽ നടക്കും. ഇത് പ്രാദേശിക ഉൽപന്നങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ സഹായിക്കും.
പോക്കറ്റ് മാർട്ടിലൂടെ ഗിഫ്റ്റ് ഹാംപർ വീട്ടിലെത്തും
കുടുംബശ്രീയുടെ പോക്കറ്റ് മാർട്ട്, ദ കുടുംബശ്രീ സ്റ്റോർ എന്ന ഓൺലൈൻ ആപ് വഴി ഓണക്കിറ്റുകൾ ഓർഡർ ചെയ്യാം. സംസ്ഥാനതലത്തിൽ ബ്രാൻഡ് ചെയ്ത എട്ട് ഉൽപന്നങ്ങളാണ് ഈ ഗിഫ്റ്റ് ഹാംപറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചിപ്സ്, ശർക്കര വരട്ടി, പായസം മിക്സ്, സാമ്പാർ മസാല, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, വെജ് മസാല എന്നിവയടങ്ങിയ കിറ്റിന് 1000 രൂപ വിലയുണ്ടെങ്കിലും ഓണത്തോടനുബന്ധിച്ച് 799 രൂപക്ക് രാജ്യത്തുടനീളം ലഭ്യമാകും.
ഇത് കൂടാതെ, സി.ഡി.എസ് തലത്തിൽ 750 രൂപയുടെ പ്രത്യേക കിറ്റുകളും ലഭിക്കും. ജില്ലയിലെ ജി.എസ്.ടി രജിസ്ട്രേഷനുള്ള കുടുംബശ്രീ സംരംഭങ്ങളുടെ ഉൽപന്നങ്ങളും ഈ കിറ്റുകളിൽ ഉൾപ്പെടുത്തും. ബ്രാൻഡഡ് കറിപൗഡർ കൺസോർട്യം, ചിപ്സ് കൺസോർട്യം എന്നിവയിൽനിന്നുള്ള ഉൽപന്നങ്ങൾ ഈ കിറ്റുകളുടെ പ്രത്യേകതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

