ചെറുതോണിയില്‍ ഓപറേറ്റിങ് സെന്റർ -മന്ത്രി ആന്റണി രാജു
text_fieldsഇടുക്കി: ചെറുതോണിയില്‍ കെ.എസ്.ആര്.ടി.സിയുടെ ഓപ്പറേറ്റിങ് സെന്ററും യാത്രാ ഫ്യുവല്‍ സ്റ്റേഷനും ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മോട്ടോര്‍ വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്ത് 'വാഹനീയം' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചെറുതോണിയില്‍ നിര്‍മാണം പുരോഗമിക്കുന്ന സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമായിരിക്കും ഓപ്പറേറ്റിങ് സെന്റർ.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഓപ്പറേറ്റിങ് സെന്ററുകള്‍ക്ക് ആവശ്യമുയര്‍ന്നിട്ടുണ്ടെങ്കിലും സാമ്പത്തിക സാഹചര്യം മൂലം പുതുതായി ഒരിടത്തും തുറന്നിട്ടില്ല. ഇടുക്കി മണ്ഡലത്തിലെ സവിശേഷ സാഹചര്യം പരിഗണിച്ചാണ് ആദ്യ ഓപ്പറേറ്റിങ് സെന്റര്‍ ചെറുതോണിയില്‍ തുറക്കുന്നത്.
ജില്ല പഞ്ചായത്ത് സ്ഥലം വിട്ടുകൊടുക്കുന്ന മുറക്ക് ഓപ്പറേറ്റിങ് സെന്റര്‍ നിര്‍മാണത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഓപ്പറേറ്റിങ് സെന്റര്‍ നിര്‍മിക്കാനുള്ള തുക എം.എല്‍.എ ഫണ്ടില്‍ നിന്ന് നല്‍കാമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. പൊതുമേഖല എണ്ണക്കമ്പനികളുമായി സഹകരിച്ചാണ് യാത്ര ഫ്യുവല്‍ സ്റ്റേഷന് ആരംഭിക്കുന്നത്. ഇത്തരം 13 സ്റ്റേഷനുകള്‍ നിലവില്‍ കെ.എസ്.ആര്.ടി.സി ആരംഭിച്ചിട്ടുണ്ട്.
ഈ മാസം അവസാനം തിരുവനന്തപുരത്ത് മന്ത്രി റോഷി അഗസ്റ്റിൻ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ജില്ലയിലെ യാത്രാക്ലേശം പരിഹരിക്കാൻ നടപടി സ്വീകരിക്കും. നിലച്ചുപോയ കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ പുനരാരംഭിക്കണോ പുതിയ സര്‍വീസുകള്‍ തുടങ്ങണോ തുടങ്ങിയ കാര്യങ്ങളും ചര്‍ച്ച ചെയ്യും. മന്ത്രി ആന്റണി രാജു മന്ത്രി റോഷി അഗസ്റ്റിനൊപ്പം നിര്‍മാണം നടക്കുന്ന സ്വകാര്യ ബസ്റ്റാന്‍ഡ് പരിസരം രാവിലെ സന്ദർശിച്ചിരുന്നു.
321പരാതി തീർപ്പാക്കി
'വാഹനീയം' അദാലത്തില്‍ ലഭിച്ച 335 പരാതികളില്‍ 321ഉം മന്ത്രി നേരിട്ട് തീര്‍പ്പാക്കി. തീര്‍പ്പാക്കാനുള്ള 14 പരാതികള്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് തീര്‍പ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. കള്ള ടാക്സിയായി ഓടുന്ന വാഹനങ്ങളെക്കുറിച്ചും പരാതികള്‍ ലഭിച്ചു. പുതിയ ബസുകള്‍ വേണമെന്ന ആവശ്യവും മീറ്റര്‍ ചാര്‍ജിനെക്കാള്‍ കൂടുതല്‍ തുക ഈടാക്കുന്നതിനെക്കുറിച്ചും പരാതി ഉണ്ടായി.
ഇടുക്കി ആര്.ടി ഓഫിസില്‍ നിന്ന് 152ഉം വണ്ടിപ്പെരിയാറിലെ 29ഉം തൊടുപുഴയിലെ 52ഉം ദേവികുളത്തെ 40ഉം ഉടുമ്പഞ്ചോലയിലെ 48ഉം പരാതികൾ പരിഹരിച്ചു.13 ജില്ലകളിലായി നടത്തിയ അദാലത്തുകളിലെ വിവരങ്ങള്‍ അടങ്ങിയ പുസ്തകം മന്ത്രി ആന്റണി മന്ത്രി റോഷി അഗസ്റ്റിന് നല്കി പ്രകാശനം ചെയ്തു. നികുതി സംബന്ധമായ വിഷയങ്ങള്‍, ദീര്‍ഘകാലമായി തീര്‍പ്പാക്കാത്ത ഫയലുകള്‍, ചെക്ക് റിപ്പോര്‍ട്ടുകള്‍, നികുതി കുടിശിക, പിഴത്തുക തുടങ്ങിയവയായിരുന്നു പരിഹരിക്കപ്പെട്ട പരാതികള്‍. ഇടുക്കി ആര്.ടി ഓഫിസും അതിന് കീഴിലുള്ള തൊടുപുഴ, ദേവികുളം, ഉടുമ്പന്‍ചോല, വണ്ടിപ്പെരിയാര്‍ ഓഫിസുകളും സംയുക്തമായാണ് അദാലത്ത് സംഘടിപ്പിച്ചത്.
കലക്ടര്‍ ഷീബ ജോര്‍ജ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ജില്ല പഞ്ചായത്ത് അംഗം കെ.ജി. സത്യന്, ഗ്രാമപഞ്ചായത്ത് അംഗം നിമ്മി ജയന്, അഡീഷനല്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ പി.എസ്. പ്രമോജ് ശങ്കര്‍, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ഷാജി മാധവന് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

