കൂവപ്പള്ളി ബസപകടം: യാത്രക്കാരെ പുറത്തെടുത്തത് ചില്ല് തകർത്ത്
text_fieldsശനിയാഴ്ച രാത്രി കൂവപ്പള്ളിക്ക് സമീപം നിയന്ത്രണംവിട്ട് മറിഞ്ഞ ടൂറിസ്റ്റ് ബസ്
മൂലമറ്റം: ശനിയാഴ്ച രാത്രി കൂവപ്പള്ളിയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ പുറത്തെടുത്തത് വാഹനത്തിന്‍റെ ചില്ല് തകർത്ത്. കൂവപ്പിള്ളി സ്വദേശി നെല്ലിപ്പിള്ളി ബിജു ജോസഫാണ് കല്ല് ഉപയോഗിച്ച് ഗ്ലാസ് തകർത്തത്. പൊട്ടിച്ചിതറിയ ചില്ല് കഷണങ്ങൾ തെറിച്ച് ബിജുവിന്‍റെ കൈ മുറിഞ്ഞു. കൈയിൽ ഏഴ് തുന്നിക്കെട്ട് വേണ്ടിവന്നു. ബസ് യാത്രികരായ 12പേർക്കും പരിക്കേറ്റിരുന്നു.
നിയന്ത്രണംവിട്ട ബസ് മറിഞ്ഞപ്പോൾ തെറിച്ചുവീണും മറ്റുമാണ് യാത്രക്കാർക്ക് പരിക്കേറ്റത്. പെരുമ്പാവൂർ വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ അംഗൻവാടി ജീവനക്കാരും കുടുംബവും സഞ്ചരിച്ച ബസാണ് കൂവപ്പള്ളി എസ് വളവിന് സമീപം ശനിയാഴ്ച രാത്രി അപകടത്തിൽപെട്ടത്. ബസിൽ 40 യാത്രക്കാർ ഉണ്ടായിരുന്നു. ബസ് വൈദ്യുതി തൂണിൽ ഇടിച്ച് റോഡിൽ തന്നെ മറിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. അവിടെനിന്ന് തെന്നിമാറിയാൽ 15 അടിയോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
ദിവസവും നൂറുകണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന കാഞ്ഞാർ-പുള്ളിക്കാനം റോഡിൽ അപകടം പതിവാണ്. റോഡിന് പലസ്ഥലത്തും ആവശ്യത്തിന് വീതിയില്ല. ഭൂരിഭാഗം പ്രദേശങ്ങളും പാറക്കെട്ടുകളും കൊക്കകളുമാണ്. നിരന്തര അപകട മേഖലയായിട്ടും വഴിവിളക്കുകളും ആവശ്യത്തിന് സൂചന ബോർഡുകളും ക്രാഷ് ബാരിയറുകളും സ്ഥാപിച്ചിട്ടില്ല. അപകടം ഉണ്ടായാൽ ഫയർഫോഴ്സും പൊലീസും മറ്റും എത്തുമ്പോൾ മണിക്കൂറുകൾ കഴിയും.
ആശുപത്രി ബില്ലിന്റെ പണംനൽകി എസ്.ഐ
അപകടം നടന്ന ഉടൻ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയ ബിജു ജോസഫിന്റെ ചികിത്സക്ക് ചെലവായ പണംനൽകിയത് കാഞ്ഞാർ എസ്.ഐ ജിബിൻ തോമസ്. സ്വകാര്യ ആശുപത്രിയിൽ 1700 രൂപയാണ് ബില്ലായത്. എന്നാൽ, ബിജുവിന്‍റെ കൈവശം പണമുണ്ടായിരുന്നില്ല. ഇതുകണ്ട് സ്ഥലത്തുണ്ടായിരുന്ന സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ സാനു ആശുപത്രി അധികൃതരോട് പണം താൻ തന്നുകൊള്ളാമെന്ന് പറഞ്ഞു.
എന്നാൽ എ.എസ്.ഐ പോയി കഴിഞ്ഞപ്പോൾ അധികൃതർ ബിജുവിനോട് വീണ്ടും പണം ആവശ്യപ്പെട്ടു. ഗത്യന്തരമില്ലാതെ ആശുപത്രിയിൽ കണ്ട ഒരാളോട് കടംവാങ്ങി 1700രൂപ അടച്ചശേഷമാണ് വീട്ടിൽ പോകാനായത്. സംഭവമറിഞ്ഞ് കാഞ്ഞാർ എസ്.ഐ ബിജുവിന്‍റെ വീട്ടിലെത്തി പണംനൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

