കോച്ചേരിക്കടവുകാർക്ക് ആശ്രയം ഇല്ലിപ്പാലം തന്നെ
text_fieldsകോച്ചേരിക്കടവിലെ ഇല്ലിപ്പാലം കടക്കുന്ന നാട്ടുകാരൻ
പൂമാല: നാളിയാനി കോച്ചേരിക്കടവിൽ വടക്കാനറിന് കുറുകെ പാലം പണിയാൻ ട്രൈബൽ വകുപ്പിൽനിന്ന് 52.2 ലക്ഷം രൂപ അനുവദിച്ചിട്ടും പണി തുടങ്ങാനായില്ല. സ്ഥലം സംബന്ധിച്ച ആശയക്കുഴപ്പമാണ് തടസ്സം.
പാലം പണിയുന്ന സ്ഥലം ഗോത്രവർഗ സംരക്ഷിത ഭൂമിയിലാണോ വനാവകാശ നിയമപ്രകാരം ഗോത്രവിഭാഗങ്ങൾക്ക് കിട്ടിയ ഭൂമിയാണോ എന്ന് വ്യക്തത വരുത്താൻ ആവശ്യപ്പെട്ട് റവന്യൂ വകുപ്പിന് നൽകിയ കത്തിന് ഇതുവരെ മറുപടി ലഭിച്ചില്ല. മറുപടി ലഭിച്ചാൽ മാത്രമേ വിവരങ്ങൾ പരിവേഷ് പോർട്ടലിൽ അപ്ലോഡ് ചെയ്ത് വനം പരിസ്ഥിതി മന്ത്രാലയത്തിൽനിന്ന് എൻ.ഒ.സി വാങ്ങാൻ കഴിയൂ.
ട്രൈബൽ വകുപ്പ് 32,000 രൂപ എൻ.ഒ.സി ലഭിക്കാൻ പരിവേഷ് പോർട്ടൽ വഴി അടിച്ചിട്ടുണ്ട്. അർജുൻ പാണ്ഡ്യൻ ഐ.എ.എസ് ജില്ല വികസന കമീഷണർ ആയിരുന്നപ്പോഴാണ് നാളിയാനി കോച്ചേരിക്കടവിൽ വടക്കാനറിനു കുറുകെ പാലം പണിയാൻ 52.2 ലക്ഷം രൂപ അനുവദിപ്പിച്ചത്.
വടക്കാനാറിന്റെ ഇരുകരയിലും താമസിക്കുന്ന കുടുംബങ്ങളുടെ യാത്രാദുരിതം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നായിരുന്നു ജില്ല വികസന കമീഷണറുടെ ഇടപെടൽ. മഴ കനത്താൽ വടക്കാനാർ കരകവിയും. പിന്നീട് പുറംലോകവുമായി ബന്ധംസ്ഥാപിക്കാൻ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങണം.
പലപ്പോഴും രോഗികളെയും മറ്റും ചുമലിൽ തങ്ങിയും പുഴ നീന്തിയുമാണ് ആശുപത്രിയിൽ എത്തിച്ചിരുന്നത്. വനം വകുപ്പ് എൻ.ഒ.സി നൽകാൻ തയാറാണ്. എന്നാൽ, ആവശ്യമായ റിപ്പോർട്ട് നൽകാൻ റവന്യൂ വകുപ്പും ട്രൈബൽ വകുപ്പും നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. ഇതോടെ രണ്ട് വർഷമായി മുടങ്ങിക്കിടക്കുന്ന പാലം പണി എന്നു തുടങ്ങുമെന്ന് പറയാൻ കഴിയാത്ത അവസ്ഥയാണ്. മുമ്പ് പാലം പണിയാൻ തുടങ്ങിയപ്പോൾ വനം വകുപ്പ് തടഞ്ഞു. എൻ.ഒ.സി ഇല്ലെന്നതാണ് കാരണം.
പിന്നീട് നാട്ടുകാർ നിരന്തരം കോതമംഗലം ഡി.എഫ്.ഒ ഓഫിസിൽ എൻ.ഒ.സിക്കായി കയറിയിറങ്ങി. ഒടുവിൽ വനം വകുപ്പ് എൻ.ഒ.സി നൽകാൻ നടപടി തുടങ്ങി. പക്ഷേ, ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ആശയക്കുഴപ്പം ഒഴിവാക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

