ട്രാക്കിൽ കുതിക്കണം താരങ്ങൾക്ക്; കനിയണം അധികൃതർ
text_fieldsതൊടുപുഴ: സംസ്ഥാന സ്കൂൾ കായികമേള തൃശൂർ കുന്നുംകുളത്ത് ആവേശം നിറക്കുകയാണ്. റവന്യൂ ജില്ല കായിക മേളയിലെ മികച്ച നേട്ടങ്ങളുമായി ജില്ലയിൽനിന്ന് 182 കായിക താരങ്ങളാണ് മത്സരത്തിനുള്ളത്. ഇത്തവണത്തെ റവന്യൂ ജില്ല കായിക മേളയുടെ ചിത്രം പരിശോധിച്ചാൽ ഇടുക്കിയുടെ പുതുകായിക തലമുറക്ക് വേണ്ടത്ര സൗകര്യം ഒരുക്കുന്നതിൽ വീഴ്ച സംഭവിക്കുന്നുണ്ടെന്ന ആക്ഷേപമാണ് ഉയരുന്നത്.
സ്കൂളുകളിൽ കായിക അഭിരുചിയുള്ള കുട്ടികൾ ഉണ്ടെങ്കിലും പല സ്കൂളുകളിലും സൗകര്യമുള്ള ഗ്രൗണ്ടോ കായിക അധ്യാപകരോ ഇല്ലാത്ത സാഹചര്യമാണ്. പലപ്പോഴും ഒരു സഹായവും ലഭിക്കാതെ സ്വന്തം പ്രയത്നത്തിലും മാതാപിതാക്കളുടെ പിന്തുണയിലുമാണ് മത്സരത്തിനു തയാറെടുക്കുന്നത്.
ജില്ലയിൽ ഒരു സ്കൂളിലും സിന്തറ്റിക് ട്രാക്കില്ല
പരിശീലന സൗകര്യങ്ങളുടെ അഭാവമാണ് പല കുട്ടികളും നേരിടുന്ന പ്രധാന പ്രതിസന്ധി. ചുരുക്കം ചില സ്കൂളുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഭൂരിഭാഗം സ്കൂളുകള്‍ക്കും മെച്ചപ്പെട്ട പരിശീലന ഗ്രൗണ്ടുകളില്ല.
ജില്ലയിൽ ഒരു സ്കൂളിലും സിന്തറ്റിക് ട്രാക്കുകളില്ല. 200 മീറ്റർ ട്രാക്ക് പോലും വിരലിലെണ്ണാവുന്ന ഇടങ്ങളിൽ മാത്രം. മൈതാനങ്ങളില്ലാത്തതും വേണ്ടത്ര സൗകര്യമില്ലാതെ കിടക്കുന്ന മൈതാനങ്ങളും ജില്ലയിലെ സ്കൂളുകളിലുണ്ട്. ഇടുക്കിയിൽ പൊതുകളിക്കളം ഒന്നുപോലുമില്ലാത്ത പഞ്ചായത്തുകളുമുണ്ട്.
കാല്‍വരി എച്ച്.എസ്, കട്ടപ്പന സെന്റ് ജോര്‍ജ്, ഇരട്ടയാര്‍ സെന്റ് തോമസ്, മുതലക്കോടം സെന്റ് ജോര്‍ജ് തുടങ്ങി ഏതാനും സ്കൂളുകള്‍ക്ക് 200 മീറ്റര്‍ ട്രാക്ക് ഒരുക്കാവുന്ന ഗ്രൗണ്ടുണ്ട്. മറ്റു സ്കൂളുകളില്‍ ചെറിയ ഗ്രൗണ്ടുകള്‍ മാത്രമാണുള്ളത്. പലതും മഴക്കാലമാകുന്നതോടെ ചളിക്കുണ്ടാകും. ഇത്തരം ഗ്രൗണ്ടുകളില്പോലും ഓടിയും ചാടിയും പരിശീലനം നടത്തി മേളകളില്‍ മികവുപുലര്‍ത്തുന്ന കുട്ടികളാണ് ജില്ലയിലുള്ളത്.
നെടുങ്കണ്ടത്ത് ജില്ലയിലെ ആദ്യ സിന്തറ്റിക് ട്രാക്ക് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജില്ലയിലെ ഏറ്റവും വിസ്തൃതിയുള്ള സ്റ്റേഡിയത്തിലാണ് ലോകോത്തര നിലവാരത്തില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മാണം പൂര്‍ത്തിയായത്. സ്പോര്‍ട്സ് കൗണ്‍സിൽ നേതൃത്വത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ സ്റ്റേഡിയം കായിക താരങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നത് നീളുകയാണ്. എത്രയും വേഗത്തില്‍ സ്റ്റേഡിയം തുറന്ന് നല്കിയാല് ജില്ലയുടെ കായിക മേഖലക്കു തന്നെ ഇത് മുതല്‍ക്കൂട്ടാകുമെന്നാണ് കായിക പ്രേമികള്‍ പറയുന്നു.
491 സ്കൂളുകൾ; ആകെ 70 കായിക അധ്യാപകർ
ജില്ലയിലെ കായിക അധ്യാപകരുടെ കുറവും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ജില്ലയില്‍ 491 സ്കൂളുകളിലായി ആകെയുള്ളത് 70 കായിക അധ്യാപകരാണ്.
ഇതില്‍ 205 സര്‍ക്കാര്‍ സ്കൂളിലായി 20 കായിക അധ്യാപകരാണ് പരിശീലനം നല്‍കുന്നത്. ബാക്കി 50 കായിക അധ്യാപകര്‍ എയ്ഡഡ്, അണ് എയ്ഡഡ് സ്കൂളുകളിലാണ്. ഈ 70 പേരാണ് ജില്ലയിലെ 99,616 പേര്‍ക്ക് കായിക പരിശീലനം നല്‍കേണ്ടത്. അടിമാലി ഉപജില്ലയില്‍ 17 കായിക അധ്യാപകരാണുള്ളത്. തൊടുപുഴ - 10, കട്ടപ്പന -10, പീരുമേട് -14, നെടുങ്കണ്ടം -ഒമ്പത്, മൂന്നാര്‍ - ആറ്, അറക്കുളം -നാല് എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ കണക്ക്. ഇതില്‍ ഏതാനും പേര് ഈ വര്‍ഷത്തോടെ സര്‍വിസില്‍നിന്ന് വിരമിക്കും.
സര്‍ക്കാര്‍ സ്കൂളുകളില്‍ നിലവില്‍ കായിക അധ്യാപകരുടെ ഒഴിവില്ല. കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് എല്‍.പി, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കായിക അധ്യാപകരുടെ തസ്തികയില്ല. എന്നാല്‍, സ്കൂളുകളില്‍ കായിക അധ്യാപകര്‍ അധിക ജോലി ചെയ്ത് ഇവരെയും പരിശീലിപ്പിക്കുന്നുണ്ട്. ഒരു സ്കൂളില്‍ 500 കുട്ടികളും ഹൈസ്കൂളിലെ എട്ട്, ഒമ്പത് ക്ലാസുകളില്‍ അഞ്ച് ഡിവിഷനും ഉള്ളിടത്താണ് കായിക അധ്യാപക തസ്തിക അനുവദിക്കുന്നത്.
പല സ്കൂളുകളും കായിക അധ്യാപകരായി താൽക്കാലികമായാണ് ആളുകളെ നിയമിക്കുന്നത്. ഈ പരിമിതികളെയെല്ലാം അതിജീവിച്ച് കായിക കേരളത്തിന്റെ കുതിപ്പിൽ പ്രതീക്ഷയേകുന്ന ഒട്ടേറെ പ്രകടനങ്ങളാണ് കായികമേളകളിൽനിന്ന് കാണാൻ കഴിയുന്നത്. ഇവർക്ക് വേണ്ടത്ര സൗകര്യവും പരിശീലനവും നൽകി നാളെയുടെ താരങ്ങളാക്കി മാറ്റാൻ അധികൃതർ മുന്നിട്ടിറങ്ങണമെന്നാണ് കായിക സ്നേഹികൾ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.