ഫേസ്ബുക്ക് പോസ്റ്റ്: എസ്.ഡി.പി.ഐ പ്രവർത്തകൻ അറസ്റ്റിൽ
text_fieldsകട്ടപ്പന: മതസ്പർധ പരത്തുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന പേരിൽ എസ്.ഡി.പി.ഐ പ്രവർത്തകനെ അറസ്റ്റ് ചെയ്തു. കള്ളക്കേസ് ചമച്ച് അറസ്റ്റ് ചെയ്തെന്നാരോപിച്ച് പോപുലർ ഫ്രണ്ട് പ്രവർത്തകർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു.
കട്ടപ്പനയിൽ മൊബൈൽ ഷോപ് നടത്തുന്ന കൊല്ലംപറമ്പിൽ ഉസ്മാനെ (41) ആണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്. സൈബർ സെല്ലിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു അറസ്റ്റ്. തുടർന്ന് പോപുലർ ഫ്രണ്ട് നെടുങ്കണ്ടം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പ്രവർത്തകർ കട്ടപ്പന പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടി മുദ്രാവാക്യം മുഴക്കി.
ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. പിന്നീട് പീരുമേട് കോടതിയിൽ ഹാജരാക്കി. വൈകീട്ട് എസ്.ഡി.പി.ഐ പ്രവർത്തകർ കട്ടപ്പന ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

